- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ഫാസ്റ്റ് ബൗളർ; മുന്നിൽ സഹതാരമായ ജെയിംസ് ആൻഡേഴ്സൻ മാത്രം; വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലിഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്; ആഷസ് ടെസ്റ്റ് അവസാന മത്സരം
ലണ്ടൻ: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് പുരോഗമിക്കുന്നതിനിടെ ആരാധകരെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി ഇംഗ്ലിഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്. മുപ്പത്തിയേഴുകാരനായ ബ്രോഡ്, ഇംഗ്ലണ്ടിനു വേണ്ടി 167 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 602 വിക്കറ്റുകൾ നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള തിരുമാനം പെട്ടെന്ന് എടുത്തതാണെന്നും ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരമാണ് അതിന് അനുയോജ്യമെന്ന് കരുതുന്നതായും ബ്രോഡ് പറഞ്ഞു.
ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച പേസർമാരിൽ ഒരാളായ ബ്രോഡ് കരിയറിൽ 167 ടെസ്റ്റിൽ നിന്ന് 602 വിക്കറ്റ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ഫാസ്റ്റ് ബൗളറാണ്. ഇപ്പോൾ നടക്കുന്ന ആഷസ് പരമ്പരയിൽ ഒരിന്നിങ്സ് ബാക്കിനിൽക്കേ ബ്രോഡ് 20 വിക്കറ്റ് നേടിയിട്ടുണ്ട്.
2006ൽ പാക്കിസ്ഥാനെതിരെയുള്ള ട്വന്റി20 പരമ്പരയിലൂടെയാണ് ബ്രോഡ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2007ലെ ട്വന്റി20 ലോകകപ്പിൽ യുവരാജ് സിങ് ഒരോവറിലെ 6 പന്തിലും സിക്‌സറടിച്ചപ്പോൾ മറുഭാഗത്ത് ബോളെറിഞ്ഞത് ബ്രോഡായിരുന്നു. 56 മത്സരങ്ങളിൽനിന്ന് 65 വിക്കറ്റാണ് ബ്രോഡിന്റെ ട്വന്റി20 കരിയറിലെ സമ്പാദ്യം. 2010ലെ ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലീഷ് ടീമിന്റെ ഭാഗമായിരുന്നു. ഏകദിനത്തിൽ 121 മത്സരങ്ങളിൽനിന്് 178 വിക്കറ്റ് നേടിയിട്ടുണ്ട്.
2007 ഡിസംബറിൽ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു അരങ്ങേറ്റം. കഴിഞ്ഞയാഴ്ച നാലാം ആഷസ് ടെസ്റ്റിലാണ് 37കാരനായ ബ്രോഡ് 600 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളർ എന്ന നേട്ടം സ്വന്തമനാക്കിയത്. ഓസ്ട്രേലിയക്കെതിരെ മാത്രം 151 വിക്കറ്റ് നേടിയിട്ടുണ്ട്. 2015ൽ ഓസ്ട്രേലിയക്കെതിരെ ട്രെന്റ് ബ്രിഡ്ജിൽ 15 റൺസിന് എട്ട് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 2011ൽ ഇന്ത്യക്കെതിരെ 5.1 ഓവറിൽ 5 റൺസിന് 5 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്.
600ലേറെ ടെസ്റ്റ് വിക്കറ്റ് നേടുന്ന നാലാമത്തെ താരമാണ് ബ്രോഡ്. ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റു നേടിയവരുടെ പട്ടികയിൽ രണ്ടാമനാണ് ബ്രോഡ്. സഹകളിക്കാരൻ ജയിംസ് ആൻഡേഴ്‌സനാണ് ഒന്നാമത്. കഴിഞ്ഞയാഴ്ച ആഷസിൽ മാത്രം 150 വിക്കറ്റ് തികയ്ക്കാനും ബ്രോഡിനായി. ആഷസിൽ 8 തവണ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്