മുംബൈ: അയലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ജസ്പ്രിത് ബുമ്ര നയിക്കും. റിതുരാജ് ഗെയ്കവാദാണ് വൈസ് ക്യാപ്റ്റൻ. ദീർഘനാൾ അലട്ടിയിരുന്ന പരിക്കിന് ശേഷം ബുമ്ര ടീമിലേക്ക് തിരിച്ചെത്തുന്നത് നായക സ്ഥാനവുമായാണ്. ഓഗസ്റ്റ് 18നാണ് പരമ്പര ആരംഭിക്കുന്നത്. ഇഷാൻ കിഷന് വിശ്രമം അനുവദിച്ചപ്പോൾ സഞ്ജു സാംസൺ പ്രധാന കീപ്പറാവും. ബാക്അപ്പ് കീപ്പറായ ജിതേഷ് ശർമയും ടീമിലെത്തി. ഇതാദ്യമായിട്ടല്ല, ബുമ്ര ഇന്ത്യയെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിൽ മുമ്പ് ഇന്ത്യയെ നയിക്കാൻ ബുമ്രയ്ക്കായിരുന്നു.

സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ജിതേഷ് ശർമ, റിങ്കു സിങ്, തിലക് വർമ എന്നിവരെല്ലാം ടീമിലുണ്ട്. നേരത്തേ 2022 സെപ്റ്റംബറിൽ പരിക്കിന്റെ പിടിയിലായ ബുംറ, ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ തിരിച്ചുവരാനുള്ള പരിശ്രമത്തിലായിരുന്നു. ഇതോടെ 2023 ഏകദിന ലോകകപ്പിൽ ബുംറ കളിക്കുമെന്ന് ഉറപ്പായി. ബുംറ കൂടി ടീമിലെത്തിയാൽ അത് ഇന്ത്യയുടെ ലോകകപ്പ് കിരീടസാധ്യതകൾക്ക് ഊർജ്ജം പകരും.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബുമ്ര അവസാനമായി ഇന്ത്യൻ ജഴ്സി അണിയുന്നത്. ടി20 ലോകകപ്പും ഐപിഎല്ലും ബുമ്രയ്ക്ക് നഷ്ടമായിരുന്നു. മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലും ബുമ്രയ്ക്ക് കളിക്കാൻ കഴിഞ്ഞില്ല. പരിക്കിന്റെ പിടിയിലായിരുന്ന പ്രസിദ്ധ് കൃഷ്ണയും ടീമിൽ തിരിച്ചെത്തി. ഐപിഎൽ സെൻസേഷൻ റിങ്കു സിംഗിനേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചെന്നൈ സൂപ്പർ കിങ്സിനായി ഗംഭീര പ്രകടനം പുറത്തെടുത്ത ശിവം ദുബെയും തിരിച്ചുവരവ് നടത്തി. യുവതാരങ്ങളായ ജയ്സ്വാൾ, തിലക് വർമ എന്നിവർക്കും അവസരം ലഭിച്ചു. പ്രസിദ്ധിന് പുറമെ അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ആവേഷ് ഖാൻ എന്നിവരാണ് ടീമിലെ പേസർമാർ. വാഷിങ്ടൺ സുന്ദർ, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയ് എന്നിവർ സ്പിന്നർമാരായും ടീമിലെത്തി.

സീനിയർ താരങ്ങളാരും ടീമിലില്ല. നേരത്തെ, സൂര്യകുമാർ യാദവ് നയിക്കുമെന്ന് വാർത്തയുണ്ടായിരുന്നെങ്കിലും വിശ്രമം നൽകുകയായിരുന്നു. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കും വിശ്രമം നൽകി. പരിക്കിൽ നിന്ന് മോചിതരാകുന്ന കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരേയും പരിഗണിച്ചില്ല. ആദ്യ ടി20 18നാണ്. രണ്ടാം മത്സരം 20നും മൂന്നാം ടി20 23നും നടക്കും.

ഇന്ത്യൻ ടീം: ജസ്പ്രിത് ബുമ്ര (ക്യാപ്റ്റൻ), റുതുരാജ് ഗെയ്കവാദ് (വൈസ് ക്യാപ്റ്റൻ)ഷ യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, സഞ്ജു സാംസൺ, ജിതേശ് ശർമ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ആവേഷ് ഖാൻ.