ബാർബഡോസ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ടീമിലിടം കണ്ടെത്തിയില്ല. വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ കളിക്കും. ഇന്ത്യയ്ക്ക് വേണ്ടി പേസ് ബൗളർ മുകേഷ് കുമാർ അരങ്ങേറ്റം കുറിക്കും.

രോഹിത് ശർമ നയിക്കുന്ന ടീമിൽ ബാറ്റർമാരായി ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരുണ്ട്. ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദൂൽ ഠാക്കൂർ എന്നിവർ ഓൾ റൗണ്ടർമാരാണ്. മുകേഷ് കുമാർ, ഉംറാൻ മാലിക്, കുൽദീപ് യാദവ് എന്നിവരാണ് ബൗളിങ് നിരയിലുള്ളത്. ഉംറാൻ മാലിക് അപ്രതീക്ഷിതമായാണ് ടീമിലിടം നേടിയത്. നാല് പേസർമാരും രണ്ട് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

വിൻഡീസിനെതിരേ തുടർച്ചയായ 13-ാം പരമ്പരവിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്‌ക്കെതിരേ വിൻഡീസ് അവസാനമായി പരമ്പര ജയിച്ചത് 2006-ലാണ്. വിൻഡീസ് നിരയെ വിക്കറ്റ് കീപ്പർ ബാറ്ററായ ഷായ് ഹോപ്പാണ് നയിക്കുന്നത്. കൈൽ മായേഴ്സ്, ഷിംറോൺ ഹെറ്റ്മെയർ, ബ്രാൻഡൺ കിങ്, റോവ്മാൻ പവൽ തുടങ്ങിയ പ്രമുഖർ ടീമിലുണ്ട്.

ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ കരീബിയൻ മണ്ണിൽ ഏകദിന പരമ്പരയും ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഈ വർഷത്തെ ഏകദിന ലോകകപ്പിന് മുമ്പ് നിർണായകമാണ് ഈ പരമ്പര. ഏകദിന ലോകകപ്പ് ടീം സെലക്ഷനിൽ നിർണായകമാണ് വെസ്റ്റ് ഇൻഡീസിന് എതിരായ പരമ്പര എന്നതിനാൽ പ്ലേയിങ് ഇലവനിൽ ഇല്ലാത്തത് സഞ്ജു സാംസണിന് തിരിച്ചടിയാണ്.

ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, ഉംറാൻ മാലിക്, മുകേഷ് കുമാർ.

ടീം വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ്, കൈൽ മായേഴ്സ്, ബ്രാൻഡൺ കിങ്, അലിക് അതനാസെ, ഷിംറോൺ ഹെറ്റ്മെയർ, റൊമാരിയോ ഷെപ്പേർഡ്, യാന്നിക് കാരിയ, റോവ്മാൻ പവൽ, ഡൊമിനിക്ക് ഡ്രേക്ക്സ്, ജെയ്ഡൻ സീൽസ്, ഗുഡുകേഷ് മോട്ടി.