- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രോഹിത്തും കോലിയും തിരിച്ചെത്തുമ്പോൾ ആരെ പുറത്താക്കും? മികവ് തെളിയിച്ച് ഇഷാൻ കിഷൻ; ഗില്ലിനും ഭീഷണിയില്ല; സഞ്ജുവിനും സൂര്യക്കും അവസാന അവസരം; ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം നാളെ; ഇന്ത്യക്ക് അഭിമാന പോരാട്ടം
ട്രിനിഡാഡ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം നാളെ ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ ഇന്ത്യയുടെ അന്തിമ ഇലവനിൽ മലയാളി താരം സഞ്ജു സാംസൺ ഇടംപിടിക്കുമോ എന്നതിൽ ആരാധകർക്ക് ആകാംഷ. ആദ്യ രണ്ട് ഏകദിനങ്ങളിലെ ബാറ്റിങ് പരീക്ഷണം അവസാനിപ്പിച്ച് ഇന്ത്യ യഥാർത്ഥ ഇലവനുമായി നാളെ ഇറങ്ങുമോ അതോ പരീക്ഷണം തുടരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ക്യാപ്റ്റനായി രോഹിത് ശർമയും മുൻ നായകൻ വിരാട് കോലിയും മൂന്നാം ഏകദിനത്തിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. രോഹിത് തിരിച്ചെത്തിയാൽ ശുഭ്മാൻ ഗില്ലിനൊപ്പം ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. ആദ്യ രണ്ട് ഏകദിനങ്ങളിലും അർധസെഞ്ചുറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് നാളെ വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. മൂന്നാം നമ്പറിൽ വിരാട് കോലിയും കിഷന് വിശ്രമം അനുവദിച്ചാൽ സഞ്ജു സാംസൺ നാലാം നമ്പറിലും ബാറ്റിംഗിനെത്തും.
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുമ്പോൾ ഏകദിന ലോകകപ്പിനുള്ള ടീമിലെത്താൻ മലയാളി താരം സഞ്ജു സാംസണും ടി20യിലെ ഒന്നാം നമ്പർ ബാറ്റർ സൂര്യകുമാർ യാദവിനുമുള്ള അവസാന അവസരമാണിത്. വിൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ഇഷാൻ കിഷനെ ഓപ്പണറാക്കുകയും രണ്ട് മത്സരങ്ങളിലും കിഷൻ അർധസെഞ്ചുറി നേടുകയും ചെയ്തതോടെ ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനം കിഷൻ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്
എന്നാൽ ഒരു മത്സരത്തിൽ മാത്രം അവസരം ലഭിച്ച സഞ്ജുവിന് രണ്ടാം മത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്നതോടെ കടുത്ത സമ്മർദ്ദമാവുകയും ചെയ്തു. ഏകദിന ലോകകപ്പിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമായിരിക്കും ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക എന്ന കാര്യം ഉറപ്പാണ്. ഇഷാൻ കിഷൻ കളിക്കുകയാണെങ്കിലും നാലാം നമ്പറിലോ മധ്യനിരയിലോ കളിക്കാനിടയുള്ളു.
സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലെ കിഷന്റെ പോരായ്മയും ആദ്യ രണ്ട് മത്സരങ്ങളിലും മുഴച്ചു നിന്നുവെങ്കിലും മറ്റ് ബാറ്റർമാരെല്ലാം പരാജയപ്പെട്ടിടത്ത് രണ്ട് അർധസെഞ്ചുറികൾ നേടിയെന്നത് കിഷന് ലോകകപ്പ് ടീമിൽ സ്ജുവിനു മേൽ മുൻതൂക്കം നൽകുന്നു. എന്നാൽ ലോകകപ്പ് ടീമിൽ മധ്യനിരയിൽ കളിക്കേണ്ട കിഷനെ ഓപ്പണറായി കളിപ്പിച്ചതിലൂടെ മറ്റൊരു സന്ദേശം കൂടി രോഹിത് നൽകാൻ ആഗ്രഹിക്കുന്നു.
