ലണ്ടൻ: ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയെ 49 റൺസിന് കീഴടക്കി സ്റ്റുവർട്ട് ബ്രോഡിന് ജയത്തോടെ യാത്രയയപ്പ് നൽകി ഇംഗ്ലണ്ട്. ഇതോടെ പരമ്പര 2 - 2 എന്ന നിലയിൽ സമനിലയിലായി. സ്‌കോർ: ഇംഗ്ലണ്ട്: 283 (54.4), 395 (81.5), ഓസ്‌ട്രേലിയ: 295 (103.1), 334 (94.4). ട്വന്റി 20 പരമ്പരയുടെ ആവേശത്തിലേക്ക് അവസാന ദിവസം മത്സരത്തെ മാറ്റിയ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിൽ ആവേശ ജയം സ്വന്തമാക്കുകയായിരുന്നു. പരമ്പര സമനിലയിലായതോടെ ആഷസ് കിരീടം ഓസീസ് നിലനിർത്തി.

രണ്ടാം ഇന്നിങ്സിൽ 384 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 334 റൺസിന് ഓൾഔട്ടായി. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇംഗ്ലണ്ടിന് 49 റൺസ് ജയം. അഞ്ചാം ദിവസത്തെ അവസാന സെഷനിൽ അപ്രതീക്ഷിതമായി കളിമാറ്റിയാണ് ഇംഗ്ലണ്ട് ജയം പിടിച്ചത്. നാല് വിക്കറ്റ് വീഴ്‌ത്തിയ ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മോയിൻ അലിയുമാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. അതേസമയം വിരമിക്കൽ മത്സരം കളിക്കുന്ന സ്റ്റുവർട്ട് ബ്രോഡ് അവസാന രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി ഇംഗ്ലണ്ടിന്റെ വിജയത്തിൽ പങ്കാളിയായി.ചെറുത്തുനിന്ന അലക്‌സ് ക്യാരിയുടെ അടക്കം രണ്ട് വിക്കറ്റുമായാണ് ബ്രോഡ് വിടവാങ്ങൽ ഇന്നിങ്സ് അവിസ്മരണീയമാക്കിയത്.

വിക്കറ്റ് നഷ്ടമില്ലാതെ 135 റൺസെന്ന നിലയിൽ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് അഞ്ച് റൺസ് ചേർത്തപ്പോഴേക്കും ഡേവിഡ് വാർണറെ നഷ്ടമായി. 106 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 60 റൺസെടുത്ത വാർണറെ മടക്കി ക്രിസ് വോക്സാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഉസ്മാൻ ഖവാജയേയും മടക്കി വോക്സ് ഓസീസിനെ ഞെട്ടിച്ചു. 145 പന്തിൽ നിന്ന് എട്ട് ബൗണ്ടറിയടക്കം 72 റൺസായിരുന്നു ഖവാജയുടെ സമ്പാദ്യം.

തുടർന്നെത്തിയ മാർനസ് ലബുഷെയ്നും അധികനേരം പിടിച്ചുനിൽക്കാനായില്ല. 33 പന്തിൽ നിന്ന് 13 റൺസെടുത്ത ലബുഷെയ്നെ മാർക്ക് വുഡ് പുറത്താക്കി. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച സ്റ്റീവ് സ്മിത്ത് - ട്രാവിസ് ഹെഡ് സഖ്യം 95 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് വീണ്ടും ജയം മണത്തു. എന്നാൽ ഇടയ്ക്ക് വെച്ച് മഴ പെയ്ത ഇടവേളയ്ക്കു ശേഷം ഇരുവരെയും മടക്കി ഇംഗ്ലണ്ട് കളിയിലേക്ക് തിരിച്ചെത്തി. 70 പന്തിൽ നിന്ന് ആറ് ബൗണ്ടറിയടക്കം 43 റൺസെടുത്ത ഹെഡിനെ പുറത്താക്കി മോയിൻ അലിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ വോക്സ്, സ്മിത്തിനെയും പുറത്താക്കിയതോടെ ഓസീസ് പ്രതിരോധത്തിലായി. 94 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 54 റൺസെടുത്താണ് സ്മിത്ത് മടങ്ങിയത്.

തുടർന്ന് മിച്ചൽ മാർഷ് (6), മിച്ചൽ സ്റ്റാർക്ക് (0), പാറ്റ് കമ്മിൻസ് (9) എന്നിവരെ വേഗത്തിൽ മടക്കി ഇംഗ്ലണ്ട് ജയത്തോടടുത്തു. എന്നാൽ ടോഡ് മർഫിയെ കൂട്ടുപിടിച്ച് അലക്സ് ക്യാരി ്കോർ മുന്നോട്ടുചലിപ്പിച്ചു. 39 പന്തിൽ നിന്ന് 18 റൺസെടുത്ത മർഫിയെ മടക്കി സ്റ്റുവർട്ട് ബ്രോഡ് ഈ ചെറുത്തുനിൽപ്പും അവസാനിപ്പിച്ചു. പിന്നാലെ 50 പന്തുകൾ നീണ്ട ക്യാരിയുടെ പോരാട്ടം അവസാനിപ്പിച്ച് ബ്രോഡ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു. 28 റൺസെടുത്താണ് ക്യാരി പുറത്തായത്.