ഗയാന: വെസ്റ്റ് ഇൻഡീസിനെതിരെ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ച് സൂര്യകുമാർ യാദവിന്റെയും തിലക് വർമയുടേയും ബാറ്റിങ് വെടിക്കെട്ട്. മൂന്നാം ട്വന്റി 20യിൽ ഏഴ് വിക്കറ്റിന്റെ ത്രില്ലർ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവെച്ച 160 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.5 ഓവറിൽ ഇന്ത്യ സ്വന്തമാക്കി. ഇതോടെ അഞ്ച് ടി20കളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് പ്രതീക്ഷ നിലനിർത്തി. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടും യുവതാരം തിലക് വർമ്മയുടെ തുടർച്ചയായ മൂന്നാം ഗംഭീര ഇന്നിങ്‌സുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

മറുപടി ബാറ്റിംഗിൽ അരങ്ങേറ്റക്കാരൻ യശസ്വി ജയ്സ്വാളിനെ ഇന്നിങ്സിലെ നാലാം പന്തിൽ ഇന്ത്യക്ക് നഷ്ടമായി. 2 പന്തിൽ ഒരു റണ്ണെടുത്ത ജയ്സ്വാളിനെ ഒബെഡ് മക്കോയി പുറത്താക്കുകയായിരുന്നു. മറ്റൊരു ഓപ്പണർ ശുഭ്മാൻ ഗിൽ(11 പന്തിൽ 6) വീണ്ടും പരാജയമായി. ഇതിന് ശേഷം 23 പന്തിൽ ഫിഫ്റ്റി തികച്ച സൂര്യകുമാർ യാദവും തുടർച്ചയായ മൂന്നാം മത്സരത്തിലും ക്ലാസ് കാണിച്ച തിലക് വർമ്മയും 50 റൺസ് കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടുനയിച്ചു. 10 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യൻ സ്‌കോർ 97-2. 44 പന്തിൽ 10 ഫോറും നാല് സിക്‌സും സഹിതം 83 റൺസെടുത്ത സൂര്യകുമാറിനെ അൽസാരി ജോസഫ് 13-ാം ഓവറിൽ മടക്കിയെങ്കിലും തിലക് വർമ്മയും ഹാർദിക് പാണ്ഡ്യയും ചേർന്ന് ടീമിനെ ജയിപ്പിച്ചു.

വിൻഡീസ് ബൗളർമാരെ കടന്നാക്രമിച്ച സൂര്യയായിരുന്നു കൂടുതൽ അപകടകാരി. 44 പന്തുകൾ നേരിട്ട താരം 10 ഫോറും നാല് സിക്സും പറത്തി 83 റൺസെടുത്താണ് മടങ്ങിയത്. ഇന്ത്യൻ നിരയിലെ ടോപ് സ്‌കോററും സൂര്യ തന്നെ. തിലകിനൊപ്പം അതിവേഗം 87 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് താരം മടങ്ങിയത്. പിന്നാലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് തിലക് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 37 പന്തുകൾ നേരിട്ട തിലക് നാല് ഫോറും ഒരു സിക്സുമടക്കം 49 റൺസോടെ പുറത്താകാതെ നിന്നു. ഹാർദിക് 15 പന്തിൽ നിന്ന് 20 റൺസെടുത്തു.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റുചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തിരുന്നു. ബ്രാൻഡൺ കിങ്ങിന്റെയും നായകൻ റോവ്മാൻ പവലിന്റെയും മികച്ച ബാറ്റിങ്ങാണ് വിൻഡീസിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിനായി മികച്ച തുടക്കമാണ് ഓപ്പണർമാരായ കൈൽ മയേഴ്‌സും ബ്രാൻഡൺ കിങ്ങും ചേർന്ന് നൽകിയത്. ഏഴോവറിൽ തന്നെ ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. എന്നാൽ എട്ടാം ഓവറിൽ അക്ഷർ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 20 പന്തിൽ നിന്ന് 25 റൺസെടുത്ത മയേഴ്‌സിനെ അക്ഷർ അർഷ്ദീപിന്റെ കൈയിലെത്തിച്ചു. ആദ്യവിക്കറ്റിൽ കിങ്ങിനൊപ്പം 55 റൺസാണ് മയേഴ്‌സ് അടിച്ചെടുത്തത്.

മൂന്നാമനായി വന്ന ജോൺസൺ ചാൾസിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. 12 റൺസെടുത്ത താരത്തെ കുൽദീപ് യാദവ് വിക്കറ്റിന് മുന്നിൽ കുടുക്കി. നാലാമനായി കഴിഞ്ഞ മത്സരത്തിലെ ഹീറോ നിക്കോളാസ് പൂരാനാണ് എത്തിയത്. പൂരാൻ നന്നായി ബാറ്റുചെയ്യാനാരംഭിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. കിങ്ങും പൂരാനും ചേർന്ന് 13.4 ഓവറിൽ ടീം സ്‌കോർ 100 കടത്തി. എന്നാൽ കുൽദീപിനെ കൊണ്ടുവന്ന് ഹാർദിക് ഈ കൂട്ടുകെട്ട് തകർത്തു. കുൽദീപിന്റെ പന്തിൽ കയറിയടിക്കാൻ ശ്രമിച്ച പുരനെ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ സ്റ്റംപ് ചെയ്ത് പുറത്താക്കി. പുരൻ മടങ്ങുമ്പോൾ ടീം സ്‌കോർ 105-ൽ എത്തിയിരുന്നു. അതേ ഓവറിൽ തന്നെ കിങ്ങിനെയും മടക്കി കുൽദീപ് കൊടുങ്കാറ്റായി. 42 പന്തിൽ നിന്ന് 42 റൺസെടുത്ത കിങ്ങിനെ കുൽദീപ് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ വിൻഡീസ് പതറി.

പിന്നാലെ വന്ന ഷിംറോൺ ഹെറ്റ്‌മെയർ ഈ മത്സരത്തിലും പരാജയമായി. ഒൻപത് റൺസെടുത്ത താരത്തെ മുകേഷ് കുമാർ പുറത്താക്കി. മറുവശത്ത് നായകൻ റോവ്മാൻ പവൽ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. താരം ടീം സ്‌കോർ 150 കടത്തുകയും ചെയ്തു. പവൽ വെറും 19 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സിന്റെയും ഒരു ഫോറിന്റെയും സഹായത്തോടെ 40 റൺസെടുത്ത് പുറത്താവാതെ നിന്നു. റൊമാരിയോ ഷെപ്പേർഡ് രണ്ട് റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മുകേഷ് കുമാറും അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.