- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരള ക്രിക്കറ്റ് ടീമിന് ഇനി സൂപ്പർ പരിശീലകൻ; മുൻ ഇന്ത്യൻ താരം എം.വെങ്കടരമണയെ പുതിയ കോച്ചായി നിയമിച്ച് കെസിഎ; ഹൈ പെർഫോമൻസ് സെന്റർ ഡയറക്ടറായി ടിനു യോഹന്നാന് ചുമതല
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഇന്ത്യയുടെ മുൻ താരം എം വെങ്കട്ടരമണയെ നിയമിച്ചു. 2023- 24 ആഭ്യന്തര സീസണിലേക്കാണ് കരാർ. ടിനു യോഹന്നാന് പകരമാണ് നിയമനം. രണ്ട് വർഷമായി തമിഴ്‌നാട് പരിശീലകനാണ് വെങ്കട്ടരമണ. ടിനു യോഹന്നാനെ കെസിഎ ഹൈ പെർഫോമൻസ് സെന്റർ ഡയറക്ടറായി നിയമിച്ചു.
കരിയറിൽ ഓഫ് സ്പിന്നറായിരുന്ന എം വെങ്കട്ടരമണയ്ക്ക് പരിശീലകന്റെ റോളിൽ വലിയ പരിചയസമ്പത്തുണ്ട്. തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹം മുൻ ഇന്ത്യൻ ഓഫ് സ്പിന്നറാണ്. 2021 മുതൽ 2023 വരെ തമിഴ്‌നാട് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന വെങ്കടരമണ ദീർഘകാലം സിങ്കപ്പുർ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു. 2022 ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖലയെ പരിശീലിപ്പിച്ചതും ഇദ്ദേഹമാണ്.
75 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെയും 30 ലിസ്റ്റ് എ മത്സരങ്ങളുടേയും പരിചയമുണ്ട് താരമെന്ന നിലയിൽ എം വെങ്കട്ടരമണയ്ക്ക്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 247 ഉം ലിസ്റ്റ് എയിൽ 36 ഉം വിക്കറ്റ് നേടി. 1987- 88 രഞ്ജി അരങ്ങേറ്റ സീസണിൽ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി പേരെടുത്തു. എട്ട് മത്സരങ്ങളിൽ വീഴ്‌ത്തിയ 35 വിക്കറ്റുകളിൽ ഏഴ് എണ്ണം ഫൈനലിൽ ചെപ്പോക്കിൽ റെയിൽവേസിന് എതിരെയായിരുന്നു. മത്സരത്തിൽ ഇന്നിങ്സ് ജയവുമായി തമിഴ്‌നാട് കപ്പുയർത്തി.
ഈ മികവിലൂടെ താരം ഇന്ത്യൻ ടീമിലെത്തിയെങ്കിലും ഓരോ ടെസ്റ്റും ഏകദിനവും കളിക്കാനുള്ള അവസരമേ ലഭിച്ചുള്ളൂ. തമിഴ്‌നാട് ക്രിക്കറ്റ് ടീമിന് പുറമെ ദുലീപ് ട്രോഫിയിൽ സൗത്ത് സോണിന്റെയും സിംഗപ്പൂർ സീനിയർ പുരുഷ ടീമിന്റെയും തമിഴ്‌നാട് പ്രീമിയർ ലീഗിൽ ദിണ്ടിഗൽ ഡ്രാഗണിന്റേയും പരിശീലകനായും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ സ്പിൻ കോച്ചായും പ്രവർത്തിച്ച് പരിചയമുണ്ട്.
ഒക്ടോബർ 16ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയോടെയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ആഭ്യന്തര സീസൺ തുടങ്ങുന്നത്. ഇതിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയും രഞ്ജി ട്രോഫിയും നടക്കും. വരും സീസണിൽ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് കേരള ടീമിന്റെ ലക്ഷ്യം.
സ്പോർട്സ് ഡെസ്ക്