- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവസരങ്ങൾ ലഭിച്ചിട്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ; ഐപിഎല്ലിൽ തകർക്കുമ്പോഴും രാജ്യാന്തര ട്വന്റി 20യിൽ പതറുന്നു; അരങ്ങേറ്റക്കാരൻ തിലക് വർമ്മ കാണിക്കുന്ന പക്വത കണ്ടുപഠിക്കണമെന്ന് ആരാധകർ; അടുത്ത മത്സരം നിർണായകം
ഗയാന: അരങ്ങേറ്റക്കാരനായ ഇരുപതുകാരൻ തിലക് വർമ്മ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ തുടർച്ചയായ അവസരം ലഭിച്ചിട്ടും മലയാളി താരം സഞ്ജു സാംസൺ പരാജയപ്പെടുന്നതിൽ ആരാധകർക്ക് നിരാശ. തിലക് വർമ ബൗളർമാരെ യാതൊരു കൂസലുമില്ലാതെ പറത്തുമ്പോൾ സഞ്ജു സാംസൺ ഇല്ലാത്ത റണ്ണിനായി ഓടി റണ്ണൗട്ടായും അലക്ഷ്യമായ ഷോട്ടിന് ശ്രമിച്ച് പുറത്താകുന്നതുമാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്.
താരത്തിന് ടീമിൽ അവസരം ലഭിക്കാതെ വന്നപ്പോൾ പ്രതിഷേധം കടുപ്പിച്ച ആരാധകർ പോലും ലഭിച്ച അവസരം വിനിയോഗിക്കാത്തതിൽ കടുത്ത അമർഷമാണ് പ്രകടിപ്പിക്കുന്നത്. ടീമിൽ സ്ഥാനം ഉറപ്പിക്കാൻ പലതവണ അവസരം ലഭിച്ചിട്ടും അലക്ഷ്യമായി ബാറ്റ് ചെയ്യുന്ന ഒരു താരത്തെ വിമർശിക്കാൻ ഇതിൽക്കൂടുതൽ എന്ത് കാരണങ്ങൾ വേണമെന്നാണ് ആരാധകർ ചോദിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റിൽ ട്വന്റി 20 ടീമിലേക്ക് ചേക്കേറാൻ താരങ്ങൾ മത്സരിക്കുന്നിടത്താണ് സഞ്ജു അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാത്തത്. അരങ്ങേറ്റ പരമ്പര കളിക്കുന്ന 20 വയസുകാരൻ തിലക് വർമ്മ കാട്ടുന്ന പക്വത സഞ്ജു സാംസൺ കണ്ടുപഠിക്കണം എന്ന് ഉപദേശിക്കുകയാണ് ആരാധകർ.
വെസ്റ്റ് ഇൻഡീസിന് എതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ 12, 7 എന്നിങ്ങനെയാണ് സഞ്ജു സാംസണിന്റെ സ്കോർ. ഇതേസമയം രണ്ട് കളിയിലുമായി 45 ശരാശരിയിലും 142.86 സ്ട്രൈക്ക് റേറ്റിലും 90 റൺസ് തിലക് വർമ്മയുടെ പേരിലായിക്കഴിഞ്ഞു. ആദ്യ മത്സരത്തിൽ നാലാമനായി ക്രീസിലെത്തി 22 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം തിലക് 39 റൺസ് നേടി ടോപ് സ്കോററായി.
രണ്ടാം കളിയിൽ 41 പന്തിൽ അഞ്ച് ഫോറും ഒരു സിക്സോടെയും 51 റൺസും സ്വന്തമാക്കി. രണ്ടാം രാജ്യാന്തര മത്സരത്തിൽ തന്നെ തിലകിന് കന്നി അർധസെഞ്ചുറിയായി. ഇതോടെ ടി20 ടീമിൽ നാലാം നമ്പർ തിലക് ഉറപ്പിക്കുന്ന മട്ടാണ്. രണ്ടാം ട്വന്റി 20യിൽ ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും പുറത്തായ ശേഷം അരങ്ങേറ്റക്കാരന്റെ പരിഭ്രമം ഇല്ലാതെ തിലക് മികവോടെ ബാറ്റ് വീശിയപ്പോൾ സഞ്ജു 7 പന്തിൽ ഏഴ് റൺസുമായി ക്രീസ് വിട്ടിറങ്ങി അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് സ്റ്റംപ് ചെയ്യപ്പെടുകയായിരുന്നു. ഇതോടെയാണ് തിലക് വർമ്മയെ സഞ്ജു കണ്ടുപഠിക്കണമെന്ന ഉപദേശവുമായി ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തിയത്.
