- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇന്ത്യ തോറ്റത് കോലിയും രോഹിത്തും കളിക്കാത്തതിനാൽ'; സഞ്ജു സാംസൺ അടക്കം പാഴാക്കിയത് സുവർണാവസരം; ദ്രാവിഡിനെ പുറത്താക്കണമെന്ന് ആരാധകർ; ലോകകപ്പിനായി ബാക്ക്ആപ് താരങ്ങളെ കണ്ടെത്താനുള്ള പരീക്ഷണം; ദ്രാവിഡിന്റെ വാക്കുകൾ കേൾക്കണം
മുംബൈ: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടീം ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെ പരിശീലകൻ രാഹുൽ ദ്രാവിഡിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആരാധകർ. രോഹിത് ശർമയേയും വിരാട് കോലിയേയും കളിപ്പിക്കാതിരുന്നതും ബാറ്റിങ് ഓർഡറിൽ നടത്തിയ പരീക്ഷണങ്ങളുമാണ് പരാജയത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ദ്രാവിഡിനെ പുറത്താക്കണമെന്ന് ആരാധകർ ആവശ്യപ്പെടുന്നത്.
ലോകകപ്പിന് മുമ്പ് മികച്ച ടീം കോമ്പിനേഷൻ ഉറപ്പിക്കാൻ ടീം മാനേജ്മെന്റ് നടത്തിയ പരീക്ഷണങ്ങൾ പക്ഷേ ആരാധകർക്ക് ദഹിച്ചിട്ടില്ല. ദ്രാവിഡ് പരിശീലകനായി എത്തിയ ശേഷം ഇന്ത്യ തോറ്റ പരമ്പരകളും ഐ.സി.സി. ടൂർണമെന്റുകളുമടക്കം ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിൽ ആരാധകർ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നത്. ദ്രാവിഡ് ഉൾപ്പെടെയുള്ള മാനേജ്‌മെന്റ് ടീമിൽ അടിക്കടി മാറ്റം വരുത്തുന്നത് പ്രകടനത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
രാഹുൽ ദ്രാവിഡ് കോച്ചായതിനു ശേഷം ഇന്ത്യയ്ക്ക് പ്രധാനപ്പെട്ട നിരവധി ടൂർണമെന്റുകളിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതായി ആരാധകർ പറയുന്നു. 2021, 2022 വർഷങ്ങളിലെ ട്വന്റി20 ലോകകപ്പുകൾ, ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകൾക്കെതിയുള്ള പരമ്പരകൾ എന്നിവയിൽ ടീം പരാജയപ്പെട്ടതായി ഇവർ ചൂണ്ടിക്കാണിക്കുന്നു. കോലിയും രോഹിത്തുമില്ലാതെ നിലവിലെ ടീമിന് മുന്നോട്ടുള്ള പ്രയാണം കഠിനമാകുമെന്നും ഇവർ പറയുന്നു. അനാവശ്യ പരീക്ഷണങ്ങൾ നടത്തുന്ന കോച്ചിനെ മാറ്റണമെന്നും ആരാധകർ ആവശ്യപ്പെട്ടു.
അതേസമയം എന്തുകൊണ്ട് രോഹിത്തിനെയും കോലിയെയും ആദ്യ ഇലവനിൽനിന്ന് മാറ്റി നിർത്തി എന്നതിൽ വിശദീകരണവുമായി ദ്രാവിഡ് രംഗത്തെത്തിയിരുന്നു. ഏഷ്യാ കപ്പിനും ക്രിക്കറ്റ് ലോകകപ്പിനും മുന്നോടിയായി കൂടുതൽ താരങ്ങളെ പരീക്ഷിക്കുന്നതിനുവേണ്ടിയാണ് രോഹിത്തിനും കോലിക്കും വിശ്രമം നൽകിയതെന്ന് ദ്രാവിഡ് പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ ആശങ്കയില്ലെന്നും നിലവിൽ കളിക്കുന്നവർ പ്രതിഭാധനരാണെന്നും ദ്രാവിഡ് വ്യക്തമാക്കി. പരമ്പരയിലെ അവസാന മത്സരം തിങ്കളാഴ്ച നടക്കും.
