ഗയാന: ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ജീവന്മരണ പോരാട്ടത്തിന് ഇന്ത്യ. അഞ്ച് മത്സര ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യക്ക് ഇന്ന് കൂടി പരാജയപ്പെട്ടാൽ ട്വന്റി 20 പരമ്പര നഷ്ടമാകും. മൂന്നാം ടി20യിൽ ടോസ് നേടിയ വിൻഡീസ് നായകൻ റോവ്മാൻ പവൽ ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കേറ്റ ജേസൻ ഹോൾഡറിന് പകരം റോസ്ടൻ ചേസ് വിൻഡീസ് പ്ലേയിങ് ഇലവനിലെത്തി.

ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളാണുള്ളത്. രവി ബിഷ്ണോയിക്ക് പകരം കുൽദീപ് യാദവും ഇഷാൻ കിഷന് പകരം യശസ്വി ജയ്സ്വാളും ടീമിലിടം നേടി. ട്വന്റി 20 ഫോർമാറ്റിൽ ജയ്സ്വാൾ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും.

അഞ്ചുമത്സരങ്ങളുടെ പരമ്പരയിലെ ആദ്യരണ്ടുകളികളും തോറ്റ ഇന്ത്യൻ ടീം ആകെ ഉലഞ്ഞിട്ടുണ്ട്. ഇനിയൊരു തോൽവി പരമ്പര നഷ്ടപ്പെടുത്തും. ദുർബലരായ വിൻഡീസിനെതിരേ പരമ്പര നഷ്ടമായാൽ അത് ഇന്ത്യൻ സംഘത്തിന് കനത്തതിരിച്ചടിയാകും. രണ്ടാം മത്സരത്തിൽ രണ്ടുവിക്കറ്റിനാണ് ആതിഥേയർ ജയിച്ചത്. 40 പന്തിൽ 67 റൺസടിച്ച നിക്കോളാസ് പൂരനാണ് വിൻഡീസ് ജയത്തിന് ചുക്കാൻപിടിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഏഴുവിക്കറ്റിന് 152 റൺസെടുത്തപ്പോൾ വിൻഡീസ് 18.5 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു.

ബാറ്റിങ്നിരയുടെ മോശം പ്രകടനമാണ് ഇന്ത്യയെ അലട്ടുന്നത്. രണ്ടുകളിയിലായി 96 റൺസെടുത്ത യുവതാരം തിലക് വർമ ഒഴികെയുള്ളവർ മോശം കളിയാണ് കാഴ്ചവെച്ചത്. നായകൻ ഹാർദിക് പാണ്ഡ്യ (43), ഇഷാൻ കിഷൻ (33), അക്‌സർ പട്ടേൽ (27), സൂര്യകുമാർ യാദവ് (22), സഞ്ജു സാംസൺ (19), ശുഭ്മാൻ ഗിൽ (10) എന്നിവർ കളിമറക്കുന്നു. ബൗളിങ്നിര താരതമ്യേനെ നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ട്.

ഇന്ത്യ: യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ.

വിൻഡീസ്: വെസ്റ്റ് ഇൻഡീസ്: കെയ്ൽ മെയേഴ്സ്, ബ്രാണ്ടൻ കിങ്, ജോൺസൺ ചാൾസ്, നിക്കോളാസ് പുരാൻ(വിക്കറ്റ് കീപ്പർ), ഷിമ്രോൻ ഹെറ്റ്മെയർ, റോവ്മാൻ പവൽ(ക്യാപ്റ്റൻ), റോസ്ടൻ ചേസ്, റൊമാരിയോ ഷെഫേർഡ്, അക്കീൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബെഡ് മക്കോയ്.