- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അണ്ടർ 19 ലോകകപ്പിൽ ഓസിസിനായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തി; ബിഗ്‌ബാഷ് ലീഗിലും മികവ് തെളിയിച്ചു; ഒടുവിൽ ഏകദിന ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിലും; ജലന്തറിൽനിന്നും സിഡ്‌നിയിലേക്ക് കുടിയേറിയ ടാക്‌സി ഡ്രൈവറുടെ മകൻ തൻവീർ സാംഘ ഇന്ത്യയിൽ എത്തുമോ?
സിഡ്‌നി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്‌ട്രേലിയയുടെ 18 അംഗ സാധ്യതാ ടീമിൽ ഇടംപിടിച്ച ഇന്ത്യൻ വംശജനായ ലെഗ് സ്പിന്നർ തൻവീർ സാംഘയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച വിഷയം. ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് എതിരെ പന്തെറിയാൻ ഇന്ത്യൻ വംശജനായ തൻവീർ സാംഘ രാജ്യത്ത് എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ജലന്തറിൽനിന്നും സിഡ്‌നിയിലേക്കു കുടിയേറിയ ഇന്ത്യൻ വംശജൻ ജോഗ സിങ് സാംഘയുടെ മകനാണ് ഇരുപത്തിയൊന്നുകാരനായ തൻവീർ.
1997ലാണ് ജലന്ധറിന് സമീപത്തെ റഹിംപുരിൽനിന്നും ജോഗ് സിങ് സാംഘയും കുടുംബവും സിഡ്‌നിയിലേക്ക് കുടിയേറിയത്. സിഡ്‌നിയിൽ ടാക്‌സി ഡ്രൈവറാണ് ജോഗ് സിങ് സാംഘ. മാതാവ് ഉപനീത് അക്കൗണ്ടന്റാണ്.
2020ലെ അണ്ടർ 19 ലോകകപ്പിൽ 15 വിക്കറ്റുമായി ആസ്‌ട്രേലിയക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ താരമായിരുന്നു തൻവീർ സാംഘ. ബിഗ്‌ബാഷ് ലീഗിൽ സിഡ്‌നി തണ്ടേഴ്‌സിനായി കളത്തിലിറങ്ങിയ താരം 2020-21 സീസണിൽ 21 വിക്കറ്റ് വീഴ്‌ത്തി ശ്രദ്ധ നേടി. അടുത്ത സീസണിൽ 16 വിക്കറ്റ് വീഴ്‌ത്തിയെങ്കിലും പരിക്ക് കാരണം ടീമിന് പുറത്തായത് തിരിച്ചടിയായി. 2021ൽ ന്യൂസിലാൻഡ് പര്യടനത്തിനുള്ള ട്വന്റി 20 ടീമിൽ ഇടം പിടിച്ചിരുന്നു.
പാറ്റ് കമ്മിൻസ് നയിക്കുന്ന ആസ്‌ട്രേലിയൻ ടീമിൽ മുൻനിര ബാറ്റർ മാർനസ് ലബൂഷാനെ ഉൾപ്പെടുത്തിയിട്ടില്ല. സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കക്കും ഇന്ത്യക്കുമെതിരെ നടക്കുന്ന ഏകദിന പരമ്പരകളിലും ഈ സംഘമാണ് കളിക്കുക. ലോകകപ്പിനുമുമ്പ് 15 അംഗ അന്തിമ സംഘത്തെ പ്രഖ്യാപിക്കും. ഓൾ റൗണ്ടർ ആരോൺ ഹാർഡിയാണ് ടീമിലെ മറ്റൊരു പുതുമുഖം.
ലോകകപ്പിനുള്ള ആസ്‌ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സീൻ അബോട്ട്, ആഷ്ടൺ ആഗർ, അലക്സ് കാരി, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ആരോൺ ഹാർഡി, ജോഷ് ഹാസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഘ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്, മാർകസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാംപ.
സ്പോർട്സ് ഡെസ്ക്