- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പ് ടീമിനായി 'പരീക്ഷണം'; മികവ് തെളിയിക്കാൻ ലഭിച്ച അവസരം തുലച്ച് സഞ്ജു; പന്തിന്റെ ഗതിയറിയാതെ സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങിയത് 9 റൺസുമായി; രണ്ടാം അർധ സെഞ്ചുറിയുമായി ഇഷാൻ കിഷനും; മൂന്നാം ഏകദിനം വിധി നിർണയിക്കും
ബാർബഡോസ്: ഏകദിന ലോകകപ്പിന്റെ മുന്നൊരുക്കമെന്ന നിലയിൽ വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം മത്സരത്തിൽ അവസരം ലഭിച്ചിട്ടും മുതലാക്കാൻ ശ്രമിക്കാതെ സഞ്ജു സാംസൺ മോശം പ്രകടനം കാഴ്ചവച്ചതോടെ ആരാധകർ നിരാശയിൽ. സാമൂഹ്യ മാധ്യമങ്ങളിലടക്കം ആരാധകർ മലയാളി താരത്തിന് ടീമിൽ അവസരം ലഭിക്കാനായി നിരന്തരം സമ്മർദ്ദം ഉയർത്തിയിരുന്നു. ആദ്യ ഏകദിനത്തിൽ ഉൾപ്പെടുത്താതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ നിലനിൽക്കെയാണ് ഇത്തവണ അവസരം നൽകിയത്.
ക്യാപ്റ്റൻ രോഹിത് ശർമ, മുൻ നായകൻ വിരാട് കോലി എന്നിവർക്ക് വിശ്രമം നൽകിയാണ് ടീം മാനേജ്‌മെന്റ് സഞ്ജുവിനെ അവസാന ഇലവനിൽ ഉൾപ്പെടുത്തിയത്. എന്നാൽ 19 പന്തുകൾ നേരിട്ട് വെറും 9 റൺസ് മാത്രം നേടിയ സഞ്ജു ആരാധകരെയും മാനേജ്‌മെന്റിനെയും ഒരുപോലെ നിരാശരാക്കി. കോലി സ്ഥിരമായി ഇറങ്ങുന്ന വൻഡൗൺ പൊസിഷൻ പോലും സഞ്ജുവിനായി നൽകുകയും ചെയ്തിരുന്നു. ഓപ്പണർമാർ മികച്ച തുടക്കം നൽകിയ ശേഷമാണ് സഞ്ജു ക്രീസിൽ എത്തിയത്.
ഓപ്പണറായ ശുഭ്മാൻ ഗിൽ (34) പുറത്തായ ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്. 19 പന്തുകൾ നേരിട്ട താരത്തിന് ഒരു ബൗണ്ടറി പോലും നേടാൻ സാധിച്ചതുമില്ല. സഞ്ജു ക്രീസിൽ നിൽക്കുന്നതിനിടെ ഇഷാൻ കിഷൻ (55), അക്സർ പട്ടേൽ (1), ഹാർദിക് പാണ്ഡ്യ (7) എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു.
ടീം സമ്മർദ്ദത്തിൽ നിൽക്കുന്ന ഘട്ടത്തിൽ രക്ഷകന്റെ റോൾ ഏറ്റെടുക്കേണ്ടിയിരുന്ന സഞ്ജുവാകട്ടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. യാനിക് കറിയയുടെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങുന്നത്. പന്തിന്റെ ഗതി മനസിലാക്കുന്നതിൽ സഞ്ജു പരാജയപ്പെടുകയായിരുന്നു.
Sanju Samson had a short stay in the middle.
- FanCode (@FanCode) July 29, 2023
.
.#INDvWIAdFreeonFanCode #INDvWI pic.twitter.com/uHLCh08YM3
വിൻഡീസ് ബോളർമാരുടെ കുത്തിത്തിരിയുന്ന പന്തുകൾക്കു മുന്നിൽ വിയർക്കുന്ന സഞ്ജുവിനെയാണ് കഴിഞ്ഞ മത്സരത്തിൽ കാണാനായത്. സ്പിന്നർ യാനിക് കരിയയുടെ ലെഗ് ബ്രേക്കിൽ ഫസ്റ്റ് സ്ലിപ്പിൽ ബ്രണ്ടൻ കിങ്ങിന്റെ കൈകളിൽ ആ ഇന്നിങ്‌സ് അവസാനിച്ചു. വളരെ നിസാരമായ ക്യാച്ച്. പന്തിന്റെ ഗതി മനസ്സിലാക്കുന്നതിൽ സഞ്ജു പൂർണമായും പരാജയപ്പെട്ടു. കുത്തിത്തിരിഞ്ഞതിനൊപ്പം വന്ന എക്‌സ്ട്രാ ബൗൺസിൽ, ബാറ്റ് ബോളിങ് ലൈനിൽനിന്ന് പിൻവലിക്കാനും താരത്തിനായില്ല.
