ഗയാന: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വിൻഡീസിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഇന്ന് അഭിമാന പോരാട്ടം. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20യിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ രാത്രി എട്ട് മുതലാണ് മത്സരം. ഡിഡി സ്‌പോർട്‌സിലും ഫാൻ കോഡ് ആപ്പിലും തത്സമയം കാണാം. 5 മത്സര പരമ്പരയിൽ ഇന്ത്യ 1 - 0ന് പിന്നിലാണ്.

ആദ്യ ട്വന്റി20യിൽ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്നു ജയിക്കാൻ സാധിക്കാതിരുന്നതിന്റെ ഞെട്ടലിൽ നിന്ന് ഇന്ത്യൻ ടീം മുക്തരായിട്ടില്ല. ബോളിങ് നിര ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴും ബാറ്റിങ് നിര പ്രതീക്ഷയ്‌ക്കൊത്തുയരാത്തത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും ടീമിനും തലവേദനയാണ്. ഒന്നാം ട്വന്റി20യിലൂടെ രാജ്യാന്തര മത്സരത്തിൽ അരങ്ങേറ്റം കുറിച്ച യുവതാരം തിലക് വർമയുടെ പ്രകടനം ടീമിനു പ്രതീക്ഷ നൽകുന്നു.

എന്നാൽ ട്വന്റി20 സ്‌പെഷലിസ്റ്റ് സൂര്യകുമാർ യാദവിന്റെ ഫോമും വാലറ്റത്തിന്റെ പ്രകടനവും ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ടീമിന്റെ ബാറ്റിങ് ശക്തിപ്പെടുത്താൻ മാനേജ്‌മെന്റ് തീരുമാനിച്ചാൽ യുവതാരം യശസ്വി ജയ്‌സ്വാളിന് ഇന്ന് അവസരം ലഭിച്ചേക്കും.

ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ടായേക്കും. ഓപ്പണിംഗിൽ ഇഷാൻ കിഷന് പകരം യശസ്വി ജെയ്സ്വാൾ അരങ്ങേറിയേക്കുമെന്നാണ് സൂചന. ഏഷ്യാകപ്പ് മുന്നിൽ നിൽക്കെ ഗില്ലിന് കൂടുതൽ അവസരം നൽകാനാണ് ടീം മാനേജ്മെന്റ് തീരുമാനം. കിഷന് ട്വന്റി 20 ക്രിക്കറ്റിൽ അത്ര മികച്ച റെക്കോർഡല്ല. മാത്രമല്ല, ജയ്സ്വാൾ വരുമ്പോൾ ഇടം കൈ-വലം കൈ ഓപ്പണിങ് സഖ്യത്തെ നിലനിർത്താനും കഴിയും. അരങ്ങേറ്റത്തിൽ തകർത്തടിച്ച തിലക് വർമ ടീമിൽ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. സഞ്ജുവിന് സ്ഥാനക്കയറ്റം നൽകിയേക്കും.

ആദ്യ മത്സരം ജയിച്ച് ട്വന്റി20 പരമ്പരയിൽ മുന്നിലെത്താൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വിൻഡീസ് ടീം ഇറങ്ങുന്നത്. ക്യാപ്റ്റൻ റോവ്മാൻ പവൽ, നിക്കോളാസ് പുരാൻ, കൈൽ മെയേഴ്‌സ്, ഷിമ്രോൺ ഹെറ്റ്‌മെയർ തുടങ്ങിയ ട്വന്റി20 സ്‌പെഷലിസ്റ്റുകളാണ് ടീമിന്റെ കരുത്ത്. ആദ്യ മത്സരത്തിൽ 149 റൺസിൽ ഒതുങ്ങിയിട്ടും കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയോട് 4 റൺസ് ജയം പിടിച്ചെടുക്കാൻ സഹായിച്ചത് ബോളർമാരുടെ മികവായിരുന്നു. ഒബെദ് മക്കോയ്, റൊമാരിയോ ഷെപ്പേഡ്, ജയ്‌സൻ ഹോൾഡർ എന്നിവരടങ്ങുന്ന ബോളിങ് നിര വിൻഡീസിനെ അപകടകാരികളാക്കുന്നു.

തുടക്കത്തിൽ പേസ് ബോളർമാർക്ക് സഹായം ലഭിക്കുന്ന പിച്ചാണ് പ്രോവിഡൻസ് സ്റ്റേഡിയത്തിലേത്. എന്നാൽ മധ്യ ഓവറുകളിൽ സ്പിന്നർമാരുടെ പ്രകടനം നിർണായകമാകും. ഇന്ന് ജയിച്ചെങ്കിൽ മാത്രമെ ഇന്ത്യക്ക് പരമ്പരയിൽ ഒപ്പമെത്താൻ കഴിയൂ. ബാറ്റർമാർക്കും ബൗളർമാർക്കും മികവ് കാണിക്കാൻ കഴിയുന്ന ഗ്രൗണ്ടായണ് ഗയാനയിലേത്.

ഇതുവരെ 11 ടി20 മത്സരങ്ങൾ ഗയാനയിൽ നടന്നു. 2010ൽ ന്യൂസിലൻഡ് - ശ്രീലങ്ക മത്സരമായിരുന്നു ആദ്യത്തേത്. എന്നാൽ മൂന്ന് മത്സരങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് പൂർത്തിയാക്കാനായില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്തവരും രണ്ടാമത് ബാറ്റ് ചെയ്തവരും നാല് മത്സരങ്ങൾ വീതം ജയിച്ചു. പരമ്പരാഗതമായി സ്ലോ പിച്ചാണ് ഗയാനയിലേത്. ഗ്രൗണ്ടിലെ ശരാശരി 7.32. സ്പിന്നർമാർക്ക് വലിയ പിന്തുണ ലഭിക്കാനും സാധ്യതയേറെ. കൂടുതൽ സ്ലോ - കട്ടർ പന്തുകൾ പേസർമാരിൽ നിന്ന് പ്രതീക്ഷിക്കാം