- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധ സെഞ്ചുറിയുമായി അവസരം മുതലാക്കി ഇഷാൻ കിഷൻ; നാല് വിക്കറ്റുമായി കുൽദീപും; രോഹിത് ഇറങ്ങിയത് ഏഴാമനായി; കോലി കാഴ്ചക്കാരനായി; വിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
ബാർബഡോസ്: ലോകകപ്പിന്റെ മുന്നൊരുക്കമെന്ന നിലയിൽ വെസ്റ്റ് ഇൻഡീസിന് എതിരായ ആദ്യ ഏകദിനത്തിൽ ലഭിച്ച അവസരം മുതലാക്കി ഇഷാൻ കിഷനും കുൽദീപ് യാദവും. അർധ സെഞ്ചുറിയുമായി ഇഷാനും നാല് വിക്കറ്റ് പ്രകടനവുമായി കുൽദീപും തിളങ്ങിയ മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ അനായാസ ജയം. ബൗളിംഗിൽ മൂന്ന് ഓവറിൽ 6 റൺസിന് നാല് വിക്കറ്റുമായി കുൽദീപ് യാദവ് തിളങ്ങിയപ്പോൾ ബാറ്റിംഗിൽ 46 പന്തിൽ 52 റൺസുമായി ഇഷാൻ കിഷൻ താരമായി. 115 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി 22.5 ഓവറിലാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.
ബാറ്റിങ് ഓർഡറിൽ വൻ പരീക്ഷണം നടന്ന ആദ്യ ഏകദിനത്തിൽ ഓപ്പണറും നായകനുമായ രോഹിത് ശർമ്മ ഏഴാമനായാണ് ക്രീസിലെത്തിയത്. റൺമെഷീൻ വിരാട് കോലി ക്രീസിലിറങ്ങിയില്ല. മറ്റ് താരങ്ങൾക്ക് ബാറ്റിംഗിന് അവസരം കൊടുക്കുകയായിരുന്നു ഇരുവരും. എന്നാൽ ഈ പരീക്ഷണം പാളാതെ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.
മറുപടി ബാറ്റിംഗിൽ നായകൻ രോഹിത് ശർമ്മ സ്വയം മാറി ഇഷാൻ കിഷന് ഓപ്പണിംഗിൽ ശുഭ്മാൻ ഗില്ലിനൊപ്പം അവസരം കൊടുത്തു. എന്നാൽ ഗില്ലിന്റെ(16 പന്തിൽ 17) ഇന്നിങ്സ് നാല് ഓവറിനപ്പുറം നീണ്ടില്ല. ജെയ്ഡൻ സീൽസിന്റെ പന്തിൽ സ്ലിപ്പിൽ ബ്രാണ്ടൻ കിംഗിനായിരുന്നു ക്യാച്ച്. മൂന്നാം നമ്പറിലും രോഹിത് ക്രീസിലെത്തിയില്ല. പകരമെത്തിയ സൂര്യകുമാർ യാദവ്(25 പന്തിൽ 19) നന്നായി തുടങ്ങിയെങ്കിലും ഗുഡകേഷ് മോട്ടീയെ സ്വീപ് കളിക്കാൻ ശ്രമിച്ച് എൽബിയിൽ മടങ്ങി.
നാലാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ 7 പന്തിൽ 5 റണ്ണെടുത്ത് പുറത്തായി. അർധസെഞ്ചുറി നേടിയ ഇഷാൻ കിഷനെയും(46 പന്തിൽ 52) മോട്ടീ മടക്കി. 4 പന്തിൽ 1 റണ്ണുമായി ഷർദുൽ ഠാക്കൂറും മടങ്ങി. രവീന്ദ്ര ജഡേജയും(16*), രോഹിത് ശർമ്മയും(12*) കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ ജയിപ്പിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ 23 ഓവറിൽ 114 റൺസിൽ തളയ്ക്കുകയായിരുന്നു ഇന്ത്യൻ ബൗളിങ് നിര. ടീം ഇന്ത്യക്കായി കുൽദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും ഹാർദിക് പാണ്ഡ്യയും മുകേഷ് കുമാറും ഷർദുൽ താക്കൂറും ഓരോ വിക്കറ്റും നേടി. നായകൻ ഷായ് ഹോപ് മാത്രമാണ് വിൻഡീസിനായി പൊരുതിനോക്കിയത്. 3 ഓവറിൽ 6 റൺസ് മാത്രം വിട്ടുകൊടുത്താണ് കുൽദീപിന്റെ നാല് വിക്കറ്റ് നേട്ടം.
വിൻഡീസ് ഇന്നിങ്സിലെ ആദ്യ മൂന്ന് വിക്കറ്റുകൾ ഇന്ത്യൻ പേസർമാരും അവശേഷിച്ച ഏഴ് വിക്കറ്റുകൾ സ്പിന്നർമാരും സ്വന്തമാക്കി. കെയ്ൽ മെയേഴ്സിനെ(9 പന്തിൽ 2) ഹാർദിക് പാണ്ഡ്യയും എലിക് അഥാൻസയെ(18 പന്തിൽ 22) അരങ്ങേറ്റക്കാരൻ മുകേഷ് കുമാറും ബ്രാണ്ടൻ കിംഗിനെ(23 പന്തിൽ 17) ഷർദുൽ താക്കൂറും തുടക്കത്തിലെ പറഞ്ഞയച്ചു. ഇതിന് ശേഷം സ്പിന്നർമാരായ രവീന്ദ്ര ജഡേജയും കുൽദീപ് യാദവും വിൻഡീസിനെ കറക്കിവീഴ്‌ത്തുന്നതാണ് കണ്ടത്. ഷിമ്രോൻ ഹെറ്റ്മെയർ(19 പന്തിൽ 11), റോവ്മാൻ പവൽ(4 പന്തിൽ 4), റൊമാരിയ ഷെഫോർഡ്(2 പന്തിൽ 0) എന്നിവരെ ജഡേജയും ഡൊമിനിക്ക് ഡ്രാക്സ്(5 പന്തിൽ 3), യാന്നിക് കാരിയ(9 പന്തിൽ 3), ഷായ് ഹോപ്(45 പന്തിൽ 43), ജെയ്ഡൻ സീൽസ്(3 പന്തിൽ 0) എന്നിവരെ കുൽദീപും പുറത്താക്കി.
സ്പോർട്സ് ഡെസ്ക്