പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകൻ രോഹിത് ശർമ്മയും സൂപ്പർ താരം വിരാട് കോലിയുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വെസ്റ്റ് ഇൻഡീസ് കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേടീമിനെ നിലനിർത്തി. സഞ്ജു സാംസൺ ടീമിലെ സ്ഥാനം നിലനിർത്തി.

ഇന്ത്യൻ ടീമിൽ രണ്ട് മാറ്റമാണുള്ളത്. ഉംറാൻ മാലിക്കിന് പകരം ജയ്ദേവ് ഉനദ്കട്ടും അക്ഷർ പട്ടേലിന് പകരം ഋതുരാജ് ഗെയ്ക്വാദും ടീമിലിടം നേടി. സഞ്ജു ഇത്തവണ നാലാമനായി കളിക്കും. രോഹിത്തിന്റെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്.

ആദ്യമത്സരം ആധികാരികമായി ജയിച്ച ഇന്ത്യയെ രണ്ടാം ഏകദിനത്തിൽ വിൻഡീസ് ആറുവിക്കറ്റിന് തോൽപ്പിച്ചു. ഇതോടെ 1-1 എന്നനിലയിലാണ്. മൂന്നാം മത്സരം ജയിക്കുന്നവർ പരമ്പര സ്വന്തമാക്കും. 2006-നുശേഷം വിൻഡീസിനെതിരേ ഇന്ത്യ പരമ്പര തോറ്റിട്ടില്ല.

ലോകകപ്പും ഏഷ്യാകപ്പും അടുത്തിരിക്കെ, താരതമ്യേന ദുർബലരായ വിൻഡീസിനെതിരേ പരമ്പരനഷ്ടം ഇന്ത്യയ്ക്ക് ഉൾക്കൊള്ളാനാകില്ല. ലോകകപ്പ് യോഗ്യത നഷ്ടപ്പെട്ട വിൻഡീസിന് ഇന്ത്യക്കെതിരായ പരമ്പര നേടാൻ കഴിഞ്ഞാൽ അത് വൻനേട്ടമാകും. പ്രത്യേകിച്ചും യുവതാരങ്ങളുമായിട്ടാണ് ടീം കളിക്കുന്നത്.

ഏഷ്യാകപ്പിനും ഏകദിന ലോകകപ്പിനും മുൻപുള്ള ഇന്ത്യയുടെ അവസാന ഔദ്യോഗിക ഏകദിന മത്സരമാണ് ഇന്നത്തേത്. ഇതിനു ശേഷം വെസ്റ്റിൻഡീസിനെതിരെ അഞ്ചും അയർലൻഡിനെതിരെ മൂന്നും ട്വന്റി20 മത്സരങ്ങൾ ഇന്ത്യ കളിക്കും. തുടർന്നു നേരേ ഏഷ്യാകപ്പിലേക്ക്. അതിനാൽ ഇന്നത്തെ മത്സരത്തിലെ പ്രകടനം യുവതാരങ്ങൾക്ക് ലോകകപ്പ് ടീമിൽ സീറ്റ് ഉറപ്പിക്കാനുള്ള അവസാന അവസരം എന്ന നിലയിൽ നിർണായകമാണ്.

ഗുഡകേഷ് മോട്ടി, യാനിക് കാരിയ എന്നീ സ്പിന്നർമാരുടെ ഫോമിലാണ് വിൻഡീസിന്റെ പ്രതീക്ഷ. ക്യാപ്റ്റൻ ഷായ് ഹോപ്പിനൊപ്പം ബ്രണ്ടൻ കിങ്, കൈൽ മെയേഴ്‌സ് എന്നിവരും നന്നായി കളിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ഏകദിന ലോകകപ്പിൽ നിന്നുള്ള പുറത്താകലും 17 വർഷത്തിനിടെ ഇന്ത്യയോട് ഏകദിന പരമ്പര ജയിക്കാൻ സാധിച്ചിട്ടില്ലെന്ന നാണക്കേടുമെല്ലാം മാറ്റിയെടുക്കാൻ ഈ പരമ്പര വിജയം വിൻഡീസിന് അത്യാവശ്യമാണ്.

ട്രിനിഡാഡിലെ ടരോബ ബ്രയാൻ ലാറ സ്റ്റേഡിയം ആദ്യമായാണ് രാജ്യാന്തര പുരുഷ ഏകദിന മത്സരത്തിന് വേദിയാകുന്നത്. സ്പിന്നർമാരെ തുണയ്ക്കുന്ന വേഗം കുറഞ്ഞ പിച്ചാണ് ഇവിടത്തേത്. മുൻപ് നടന്ന രാജ്യാന്തര വനിതാ ഏകദിന മത്സരങ്ങളിലെല്ലാം ടീം ടോട്ടൽ 200ൽ താഴെയായിരുന്നു.