- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിൻഡീസിനെതിരെ നാലാം ട്വന്റി 20 മത്സരം ഇന്ന് ഫ്‌ളോറിഡയിൽ; പരമ്പരയിൽ ഒപ്പമെത്താൻ ജീവന്മരണ പോരാട്ടത്തിന് ഇന്ത്യ; ജയ്സ്വാളിനെ നിലനിർത്തിയേക്കും; സഞ്ജു സാംസണ് നിർണായകം
ഫ്‌ളോറിഡ: ഇന്ത്യ - വിൻഡീസ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം അമേരിക്കയിലെ ഫ്‌ളോറിഡയിൽ ഇന്ന് നടക്കും. രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ഫ്‌ളോറിഡയിലെ സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യക്ക് ജയിച്ചെ തീരു. ഇന്ന് തോറ്റാൽ ടി20 പരമ്പര നഷ്ടമാവും. ജയിച്ചാൽ 2-2ന് ഒപ്പമെത്താം. മറുവശത്ത് വിൻഡീസ് ആവട്ടെ നാലാം മത്സരത്തിൽ തന്നെ പരമ്പര പിടിക്കാനാണ് ശ്രമിക്കുന്നത്.
മൂന്നാം മത്സരത്തിൽ ഇന്ത്യ ഗംഭീര വിജയം നേടിയെങ്കിലും സമ്മർദ്ദം വിട്ടുമാറിയിട്ടില്ല. ജോർജ്ടൗണിൽ നടന്ന മൂന്നാം ടി20യിൽ ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂര്യകുമാർ യാദവ് (83), തിലക് വർമ (49) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് തുണയായത്.
ട്വന്റി 20യിൽ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്സ്വാൾ (1) നിരാശപ്പെടുത്തിയിരുന്നു. ശുഭ്മാൻ ഗില്ലിന് (6) ഒരിക്കൽകൂടി തിളങ്ങാൻ കഴിഞ്ഞില്ല. ഓപ്പണിങ് സ്ലോട്ട് തന്നെയാണ് ഇന്ത്യയെ കുഴക്കുന്നത്. ജയ്സ്വാൾ ഇന്നും സ്ഥാനം നിലനിർത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇഷാൻ കിഷൻ പുറത്തിരിക്കേണ്ടി വരും.
വിക്കറ്റിന് പിന്നിൽ സഞ്ജു സാംസൺ തുടരാനാണ് സാധ്യത. ബൗളിങ് നിരയിലും മാറ്റത്തിന് സാധ്യതയില്ല. വിൻഡീസ് നിരയിൽ നിക്കോളാസ് പുരാൻ ഒഴികെ മറ്റാർക്കും സ്ഥിരതയില്ല. പരിക്കിൽ നിന്ന് മുക്തനായാൽ ജേസൺ ഹോൾഡർ ടീമിൽ തിരിച്ചെത്തും. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു കെയ്ൻ മെയേഴ്സിനും ഷിംറോൺ ഹെറ്റ്മെയറിനും സ്വതസിദ്ധമായ ശൈലിയിലേക്ക് ഉയരാൻ കഴിയുന്നില്ല.
നായകൻ റോവ്മാൻ പവലും അവസരത്തിനൊത്ത് ഉയരുന്നില്ല. മൂന്ന് സ്പിന്നർമാരുമായി കളിക്കാനെത്തുന്ന ഇന്ത്യയെ പ്രതിരോധിക്കുക വിൻഡീസ് മധ്യനിര താരങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കും.
ഇന്ത്യ - സാധ്യതാ ഇലവൻ
ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, യൂസ്വേന്ദ്ര ചാഹൽ.
സ്പോർട്സ് ഡെസ്ക്