ഇന്ത്യൻ നിരയിൽ കളിക്കാൻ അവസരം ലഭിച്ച സഞ്ജു സാംസൺ ഉൾപ്പടെയുള്ള താരങ്ങൾ ബാറ്റിംഗിൽ വലിയ നിരാശയാണ് സമ്മാനിച്ചത്. താരങ്ങളുടെ പരിക്ക് മാറിയില്ലെങ്കിൽ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും കളിപ്പിക്കാനുള്ള ബാക്ക്ആപ് താരങ്ങളെ കണ്ടെത്താനുള്ള പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ആ അവസരമാണ് സഞ്ജു സാംസൺ ബാർബഡോസിൽ പാഴാക്കിയത്.
വിൻഡീസിന് എതിരായ രണ്ടാം ഏകദിനം ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെട്ടപ്പോൾ ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലുമായിരുന്നു ഓപ്പണർമാർ. രോഹിത് ശർമ്മയ്ക്ക് പകരം ഓപ്പണറായ ഇഷാൻ കിഷൻ തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റി നേടി. ഇതിന് ശേഷം മൂന്നാം നമ്പറിൽ വിരാട് കോലിയുടെ സ്ഥാനത്ത് എത്തിയ സഞ്ജു സാംസൺ 9 റൺസേ നേടിയുള്ളൂ.
വിരാട് കോലിക്കൊപ്പം രോഹിത് ശർമ്മയും പുറത്തിരുന്നപ്പോൾ ഇന്ത്യ- വിൻഡീസ് രണ്ടാം ഏകദിനത്തിൽ ഹാർദിക് പാണ്ഡ്യയാണ് ടീം ഇന്ത്യയെ നയിച്ചത്. ഇതിനേക്കുറിച്ച് ദ്രാവിഡിന്റെ വാക്കുകൾ ഇങ്ങനെ. 'ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് താരങ്ങളെ പരീക്ഷിക്കാനുള്ള അവസാന അവസരമാണിത്. പരിക്കേറ്റ നമ്മുടെ നാല് താരങ്ങൾ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ്. ഏഷ്യാ കപ്പിനും ലോകകപ്പിനും ദിവസങ്ങൾ അവസാനിക്കുകയാണ്. പരിക്കിലുള്ള ചിലർ ഏഷ്യാ കപ്പിനും ലോകകപ്പിനുമുണ്ടാകും എന്നാണ് പ്രതീക്ഷ. എന്നാൽ റിസ്‌ക് എടുക്കാൻ കഴിയില്ല. അതിനാൽ മറ്റ് താരങ്ങളെ ഇപ്പോൾ കളിപ്പിക്കുകയും പരീക്ഷിക്കുകയും വേണം. പരിക്കേറ്റ താരങ്ങൾക്ക് മടങ്ങിവരാനായില്ലെങ്കിൽ സ്‌ക്വാഡിലുള്ള മറ്റ് താരങ്ങൾക്ക് മത്സരപരിചയം ലഭിക്കാൻ വേണ്ടിയാണിത്. താരങ്ങളുടെ കാര്യത്തിൽ ചില തീരുമാനങ്ങൾ വിൻഡീസ് പരമ്പരയിലൂടെ കൈക്കൊള്ളാം. ഏഷ്യാ കപ്പിന് മുമ്പ് കോലിയെയും രോഹിത്തിനേയും കളിപ്പിക്കുന്നത് എല്ലാത്തിനും ഉത്തരം നൽകില്ല. എൻസിഎയിൽ പരിശീലനത്തിലുള്ള താരങ്ങളുടെ കാര്യത്തിൽ അവ്യക്തത തുടരുന്നതിനാൽ മറ്റ് താരങ്ങളെ പരീക്ഷിച്ചേ മതിയാകൂ' എന്നും ദ്രാവിഡ് വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ഏകദിനത്തിന് ശേഷം വ്യക്തമാക്കി.
സ്പോർട്സ് ഡെസ്ക്