സഞ്ജുവിന്റെ കണക്കുകൾ രാജ്യാന്തര ട്വന്റി 20യിൽ വളരെ മോശമാണ് എന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള സഞ്ജുവിനെ ടി20 ടീമിൽ സ്ഥിര സാന്നിധ്യമാക്കണമെന്നും അടുത്ത ലോകകപ്പിനായി പരിഗണിക്കണമെന്നും ആവശ്യം ശക്തമായിരിക്കേയാണ് കണക്ക് നിരത്തി ആരാധകരുടെ പോര്.
ട്വന്റി 20 ക്രിക്കറ്റിൽ 18 ഇന്നിങ്സുകൾ കളിച്ച സഞ്ജു 320 റൺസാണ് നേടിയത്. ഇതിൽ ഒരൊറ്റ 50+ സ്കോർ മാത്രമേയുള്ളൂ. വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടി20യിലും ബാറ്റിങ് പരാജയമായതോടെ സഞ്ജുവിന്റെ ശരാശരി 18.82ലേക്ക് താന്നു. 131.15 സ്ട്രൈക്ക് റേറ്റുള്ളത് മാത്രമാണ് താരത്തിനുള്ള ഏക ആശ്വാസം. അതേസമയം ഐപിഎല്ലിൽ 148 ഇന്നിങ്സുകളിൽ 29.23 ശരാശരിയിലും 137.19 പ്രഹരശേഷിയിലും 3888 റൺസ് സഞ്ജുവിനുണ്ട്. മൂന്ന് സെഞ്ചുറികളും 20 അർധസെഞ്ചുറികളും സഹിതമാണിത്. ഐപിഎല്ലിലെ ഫോം രാജ്യാന്തര കുപ്പായത്തിലേക്ക് കൊണ്ടുവരാൻ സഞ്ജുവിനാകുന്നില്ല എന്ന് വ്യക്തം.
വിൻഡീസിനെതിരെ ട്രിനിഡാഡിലെ ആദ്യ ടി20യിൽ ഇല്ലാത്ത റണ്ണിനായി ഓടിയാണ് സഞ്ജു സാംസൺ പുറത്തായത് എങ്കിൽ രണ്ടാം മത്സരത്തിൽ ക്രീസ് വിട്ടിറങ്ങി സിക്സിന് ശ്രമിച്ച് സ്റ്റംപ് ചെയ്യപ്പെടുകയായിരുന്നു. ഗയാനയിലെ രണ്ടാം ട്വന്റി 20യിൽ ബാറ്റിംഗിൽ സ്ഥാനക്കയറ്റം കിട്ടിയിട്ടും 10 ഓവറുകൾ മുന്നിലുണ്ടായിരുന്നിട്ടും അമിതാവേശം കൊണ്ടുമാത്രം വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു സഞ്ജു. ആദ്യ കളിയിൽ 12 പന്തിൽ 12 ഉം രണ്ടാം മത്സരത്തിൽ 7 പന്തിൽ ഏഴും റൺസേ സഞ്ജുവിനുള്ളൂ. രണ്ട് കളിയിലും പരാജയമായതോടെ മൂന്നാം മത്സരത്തിൽ സഞ്ജുവിന് അവസരം നൽകേണ്ടതില്ല എന്ന ആവശ്യം ഒരുഭാഗത്ത് സജീവമാണ്.
സഞ്ജു സാംസൺ ബാറ്റിങ് പരാജയമായ രണ്ടാം ട്വന്റി 20 മത്സരത്തിലും വിൻഡീസിനെതിരെ ടീം ഇന്ത്യ തോറ്റു. ആദ്യ കളിയിൽ നാല് റൺസിന് ഹാർദിക് പാണ്ഡ്യയും സംഘവും തോൽവി അറിഞ്ഞപ്പോൾ രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു പരാജയം. 153 റൺസ് വിജയലക്ഷ്യം ആതിഥേയർ 7 പന്ത് ബാക്കിനിൽക്ക് 8 വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കി.
അർധസെഞ്ചുറിയുമായി നിക്കോളാസ് പുരാൻ വിൻഡീസിന്റെ വിജയശിൽപിയായി. അവസാന ഓവറുകളിൽ മത്സരം ഇഞ്ചോടിഞ്ചായപ്പോൾ ഒൻപതാം വിക്കറ്റിലെ അൽസാരി ജോസഫ്- അക്കീൽ ഹുസൈൻ പിരിയാത്ത കൂട്ടുകെട്ടാണ് ഇന്ത്യക്ക് പണിയായത്. ജയത്തോടെ അഞ്ച് ടി20കളുടെ പരമ്പരയിൽ 2-0ന് വിൻഡീസ് ലീഡുറപ്പിച്ചു. ഐപിഎൽ 2023 സീസണിൽ മുംബൈ ഇന്ത്യൻസിനായി പുറത്തെടുത്ത പ്രകടനത്തോടെയാണ് തിലക് വർമ്മ ഇന്ത്യൻ ടി20 ടീമിലെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