ലോകകപ്പിനു മുന്നോടിയായി നടക്കുന്ന പരമ്പരയിൽ ലഭിച്ച സുവർണാവസരത്തിലാണ് സഞ്ജു നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച വച്ചത്. വൺഡൗണായി ക്രീസിലെത്തിയ സഞ്ജുവിൽനിന്ന് മികച്ച ഒരു ഇന്നിങ്‌സിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിരുന്നില്ല. ഇനി മൂന്നാം നമ്പരിൽ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടി വരും. ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവരുടെ അഭാവത്തിൽ അടുത്ത മത്സരത്തിൽ സഞ്ജു നാലാമനോ അഞ്ചാമനോ ആയി ടീമിൽ ഇടം ലഭിച്ചാൽ മാത്രമെ ഇനിയൊരു സാധ്യത മുന്നിലുള്ളു.
വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജുവിന് ഒപ്പം പരിഗണിക്കപ്പെടുന്ന ഇഷാൻ കിഷൻ ആകട്ടെ ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങി അർധ സെഞ്ചുറി നേടി മികവ് തെളിയിച്ചു കഴിഞ്ഞു. ബാറ്റിങ് ദുഷ്‌കരമായ പിച്ചിലാണ് ഇഷാന്റെ മികച്ച പ്രകടനം എന്നതിനാൽ താരം മേൽക്കൈ നേടിക്കഴിഞ്ഞു. കെ എൽ രാഹുൽ ടീമിൽ മടങ്ങിയെത്തിയാലും വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് തന്റെ അവകാശവാദം ഉന്നയിക്കാൻ രണ്ട് ഇന്നിങ്‌സുകളിലൂടെ ഇഷാന് സാധിക്കും.
രണ്ടാം മത്സരത്തിൽ ഓപ്പണർമാരായ ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ എന്നിവർക്ക് മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ എന്നതും ശ്രദ്ധേയം. മധ്യനിരയിൽ സൂര്യകുമാർ യാദവ് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഏറെ ആയുസ്സുണ്ടായിരുന്നില്ല. അക്‌സർ പട്ടേലും നായകൻ ഹാർദിക് പാണ്ഡ്യയും രണ്ടക്കം കാണാതെ പുറത്തായി. പ്രതിസന്ധി ഘട്ടങ്ങളിൽ രക്ഷകനാകാറുള്ള ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും 10 റൺസുമായി പുറത്തായി. ടീമിലെ ഭൂരിഭാഗം താരങ്ങളും പരാജയപ്പെട്ട മത്സരത്തിലെ മോശം ഇന്നിങ്‌സ് അവഗണിച്ച്, സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.
ലോകകപ്പിനു മുൻപ് ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരമായാണ്, വിൻഡീസിനെതിരായ പരമ്പരയെ പരിശീലകൻ രാഹുൽ ദ്രാവിഡ് വിശേഷിപ്പിക്കുന്നത്. ഏഷ്യാ കപ്പിനു മുന്നോടിയായി അന്തിമ ടീമിനെ സജ്ജമാക്കണം. രോഹിത്തിനെയും കോലിയെയും പുതിയ പരീക്ഷണങ്ങൾക്കായാണ് മാറ്റിനിർത്തിയതെന്നും ദ്രാവിഡ് വ്യക്തമാക്കി. ബാറ്റു ചെയ്യാൻ എളുപ്പമുള്ള പിച്ചല്ല ബ്രിജ്ടൗണിലേത്. എന്നാൽ എല്ലാവർക്കും അവസരം നൽകുകയെന്നത് പ്രധാനമാണ്. 230 - 240 റൺസ് നേടിയാൽ പോലും വലിയ സ്‌കോർ ആവുമായിരുന്നു എന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.
സ്പോർട്സ് ഡെസ്ക്