മുംബൈ: സ്വന്തം മണ്ണിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കരുത്തുറ്റ ടീമിനെ അണിനിരത്താനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതിന് മുന്നോടിയായി വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും മത്സരത്തിൽ നടത്തിയ പരീക്ഷണങ്ങൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. അവസാന രണ്ട് ഏകദിനത്തിലും സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യ 2-1ന് പരമ്പര ജയിച്ചെങ്കിലും ഒട്ടും എളുപ്പമായിരുന്നില്ല നേട്ടം.

അവസാന രണ്ട് ഏകദിനത്തിലും ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാൻ കിഷൻ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങൾക്ക് അവസരം ലഭിക്കുകയും ചെയ്തു. ഇത്തരം തന്ത്രങ്ങൾക്കല്ലാം പിന്നിൽ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കൈകളാണെന്ന് വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ ദ്രാവിഡിനെ സംരക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ. ലോകകപ്പിന് മികച്ച ടീമിനെ ഒരുക്കേണ്ടതുണ്ടെന്നാണ് രോഹിത് പറയുന്നത്. ഏഷ്യാകപ്പിലും പരീക്ഷണങ്ങൾ തുടർന്നേക്കുമെന്ന സൂചനയാണ് രോഹിത് നൽകുന്നത്.

ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീം സിലക്ഷനെക്കുറിച്ചും രോഹിത് ശർമ പ്രതികരിച്ചു. തന്റെ കാര്യം പോലും പറയാനാകില്ലെന്നാണ് രോഹിത് ശർമ ഇതു സംബന്ധിച്ച ചോദ്യത്തോടു പ്രതികരിച്ചത്. ലോകകപ്പ് ടീമിൽ ഇടം ഉറപ്പിക്കുന്നതിനായി ഏഷ്യാകപ്പിൽ തിളങ്ങേണ്ടതു ചില താരങ്ങൾക്കു മേൽ സമ്മർദമുണ്ടാക്കുന്നതായും രോഹിത് ശർമ വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീം, പ്രത്യേകിച്ച് ബാറ്റിങ്ങിന്റെ കാര്യത്തിൽ ചിലരെ മാത്രം അമിതമായി ആശ്രയിക്കേണ്ടി വരുന്നതിനോടു തനിക്കു താൽപര്യമില്ലെന്നും സ്പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയുമായി ബന്ധപ്പെട്ട പരിപാടിയിൽ രോഹിത് വെളിപ്പെടുത്തി.

''നമുക്കു വിജയിക്കണം, അതുപോലെ തന്നെ നമ്മൾ ഉത്തരം നൽകേണ്ട ചോദ്യങ്ങളുമുണ്ട്. ഏഷ്യാകപ്പിൽ ശക്തരായ ടീമുകൾക്കെതിരെ ചില താരങ്ങൾ എങ്ങനെയാണു കളിക്കുന്നതെന്ന് എനിക്കു മനസ്സിലാക്കേണ്ടതുണ്ട്. സമ്മർദ്ദഘട്ടത്തിൽ നിലവാരമുള്ള ടീമുകൾക്കെതിരെ അവരെല്ലാം എങ്ങനെ ബാറ്റ് ചെയ്യുന്നുവെന്ന് കണ്ടറിയണം. എന്താണു സംഭവിക്കുകയെന്നു നമുക്കു നോക്കാം. ലോകകപ്പിലേക്കു പരിഗണിക്കാൻ ടീം ഇന്ത്യയുടെ മുന്നിൽ ഒരുപാട് പേരുകളുണ്ട്. പക്ഷേ അതിനു മുൻപ് നമുക്ക് ഏഷ്യാകപ്പ് മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ഏഷ്യാകപ്പ് ടീമിലേക്ക് ആരും നേരിട്ട് സിലക്ഷൻ ഉറപ്പിച്ചുവെന്നു പറയാനാകില്ല, എന്റെ കാര്യത്തിലും അങ്ങനെ തന്നെ.''

''ആർക്കും ടീമിൽ സ്ഥാനം ഉറപ്പില്ല. ഏഷ്യാകപ്പിനുള്ള ടീമിൽ ഉണ്ടാകുമെന്നാണു ചില താരങ്ങൾ കരുതുന്നത്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര ചില താരങ്ങളെക്കൂടി മനസ്സിലാക്കാൻ അവസരമൊരുക്കി. ഏഷ്യാകപ്പിലെ എതിരാളികളെല്ലാം ശക്തരാണെന്ന് അറിയാം.'' രോഹിത് ശർമ പ്രതികരിച്ചു. . നമുക്ക് മികച്ച താരങ്ങളുണ്ടെന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണ്. സമയമാവുമ്പോൾ താരങ്ങളെല്ലാം പൂർണ കായികക്ഷമത കൈവരിക്കുമെന്ന് കരുതാം. കെ എൽ രാഹുലും ശ്രേയസ് അയ്യരും കഴിഞ്ഞ നാല് മാസമായിട്ട് നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ്. അവർ കഠിനാധ്വാനം ചെയ്യുന്നു. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അവരുടെ വരവിനായി.'' രോഹിത് പറഞ്ഞു. ഓഗസ്റ്റ് 30നാണ് ഏഷ്യാകപ്പ് മത്സരങ്ങൾക്കു തുടക്കമാകുന്നത്. സെപ്റ്റംബർ രണ്ടിന് ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനാണ് എതിരാളികൾ. ശ്രീലങ്കയിലെ കാൻഡിയിലാണ് ഇന്ത്യ പാക്ക് പോരാട്ടം.