കെന്നിങ്ടൺ ഓവൽ: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇംഗ്ലണ്ടിന് അവിസ്മരണീയ ജയം സമ്മാനിച്ചതിന് പിന്നാലെ സ്റ്റുവർട്ട് ബ്രോഡിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് സ്പിന്നർ മൊയീൻ അലി. അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചശേഷമാണ് മൊയീൻ അലി വിരമിക്കൽ പ്രഖ്യാപിച്ചത്.

നേരത്തെ 2021ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച അലിയെ സ്പിന്നർ ജാക്ക് ലീച്ചിന് പരിക്കേറ്റതോടെ ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്റെ നിർബന്ധത്തെത്തുടർന്ന് ആഷസിനുള്ള ടെസ്റ്റ് ടീമിലേക്ക് ഇംഗ്ലണ്ട് തിരിച്ചുവിളിക്കുകയായിരുന്നു. നടുവിനേറ്റ പരിക്കിനെത്തുടർന്നാണ് ലീച്ച് ആഷസിൽ നിന്ന് പിൻവാങ്ങിയത്.

ബെൻ സ്റ്റോക്‌സ് ഫോണിൽ അയച്ചൊരു മെസേജ് ആണ് തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചെത്തിച്ചത് എന്ന് പറഞ്ഞ അലി ഇനി സ്റ്റോക്‌സ് മെസേജ് അയച്ചാലും അത് തുറക്കാതെ ഡീലിറ്റ് ചെയ്യുമെന്ന് തമാശയായി പറഞ്ഞു. അടുത്തവർഷം ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലും ഇതോടെ മൊയീൻ അലി കളിക്കില്ലെന്ന് ഉറപ്പായി.

ആഷസിലെ അവസാന ഇന്നിങ്‌സിൽ നിർണായകമായ മൂന്ന് ഓസീസ് വിക്കറ്റുകൾ വീഴ്‌ത്തിയാണ് മോയിൻ അലി ഇംഗ്ലണ്ട് വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. 68 ടെസറ്റിൽ ആകെ 204 വിക്കറ്റാണ് മോയീൻ വീഴ്‌ത്തിയത്. തിരിച്ചുവരവിൽ ആഷസ് പരമ്പരിൽ കളിച്ച നാലു ടെസ്റ്റിൽ നിന്ന് 180 റൺസും ഒമ്പത് വിക്കറ്റും മൊയീൻ സ്വന്തമാക്കി. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സിൽ ട്രാവിസ് ഹെഡിനെയും മിച്ചൽ മാർഷിനെയും പാറ്റ് കമിൻസിനെയും വീഴ്‌ത്തിയത് മൊയീൻ അലിയായിരുന്നു.

ടെസ്റ്റിൽ 3000 റൺസും 200 വിക്കറ്റും വീഴ്‌ത്തുന്ന പതിനാറാമത്തെ മാത്രം താരമാണ് മൊയീൻ അലി. 68 ടെസ്റ്റിൽ അഞ്ച് സെഞ്ചുറിയും 15 അർധസെഞ്ചുറിയും ഉൾപ്പെടെ 3094 റൺസാണ് മൊയീൻ അടിച്ചെടുത്തത്. ടെസ്റ്റിൽ നിന്ന് വിരമിച്ചെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ നിർണായക താരമാണിപ്പോഴും മൊയീൻ അലി. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലും മൊയീൻ ഇംഗ്ലണ്ടിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2021ലാണ് മൊയിൻ അലി ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നീട് ഏകദിനങ്ങളിലും ടി20യിലും ഇംഗ്ലണ്ടിനായി കളിച്ചിരുന്ന അലി, കഴിഞ്ഞ മാസം അവസാനിച്ച ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായും തിളങ്ങിയിരുന്നു. കോച്ച് ബ്രണ്ടൻ മക്കല്ലത്തിന്റെ നിർബന്ധമാണ് അലിയുടെ ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ പിൻവലിക്കുന്നതിൽ നിർണായകമായത്. 2014ൽ ശ്രീലങ്കക്കെതിരെ ലോർഡ്‌സിലായിരുന്നു പാക് വംശജനായ മൊയീൻ അലിയുുടെ ടെസ്റ്റ് അരങ്ങേറ്റം.