മെൽബൺ: ഏകദിന ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പതിനെട്ടംഗ ടീമിൽ നിന്നും മർനസ് ലബുഷെയ്ൻ പുറത്തായി. പാറ്റ് കമ്മിൻസ് നയിക്കുന്ന 18 അംഗ ടീമിൽ പ്രമുഖ താരങ്ങൾ ഇടംപിടിച്ചു. ഇന്ത്യൻ വംശജനയായ തൻവീർ സംഗ, ആരോൺ ഹാർഡി എന്നിവരാണ് പുതുമുഖ താരങ്ങൾ. ഇവരിൽ നിന്ന് 15 അംഗ ടീമിനെ തിരിഞ്ഞെടുക്കും. സെപ്റ്റംബർ 28 വരെ ടീമിൽ മാറ്റം വരുത്താം.

ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കുന്ന ആദ്യത്തെ ടീമാണ് ഓസ്ട്രേലിയ. സീനിയർ താരങ്ങളായ ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ എന്നിവരെല്ലാം ടീമിലെത്തി. അലക്സ് ക്യാരിയാണ് വിക്കറ്റ് കീപ്പർ. ഈ ടീം തന്നെയാണ് സെപ്റ്റംബർ അവസാനം ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവർക്കെതിരായ ഏകദിന പരമ്പരയിലും പങ്കെടുക്കുക.

ഓസീസിന്റെ പതിനെട്ടംഗ ടീം: പാറ്റ് കമ്മിൻസ്, സീൻ അബോട്ട്, അഷ്ടൺ അഗർ, അലക്സ് ക്യാരി, നതാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ആരോൺ ഹാർഡി, ജോസ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഗ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആഡം സാംപ.

കഴിഞ്ഞ ഇന്ത്യൻ പര്യടനത്തിൽ ഓസ്ട്രേലിയൻ ഏകദിന ടീമിന്റെ ഭാഗമായിരുന്നു ലബുഷെയ്ൻ 2020ൽ അരങ്ങേറിയതിന് ശേഷം ഇതുവരെ 30 ഏകദിന മത്സരങ്ങൾ കളിച്ചു. 31.37 ശരാശരിയിൽ 847 റൺസാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും നേടിയിരുന്നു.

ആഡം സാംപ, ആഷ്ടൺ അഗർ, സംഗ എന്നിവവരാണ് ടീമിലെ സ്പിന്നർമാർ. ഗ്ലെന്മാക്സ് വെല്ലും സഹായിക്കാനെത്തും. ജോഷ് ഹേസൽവുഡ്, കമ്മിൻസ്, ജോഷ് ഇൻഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, സീൻ അബോട്ട്, നതാൻ എല്ലിസ് എന്നിവർ പേസർമാരായും ടീമിലുണ്ട്. ഓൾറൗണ്ടറായ കാമറൂൺ ഗ്രിനും പേസ് നിരയ്ക്ക് ശക്തിപകരും.

അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ മിച്ചൽ മാർഷ് നയിക്കും. ആഷസ് പരമ്പരയ്ക്കിടെ പരിക്ക് പൂർണഭേദമാവുന്നതിന് വേണ്ടിയാണ് കമ്മിൻസിന് വിശ്രമം നൽകിയത്. സ്റ്റീവ് സ്മിത്തും ടീമിലെത്തി.

ടി20 പരമ്പരയ്ക്കുള്ള ടീം: മിച്ചൽ മാർഷ്, സീൻ അബോട്ട്, ജേസൺ ബെഹ്രൻഡോർഫ്, ടിം ഡേവിഡ്, നതാൻ എല്ലിസ്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, സ്പെൻസർ ജോൺസൺ, ഗ്ലെൻ മാക്സ്വെൽ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാർകസ് സ്റ്റോയിനിസ്, ആഡം സാംപ.