ലഖ്‌നൗ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെറ്റായിക്കഴിഞ്ഞുവെന്നും പുതുമുഖ താരങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കായികക്ഷമത തെളിയിച്ചാൽ കെ എൽ രാഹുലും ശ്രേയസ് അയ്യരും തന്നെയാകും ലോകകപ്പ് ടീമിലും അന്തിമ ഇലവനിലും എത്തുകയെന്നും തുറന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം.

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലടക്കം ലോകകപ്പ് ടീമിലെത്താൽ യുവതാരങ്ങൾക്കിടയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. റുതുരാജ് ഗെയ്ക്വാദ് മലയാളി താരം സഞ്ജു സാംസൺ ഇഷാൻ കിഷൻ എന്നിവർക്കൊപ്പം സൂര്യകുമാർ യാദവും ലോകകപ്പ് ടീമിലെത്താനുള്ള പരിശ്രമത്തിലാണ്. എന്നാൽ പുതുമുഖ താരങ്ങൾ ലോകകപ്പ് ടീമിലെത്താൻ കുറച്ചു കൂടി കാത്തിരിക്കേണ്ടിവരുമെന്ന് പറയുകയാണ് കൈഫ്.

ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സെറ്റായി കഴിഞ്ഞു. ഓപ്പണിംഗിൽ രോഹിത്തും ഗില്ലും, മൂന്നാം നമ്പറിൽ കോലി, നാലാമത് ശ്രേയസ് അയ്യർ, അഞ്ചാമത് കെ എൽ രാഹുൽ, പിന്നെ ഹാർദ്ദിക്, ജഡേജ, അക്ഷർ പട്ടേൽ അല്ലെങ്കിൽ ഷാർദ്ദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരാകും ഇന്ത്യയുടെ ഫൈനൽ ഇലവനിൽ കളിക്കുകയെന്നും കൈഫ് പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള മുഹമ്മദ് സിറാജിന് പോലും ഫൈനൽ ഇലവനിൽ ഇടമില്ലെങ്കിൽ പിന്നെ പുതിയ താരങ്ങൾക്ക് എങ്ങനെയാണ് ഇടം കിട്ടുക. അവർ കാത്തിരുന്നേ മതിയാകൂ എന്നും കൈഫ് പറഞ്ഞു.

ഫൈനൽ ഇവലവനിൽ ഇടം നേടിയില്ലെങ്കിലും സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, മുഹമ്മദ് സിറാദ് എന്നിവരെല്ലാം ടീമിൽ എത്താൻ സാധ്യതയുള്ളവരാണ്.കാരണം ഇവരെല്ലാം വർഷങ്ങളായി ഇന്ത്യക്കായി കളിക്കുന്നവരാണ്.പുതുമുഖങ്ങളുടെ കാര്യമാണെങ്കിൽ അവരെ വെസ്റ്റ് ഇൻഡീസിലേക്ക് മാത്രമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യാ കപ്പിലും ലോകകപ്പിലും സീനിയർ താരങ്ങൾ തിരിച്ചുവരുമ്പോൾ ഇവർക്കൊന്നും ഇടമുണ്ടാകില്ലെന്നും കൈഫ് പറഞ്ഞു.

ഐപിഎല്ലിനിടെ പരിക്കേറ്റ കെ എൽ രാഹുൽ പരിക്കിൽ നിന്ന് മോചിതനായി കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. നടുവിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ് ആകട്ടെ പരിക്ക് ഭേദമായെങ്കിലും ഇതുവരെ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. അടുത്ത മാസം അഞ്ചിന് മുമ്പാണ് ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ടത്.