ബാർബഡോസ്: വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ഏകദിനത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും. ഇഷാൻ കിഷൻ സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് തകർത്തപ്പോൾ കൂടെയിറങ്ങിയ ശുഭ്മൻ ഗില്ലും സുപ്രധാനമായ മറ്റൊരു നേട്ടം സ്വന്തമാക്കി. ഏകദിനത്തിലെ ആദ്യ 26 ഇന്നിങ്‌സുകളിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് ഗിൽ നേടിയെടുത്തത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പാക് ബാറ്ററായ ബാബർ അസമിനെയാണ് ഗിൽ മറികടന്നത്.

ബാർബഡോസിൽ ഓപ്പണറായി ഇറങ്ങി 49 പന്തിൽ 34 റൺസുമായി ശുഭ്മാൻ ഗിൽ തകർത്തത് ബാബർ അസമിന്റെ എക്കാലത്തേയും റെക്കോർഡ്. ഏകദിനത്തിൽ ആദ്യ 26 ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ഗിൽ മാറി. 26 ഇന്നിങ്സുകളിൽ 1322 റൺസാണ് ബാബറിന്റെ പേരിലുള്ളത്. അതേസമയം ഗില്ലിന്റെ റൺ സമ്പാദ്യം 1352ലെത്തി.

പാക്ക് ക്യാപറ്റനും ലോക ഒന്നാം നമ്പർ ബാറ്ററുമായ ബാബർ അസമിന്റെ പേരിൽ ഏറെക്കാലമായി ഉണ്ടായിരുന്ന റെക്കോർഡാണ് ഗിൽ സ്വന്തം പേരിലാക്കിയത്. ലോക റാങ്കിങ്ങിൽ നിലവിൽ അഞ്ചാമതാണ് ഗിൽ. ആദ്യ 26 ഇന്നിങ്‌സിൽ ബാബർ നേടിയത് 1322 റൺസാണ്. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ ഗില്ലിന്റെ റൺവേട്ട 1352 ആയി.

ഇംഗ്ലണ്ട് മുൻ താരം ജൊനാഥൻ ട്രോട്ട്(1303), പാക്കിസ്ഥാന്റെ ഫഖർ സമാൻ(1275), ദക്ഷിണാഫ്രിക്കയുടെ റാസീ വാൻ ഡെർ ഡസ്സൻ(1267) എന്നിവരാണ് ഗില്ലിനും ബാബറിനും പിന്നിലുള്ള താരങ്ങൾ. 26 ഏകദിന ഇന്നിങ്സുകളിൽ 61.45 ശരാശരിയിലും 104.89 പ്രഹരശേഷിയിലും നാല് സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറികളും സഹിതമാണ് ഗിൽ 1352 റൺസ് നേടിയത്.

ഇതേ മത്സരത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ പേരിൽ 29 വർഷമായുള്ള റെക്കോഡ് തകർക്കാനും ഇഷാനു സാധിച്ചിരുന്നു. ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഓപ്പണിങ് ബാറ്ററായി ആദ്യ അഞ്ച് ഇന്നിങ്‌സിൽ നേടിയ റൺസിന്റെ റെക്കോർഡാണ് ഇഷാൻ മറികടന്നത്. ആദ്യ അഞ്ച് ഇന്നിങ്‌സിൽ 321 റൺസായിരുന്നു സച്ചിൻ സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ 55 റൺസ് നേടിയതോടെ ഇഷാന്റെ നേട്ടം 348 റൺസായി ഉയർന്നു. 1994ൽ സച്ചിൻ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തകർന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വെസ്റ്റിൻഡീസിനെതിരെ അഹമ്മദാബാദിൽനടന്ന മത്സരത്തിലാണ് ഇഷാൻ കിഷൻ ആദ്യമായി ഓപ്പണറായത്. അന്ന് 28 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നീട് 10 മാസത്തെ കാത്തിരിപ്പിനൊടുവിൽ ബംഗ്ലാദേശിനെതിരെ ഓപ്പണറായ ഇഷാൻ 131 പന്തിൽ 210 റൺസ് അടിച്ചുകൂട്ടി. ഏകദിനത്തിൽ ഇരട്ട സെഞ്ചറി നേടുന്ന പ്രായംകുറഞ്ഞ താരമെന്ന റെക്കോർഡും അന്ന് ഇഷാൻ സ്വന്തമാക്കി. ഇതോടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇരുവരും ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ശുഭ്മാൻ ഗിൽ ചരിത്രം കുറിച്ചെങ്കിലും രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനോട് ആറ് വിക്കറ്റിന്റെ തോൽവി ഇന്ത്യ വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 40.5 ഓവറിൽ 181 റൺസേ നേടാനായുള്ളൂ. 55 റൺസെടുത്ത ഓപ്പണർ ഇഷാൻ കിഷനാണ് ടോപ് സ്‌കോറർ. മലയാളി താരം സഞ്ജു സാംസൺ 9 റൺസിൽ പുറത്തായി. മറുപടി ബാറ്റിംഗിൽ വെസ്റ്റ് ഇൻഡീസ് 36.4 ഓവറിൽ 4 വിക്കറ്റിന് 182 റൺസെടുത്തു. ക്യാപ്റ്റൻ ഷായ് ഹോപ്പും(63*), കീസി കാർട്ടിയും(48*) വിൻഡീസിനായി തിളങ്ങി.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ വിൻഡീസും ജയിച്ചു. പരമ്പര നേടാൻ നാളത്തെ മത്സരത്തിൽ ജയിക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ ഓപ്പണിങ് വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനായെങ്കിലും മധ്യനിര തകർന്നു. ഏഷ്യാക്കപ്പിനു മുന്നോടിയായുള്ള പരമ്പരയിൽ വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.