ലണ്ടൻ: ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച് ഹിറ്റ് വിക്കറ്റായി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. നോർത്താംപ്ടൻഷെയർ താരമായ പൃഥ്വി ഷാ ഭേദപ്പെട്ട രീതിയിൽ ബാറ്റിങ് തുടങ്ങിയെങ്കിലും ദയനീയമായി പുറത്താകുകയായിരുന്നു. ഗ്ലോസെസ്റ്റർഷെയറിനെതിരായ മത്സരത്തിൽ പോൾ വാൻ മീകരന്റെ പന്തു നേരിടുന്നതിനിടെ താരം ഹിറ്റ് വിക്കറ്റ് ആകുകയായിരുന്നു.

ഐപിഎല്ലിൽ നിറം മങ്ങുകയും ഇന്ത്യൻ ടീമിൽ നിന്ന് തുടർച്ചയായി തഴയപ്പെടുകയും ചെയ്തതോടെ ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിച്ച് ഫോം വീണ്ടെടുക്കാനായിരുന്നു ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷായുടെ ശ്രമം. എന്നാൽ ആദ്യ മത്സരത്തിൽ ക്രിക്കറ്റിൽ അപൂർവമായ രീതിയിൽ താരം പുറത്താവുകയായിരുന്നു.

റോയൽ വൺഡേ കപ്പ് ഏകദിന ടൂർണമെന്റിൽ നോർത്താംപ്റ്റൺഷെയറിനായാണ് പൃഥ്വി ഷാ കളിക്കുന്നത്. കഴിഞ്ഞ ദിവസം ഗ്ലൗസെസ്റ്റർഷെയറിനെതിരെ നടന്ന മത്സരത്തിലാണ് 35 പന്തിൽ 34 റൺസെടുത്ത് വിക്കറ്റിന് മുകളിൽ വീണ് ഹിറ്റ് വിക്കറ്റായി പുറത്തായത്.

ഗ്ലോസെസ്റ്റർഷെയർ ബോളറുടെ ഉയർന്നുപൊങ്ങിയ പന്തിൽ പുൾഷോട്ടിന് ശ്രമിച്ച പൃഥ്വി ഷാ നിയന്ത്രണം നഷ്ടമായി വിക്കറ്റിനു മുകളിലേക്കു വീഴുകയായിരുന്നു. 34 പന്തുകൾ നേരിട്ട പൃഥ്വി ഷാ 34 റൺസെടുത്തു പുറത്തായി. പൃഥ്വി ഷാ പുറത്തായശേഷം ക്രീസിലെത്തിയ ടോം ടെയ്ലർ 88 പന്തിൽ 112 റൺസടിച്ച് നോർത്താംപ്റ്റണിന് വിജയ പ്രതീക്ഷ നൽകിയിരുന്നു. ടെയ്ലറും മക്മാനസും(54) ചേർന്ന് ഏഴാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തിയെങ്കിലും മക്മാനസ് പുറത്തായശേഷം ജാക്ക് വൈറ്റ്(29) മാത്രമെ പിന്തുണ നൽകിയുള്ളു.

ആദ്യം ബാറ്റു ചെയ്ത ഗ്ലോസെസ്റ്റർഷെയർ 48.4 ഓവറിൽ 278 റൺസെടുത്തു പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ നോർതാംപ്ടൻ 255 റൺസിന് ഓൾഔട്ടായി. 279 റൺസ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ നോർത്താംപ്റ്റൺ തകർച്ചയോടെയാണ് തുടങ്ങിയത്. 30 റൺസെടുക്കുന്നതിനിടെ അവർക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. നോർത്താംപ്റ്റണിനായി ഇന്നിങ്‌സ് ഓപ്പൺ ചെയ്ത പൃഥ്വിയും ആറാമനായി ക്രീസിലെത്തിയ ലൂയിസ് മക്മാനസും ചേർന്ന് അവരെ 50 കടത്തിയെങ്കിലും പിന്നാലെ മക്കീരന്റെ ബൗൺസറിൽ പൃഥ്വി വീണതോടെ നോർത്താംപ്റ്റൺ 54-6ലേക്ക് കൂപ്പുകുത്തി.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന പൃഥ്വി ഷായ്ക്ക് ഫോം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് താരത്തെ പ്ലേയിങ് ഇലവനിൽനിന്നു മാറ്റിനിർത്തിയിരുന്നു. 2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് പൃഥ്വി ഷാ ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്.