ഇടം കൈ വലം കൈ ഓപ്പണിങ് സഖ്യം വേണ്ട ഘട്ടത്തിൽ കിഷനെ ഓപ്പണറായും പരിഗണിക്കാമെന്നതാണ് അത്. കെ എൽ രാഹുൽ പ്രധാന വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലെത്തുമ്പോൾ രണ്ടാം വിക്കറ്റ് കീപ്പറാവാനുള്ള മത്സരത്തിൽ സഞ്ജുവിന് മേൽ ഇഷാൻ കിഷൻ വ്യക്തമായ മുൻതൂക്കം നേടിയെന്നത് ചുരുക്കം.
മൂന്നാം ഏകദിനത്തിലെ മിന്നും പ്രകടനത്തിന് മാത്രമെ സഞ്ജുവിനെ ഏഷ്യാ കപ്പിനുള്ള ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കൂട്ടാനാവു. മറുവശത്ത് ശ്രേയസ് അയ്യർ തിരിച്ചുവരവിന് തയ്യാറെടുക്കുന്നതിനാൽ സൂര്യകുമാർ യാദവിനും ഇത് അവസാന അവസരമാണ്. ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റററും 46.52 ശരാശരിയുമുള്ള സൂര്യകുമാറിന്റെ ഏകദിനത്തിലെ ശരാശരി 23.8 മാത്രമാണ്. ഈ വർഷം കളിച്ച എട്ട് ഏകദിനങ്ങളിൽ 68 റൺസ് മാത്രമുള്ള സൂര്യയുടെ ശരാശരി 10ൽ താഴെയാണ്. ഏകദിനത്തിൽ രണ്ട് അർധസെഞ്ചുറി മാത്രമുള്ള സൂര്യക്ക് 20-25 പന്തുകൾക്ക് അപ്പുറം കളിക്കാനാവുന്നില്ലെന്നതും വെല്ലുവിളിയാണ്. ഏകദിന ക്രിക്കറ്റിൽ 50ന് മുകളിൽ ശരാശരിയുള്ള ശ്രേയസ് അയ്യർ തിരിച്ചെത്തിയാൽ നാലാം നമ്പറിൽ സൂര്യയുടെ സാധ്യത മങ്ങും.
തോറ്റാൽ ലോകകപ്പിന് യോഗ്യത നേടാത്ത വിൻഡീസിന് മുമ്പിൽ ഏകദിന പരമ്പര നഷ്ടമായെന്ന നാണക്കേട് പേറേണ്ടിവരുമെന്നതിനാൽ കൂടുതൽ പരീക്ഷണങ്ങൾക്ക് ഇന്ത്യ മുതിരില്ലെന്നാണ് കരുതുന്നത്. സൂര്യകുമാർ യാദവിന് അവസാന അവസരമെന്ന നിലയിൽ മൂന്നാം ഏകദിനത്തിലും പ്ലേയിങ് ഇലവനിൽ ഇടം നൽകിയേക്കും. ഹാർദ്ദിക് പാണ്ഡ്യ ആറാം നമ്പറിൽ ഇറങ്ങുമ്പോൾ അക്‌സർ പട്ടേലാവും രവീന്ദ്ര ജഡേജയുടെ സ്ഥാനത്ത് ടീമിലെത്തുക എന്നാണ് കരുതുന്നത്.
ഷാർദ്ദുൽ താക്കൂർ പേസ് ഓൾ റൗണ്ടറായി ടീമിൽ തുടരും. കുൽദീപ് യാദവിന് പകരം യുസ്വേന്ദ്ര ചാഹലും നാളെ പ്ലേയിങ് ഇലവനിൽ കളിക്കാനുള്ള സാധ്യതയുണ്ട്. മുകേഷ് കുമാറും ഉംറാൻ മാലിക്കുമായിരിക്കും ടീമിലെ മറ്റ് രണ്ട് പേസർമാർ. ബ്രയാൻ ലാറ സ്റ്റേഡിയത്തിലെ പിച്ചും സ്പിന്നിനെ തുണക്കുന്നതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെവന്നാൽ താക്കൂറിനോ മുകേഷിനോ പകരം കുൽദീപ് യാദവ് ടീമിൽ തുടരാനും സാധ്യതയുണ്ട്.
സ്പോർട്സ് ഡെസ്ക്