മുംബൈ: ഇന്ത്യ അതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഒമ്പത് മത്സരങ്ങൾ പുനഃക്രമീകരിച്ചു. പുതുക്കിയ മത്സരങ്ങളുടെ പട്ടികയിൽ ഇന്ത്യ- പാക് ആവേശപ്പോരാട്ടവുമുണ്ട്. ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്താനിരുന്ന മത്സരം ഒരു ദിവസം മുന്നേ പതിനാലാം തിയതി നടക്കും. സുരക്ഷാ കാരണങ്ങളാലാണ് അഹമ്മദാബാദിലെ അയൽക്കാരുടെ പോരാട്ടം ഒരു ദിവസം മുന്നേയാക്കിയത്. സുരക്ഷാ കാരണങ്ങളും വിവിധ ബോർഡുകളുടെ ആവശ്യവും പരിഗണിച്ചാണ് ലോകകപ്പ് ഷെഡ്യൂളിൽ മാറ്റം വരുത്തിയത്.

പാക്കിസ്ഥാന്റെ മൂന്നും ഇന്ത്യയുടെ രണ്ടും മത്സരങ്ങളടക്കം മാറ്റിയതായാണ് ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗികമായി അറിയിച്ചത്. അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒക്ടോബർ 15ന് മത്സരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, 15ന് നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നതിനാൽ മതിയായ സുരക്ഷ ഒരുക്കുന്നതിലെ പ്രയാസം ബി.സി.സിഐയെ അഹ്‌മദാബാദ് പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇന്ത്യ-നെതർലാൻഡ് മത്സരത്തിലും മാറ്റമുണ്ട്. നവംബർ 12 ഉച്ചക്ക് രണ്ടിനാണ് ഈ മത്സരം നടക്കുക.

സമയക്രമം പുനഃപരിശോധിക്കാൻ ജൂലൈ 27ന് ബി.സി.സിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. മത്സരങ്ങൾക്കിടയിലുള്ള ഇടവേള കുറവാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ടീമുകൾ മത്സരക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടതായും ഇതിന്റെ അടിസ്ഥാനത്തിലുള്ള മാറ്റം ഉടനുണ്ടാകുമെന്നും ജയ് ഷാ പറഞ്ഞിരുന്നു. ഇന്ത്യ-പാക് മത്സര ദിവസം മാറ്റിയത് അന്നത്തേക്ക് യാത്രക്ക് ഒരുങ്ങിയവർക്ക് തിരിച്ചടിയാകും. പലരും വിമാന ടിക്കറ്റുകളും ഹോട്ടലുകളുമെല്ലാം ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു. 2019ൽ ഇരു ടീമുകളും ലോകകപ്പിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഇന്ത്യ- പാക് മത്സരത്തിന്റെ തിയതി മാറിയതോടെ ഒക്ടോബർ 14ന് നടക്കേണ്ടിരുന്ന ഇംഗ്ലണ്ട്- അഫ്ഗാനിസ്ഥാൻ മത്സരം പുതുക്കിയ മത്സരക്രമം അനുസരിച്ച് 15-ാം തിയതിയേ നടക്കൂ. ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ഈ മത്സരം. ഹൈദരാബാദിൽ ഒക്ടോബർ 12ന് നടക്കേണ്ടിയിരുന്ന ശ്രീലങ്ക- പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 10ന് നടക്കും. ലഖ്നൗവിൽ 13-ാം തിയതി നടക്കേണ്ടിയിരുന്ന ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക അങ്കം 12-ാം തിയതി അരങ്ങേറും.

ചെന്നൈയിൽ ഒക്ടോബർ 14-ാം തിയതി നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്ന ന്യൂസിലൻഡ്- ബംഗ്ലാദേശ് മത്സരം പുതിയ ഷെഡ്യൂൾ പ്രകാരം 13-ാം തിയതിയാണ് നടക്കുക. പകൽ നടക്കേണ്ടിയിരുന്ന ഈ മത്സരം പകലു രാത്രിയുമായാണ് ഇനി സംഘടിപ്പിക്കുക. ധരംശാലയിൽ ഒക്ടോബർ 10ന് നടക്കേണ്ട ഇംഗ്ലണ്ട്- ബംഗ്ലാദേശ് മത്സരം ഡേ-നൈറ്റ് കളിയിൽ നിന്ന് മാറ്റി രാവിലെ 10.30ന് ആരംഭിക്കുന്ന തരത്തിലാക്കിയിട്ടുണ്ട്. നവംബർ 12ന് ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഇരട്ട മത്സരം ഒരു ദിവസം മുന്നേ 11ലേക്ക് ആക്കിയിട്ടുണ്ട്. ഓസീസ്- ബംഗ്ലാദേശ്(10.30 AM- പൂണെ), ഇംഗ്ലണ്ട്- പാക്കിസ്ഥാൻ(2.00 PM- കൊൽക്കത്ത എന്നിങ്ങനെയാണ് പുതിയ സമയം. ബെംഗളൂരുവിൽ 11-ാം തിയതി നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ നെതർലൻഡ്സിന് എതിരായ അവസാന ലീഗ് മത്സരം 12-ാം തിയതി പകൽ- രാത്രി മത്സരമായി നടത്തുന്നതാണ് മറ്റൊരു മാറ്റം.

ഒക്ടോബർ അഞ്ചിന് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലൻഡും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതോടെയാണ് ഏകദിന ലോകകപ്പിന് ഇന്ത്യയിൽ തുടക്കമാകുന്നത്. നവംബർ 19ന് ഇതേ സ്റ്റേഡിയത്തിലാണ് കലാശപ്പോര്.