ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരെ മൂന്നാം ഏകദിനത്തിൽ 200 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. പരീക്ഷണ ടീമിനെ ഇറക്കിട്ടും ഇന്ത്യക്ക് വന്മാർജിനിൽ ജയിക്കാനായി. ശുഭ്മാൻ ഗിൽ (85), ഇഷാൻ കിഷൻ (77), ഹാർദിക് പാണ്ഡ്യ (70), സഞ്ജു സാംസൺ (51) എന്നിവരുടെ അർധ സെഞ്ചുറികൾ ഇന്ത്യക്ക് സമ്മാനിച്ചത് 351 റൺസ് എന്ന കൂറ്റൻ സ്‌കോറാണ്. മറുപടി ബാറ്റിംഗിൽ വിൻഡീസ് 151ന് പുറത്തായി. ഷാർദുൽ ഠാക്കൂർ നാലും മുകേഷ് കുമാർ മൂന്നും വിക്കറ്റ് വീഴ്‌ത്തി. 39 റൺസുമായി പുറത്താവാതെ നിന്ന ഗുഡകേഷ് മോട്ടിയാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ.

റൺസ് അടിസ്ഥാനത്തിൽ വിൻഡീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയം കൂടിയാണിത്. 2018ൽ മുംബൈയിൽ നേടിയ 224 റൺസിന്റെ വിജയമമാണ് ഒന്നാമത്. രണ്ടാമത്തേത് കഴിഞ്ഞ ദിവസം ട്രിനിഡാഡിലേതും. 2007ൽ വഡോദരയിൽ 160 റൺസിന് ജയിച്ചതും പട്ടികയിലുണ്ട്. 2011ൽ ഇൻഡോറിൽ 153 റൺസിന് ജയിച്ചതാണ് നാലാമത്. ഏതെങ്കിലും ഒരു ടീമിനെതിരെ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ഏകദിന പരമ്പര സ്വന്തമാക്കുന്ന ടീമുകൂടിയായി ഇന്ത്യ.

വിൻഡീസിനെതിരെ തുടർച്ചയായ 13-ാം ഏകദിന പരമ്പരയാണിത്. 2007 മുതൽ 2023 വരെയുള്ള കണക്കാണിത്. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ രണ്ടാം സ്ഥാനത്ത്. സിംബാബ്വെയ്ക്കെതിരെ 1996 മുതൽ 2021 വരെ 11 ഏകദിന പരമ്പരകൾ സ്വന്തമാക്കി. മൂന്നാം സ്ഥാനത്തും ഇന്ത്യയും പാക്കിസ്ഥാനും പങ്കിടുകയാണ്. പാക്കിസ്ഥാൻ 1999 മുതൽ 2022 വരെ വിൻഡീസിനെതിരെ 10 ഏകദിന പരമ്പരകൾ ജയിച്ചു. ഇന്ത്യ 2007 മുതൽ ശ്രീലങ്കയ്ക്കെതിരെ ഇത്രയും തന്നെ പരമ്പരകൾ ജയിച്ചുവരുന്നു.

ഇന്നലെ ഇന്ത്യ 351 റൺസ് നേടിയിട്ടും ഒരു താരവും സെഞ്ചുറി നേടിയിരുന്നില്ല. ഇത്തരത്തിൽ, ടീമിലെ ഒരുതാരം പോലും സെഞ്ചുറി നേടാതെ ഇന്ത്യ പടുത്തുയർത്തുന്ന ഏറ്റവും വലിയ സ്‌കോറാണിത്. 2005 ശ്രീലങ്കയ്ക്കെതിരെ നാഗ്പൂരിൽ നേടിയ ആറിന് 350 എന്ന സ്‌കോറാണ് ഹാർദിക് പാണ്ഡ്യയും സംഘവും മറികടന്നത്. 2004ൽ പാക്കിസ്ഥാനെതിരെ കറാച്ചിൽ നേടിയ ഏഴിന് 349 എന്ന സ്‌കോർ മൂന്നാം സ്ഥാനത്തായി. അതേവർഷം , ബംഗ്ലാദേശിനെതിരെ ധാക്കയിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ 348 റൺസ് നേടാനും ഇന്ത്യക്കായിരുന്നു.

പരമ്പര നേട്ടത്തിന് ഇടയിലും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനമാണ് ഹാർദിക് പാണ്ഡ്യ ഉന്നയിച്ചത്. ഇന്ത്യൻ ടീമിനുള്ള 'അടിസ്ഥാന ആവശ്യങ്ങൾ' ഉറപ്പാക്കുന്നതിനു പോലും വെസ്റ്റിൻഡീസ് ബോർഡിനു സാധിക്കുന്നില്ലെന്ന് പാണ്ഡ്യ മത്സരത്തിനു ശേഷം തുറന്നടിച്ചു. ''അടുത്ത തവണ കരീബിയൻ പര്യടനത്തിന് എത്തുമ്പോൾ, ആഡംബരം ഇല്ലെങ്കിലും അടിസ്ഥാന കാര്യങ്ങളെങ്കിലും ബോർഡ് ഉറപ്പുവരുത്തണമെന്ന്'' ഇന്ത്യൻ ക്യാപ്റ്റൻ മൂന്നാം ഏകദിന പോരാട്ടത്തിനു ശേഷം പ്രതികരിച്ചു.

''ട്രിനിഡാഡിലേതു ഞാൻ കളിച്ചിട്ടുള്ള മികച്ച ഗ്രൗണ്ടുകളിലൊന്നാണ്. അടുത്ത തവണ ഞങ്ങൾ വെസ്റ്റിൻഡീസിലെത്തുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കണം. യാത്രയുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രശ്‌നങ്ങളില്ലാതിരിക്കാൻ വെസ്റ്റിൻഡീസ് ബോർഡ് ശ്രദ്ധിക്കുമെന്നാണു പ്രതീക്ഷ. ഞങ്ങൾ ആഡംബര സൗകര്യങ്ങൾ ചോദിക്കുന്നില്ല. അടിസ്ഥാന ആവശ്യങ്ങൾ മാത്രം മതിയാകും.'' ഹാർദിക് പാണ്ഡ്യ പ്രതികരിച്ചു.

കരീബിയനിൽ ടെസ്റ്റ്, ഏകദിന പരമ്പരകൾ പൂർത്തിയാക്കിയ ടീം ഇന്ത്യയ്ക്ക് ഇനി ട്വന്റി20 മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. അഞ്ച് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യയ്ക്കു കളിക്കാനുള്ളത്.