- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏകദിന ലോകകപ്പ് അരികെ; ബാറ്റർമാരുടെ റാങ്കിംഗിൽ കുതിപ്പുമായി ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും; വിരാട് കോലിയും ആദ്യ പത്തിൽ; ബാബർ അസം ഒന്നാമത്; ബൗളർമാരിൽ കുൽദീപ് മുന്നോട്ട്
ദുബായ്: ഏകദിന ലോകകപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് കുതിപ്പ്. ഏറ്റവും പുതിയ പുരുഷ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾ നേട്ടമുണ്ടാക്കി. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് നേടിയതോടെയാണ് ഈ കുതിപ്പ്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 310 റൺസ് അടിച്ചുകൂട്ടിയ ഓപ്പണിങ് ജോഡിയായ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനുമാണ് റാങ്കിംഗിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. ബൗളർമാരിൽ കുൽദീപ് യാദവും ഷർദ്ദുൽ താക്കൂറും തിളങ്ങി.
ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിംഗിലെത്തി. രണ്ട് സ്ഥാനങ്ങളുയർന്ന ഗിൽ(743 റേറ്റിങ് പോയിന്റ്) അഞ്ചാമെത്തിയപ്പോൾ ഇഷാൻ കിഷൻ 9 സ്ഥാനങ്ങളുയർന്ന് 36ലെത്തി. ഒൻപതാം സ്ഥാനത്തുള്ള വിരാട് കോലിയാണ് ഗില്ലിന് പുറമെ ആദ്യ പത്തിലുള്ള ഇന്ത്യൻ ബാറ്റർ.
പാക്കിസ്ഥാൻ ബാറ്റർ ബാബർ അസം(886), ദക്ഷിണാഫ്രിക്കൻ താരം റാസ്സീ വാൻ ഡർ ഡസ്സൻ(777), പാക്കിസ്ഥാന്റെ തന്നെ ഫഖർ സമാൻ(755), ഇമാം ഉൾ ഹഖ്(745) എന്നിവർ യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളിൽ തുടരുന്നു. 886 റേറ്റിങ് പോയിന്റുകളുമായി വൻ കുതിപ്പാണ് ബാബർ നടത്തുന്നത്. രണ്ടാമതുള്ള റാസ്സീക്ക് 777 റേറ്റിംഗേ ഉള്ളൂ.
ബൗളർമാരിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് നാല് സ്ഥാനങ്ങളുയർന്ന് ആദ്യ പത്തിലെത്തി. വിൻഡീസിനെതിരെ കുൽദീപ് ഏഴ് വിക്കറ്റ് നേടിയിരുന്നു. പരമ്പരയിൽ എട്ട് വിക്കറ്റ് വീഴ്‌ത്തിയ ഷർദ്ദുൽ താക്കൂർ മൂന്ന് സ്ഥാനങ്ങൾ കയറി മുപ്പതാമതെത്തി.
ഓസീസിന്റെ ജോഷ് ഹേസൽവുഡ്(705), മിച്ചൽ സ്റ്റാർക്ക്(686), അഫ്ഗാന്റെ റാഷിദ് ഖാൻ(682), ഇന്ത്യയുടെ മുഹമ്മദ് സിറാജ്(670), ന്യൂസിലൻഡിന്റെ മാറ്റ് ഹെന്റി(667) എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ അഞ്ച് സ്ഥാനങ്ങളുയർന്ന് പതിനൊന്നിലെത്തി. ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസന്റെ ഒന്നാം റാങ്കിൽ മാറ്റമില്ല.
സ്പോർട്സ് ഡെസ്ക്