ഫ്‌ളോറിഡ: വെസ്റ്റ് ഇൻഡീസിന് എതിരായ നാലാം ട്വന്റി 20 മത്സരത്തിൽ ഒൻപത് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ടീം ഇന്ത്യ പരമ്പരയിൽ ഒപ്പത്തിനൊപ്പം. ഫ്‌ളോറിഡയിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവെച്ച 179 റൺസ് വിജയലക്ഷ്യം 17 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. യശസ്വി ജയ്സ്വാൾ - ശുഭ്മാൻ ഗിൽ ഓപ്പണിങ് കൂട്ടുകെട്ടിന്റെ ബാറ്റിങ് വിരുന്നാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. 165 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരും ട്വന്റി 20യിൽ ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന കൂട്ടുകെട്ടെന്ന റെക്കോഡും സ്വന്തമാക്കി. സ്‌കോർ: വെസ്റ്റ് ഇൻഡീസ്- 178/8 (20), ഇന്ത്യ- 179/1 (17).

ഓപ്പണിങ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലും യശസ്വി ജയ്‌സ്വാളും 15.3 ഓവറിൽ 165 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ചപ്പോൾ ഗില്ലിനെ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 47 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്‌സുകളും സഹിതം 77 റൺസെടുത്തായിരുന്നു ഗില്ലിന്റെ മടക്കം. റൊമാരിയോ ഷെഫേർഡിനായിരുന്നു വിക്കറ്റ്. 51 പന്തുകൾ നേരിട്ട ജയ്സ്വാൾ മൂന്ന് സിക്സും 11 ഫോറുമടക്കം 84 റൺസോടെ പുറത്താകാതെ നിന്നു. ഇന്ത്യ വിജയറൺ സ്വന്തമാക്കുമ്പോൾ ഏഴ് റൺസുമായി തിലക് വർമയായിരുന്നു ജയ്സ്വാളിന് കൂട്ട്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമും ഒപ്പത്തിനൊപ്പമെത്തി (2-2). ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിലെ വിജയി പരമ്പര സ്വന്തമാക്കും.

ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഇതോടെ മൂന്നും നാലും മത്സരങ്ങളിൽ ജയമായി. ഫ്‌ളോറിഡയിൽ ഞായറാഴ്ച നടക്കുന്ന അഞ്ചാം ട്വന്റി 20 പരമ്പര വിജയികളെ തീരുമാനിക്കും. തുടർച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റുചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. അർധസെഞ്ചുറി നേടി തകർത്തടിച്ച ഷിംറോൺ ഹെറ്റ്‌മെയറാണ് വിൻഡീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് തുടക്കത്തിൽത്തന്നെ ആക്രമണം അഴിച്ചുവിട്ടു. ഓപ്പണർമാരായ കൈൽ മായേഴ്‌സ് വെറും ഏഴ് പന്തിൽ നിന്ന് 17 റൺസെടുത്തു. എന്നാൽ നേരിട്ട എട്ടാം പന്തിൽ താരം അർഷ്ദീപിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സഞ്ജുവാണ് താരത്തെ ക്യാച്ചെടുത്ത് പുറത്താക്കിയത്. പിന്നാലെ വന്ന ഷായ് ഹോപ്പ് ബ്രാൻഡൺ കിങ്ങിനെ കൂട്ടുപിടിച്ച് അടിച്ചുതകർത്തു. 5.3 ഓവറിൽ ടീം സ്‌കോർ 50 കടന്നു. എന്നാൽ ആറാം ഓവറിൽ കിങ്ങിനെ മടക്കി അർഷ്ദീപ് വീണ്ടും ഇന്ത്യയ്ക്ക് പ്രതീക്ഷ പകർന്നു. 16 പന്തിൽ 18 റൺസെടുത്ത കിങ്ങിനെ തകർപ്പൻ ക്യാച്ചിലൂടെ കുൽദീപ് മടക്കി.

പിന്നാലെ വന്ന വിൻഡീസിന്റെ സൂപ്പർ താരം നിക്കോളാസ് പുരനും പിടിച്ചുനിൽക്കാനായില്ല. വെറും ഒരു റൺ മാത്രമെടുത്ത താരത്തെ കുൽദീപ് യാദവ് മത്സരത്തിലെ തന്റെ ആദ്യ പന്തിൽ തന്നെ പുറത്താക്കി. അതേ ഓവറിൽ തന്നെ വിൻഡീസ് നായകൻ റോവ്മാൻ പവലിനെയും മടക്കി കുൽദീപ് കൊടുങ്കാറ്റായി. ഇതോടെ വിൻഡീസ് 54 ന് ഒരു വിക്കറ്റ് എന്ന സ്‌കോറിൽ നിന്ന് 57 ന് നാല് എന്ന നിലയിലേക്ക് കൂപ്പുകുത്തി.പവലിന് പകരം വന്ന ഷിംറോൺ ഹെറ്റ്‌മെയറിനെ കൂട്ടുപിടിച്ച് ഷായ് ഹോപ്പ് രക്ഷാപ്രവർത്തനം ആരംഭിച്ചു. ആദ്യ പത്തോവറിൽ വിൻഡീസ് 79 റൺസാണ് നേടിയത്.

ഹെറ്റ്‌മെയറും ഹോപ്പും ചേർന്ന് ടീം സ്‌കോർ 100 കടത്തി. എന്നാൽ ഈ കൂട്ടുകെട്ട് ചാഹൽ പൊളിച്ചു. 29 പന്തിൽ 45 റൺസെടുത്ത ഹോപ്പിനെ ചാഹൽ അക്ഷർ പട്ടേലിന്റെ കൈയിലെത്തിച്ചു. പിന്നാലെ വന്ന റൊമാരിയോ ഷെപ്പേർഡിനെ അക്ഷർ സഞ്ജുവിന്റെ കൈയിലെത്തിച്ചു. വെറും ഒൻപത് റൺസാണ് താരത്തിന്റെ സമ്പാദ്യം. ഷെപ്പേർഡിന് പിന്നാലെ വന്ന ജേസൺ ഹോൾഡർ മൂന്ന് റൺസ് മാത്രമെടുത്ത് മുകേഷ് കുമാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും മറുവശത്ത് ഹെറ്റ്‌മെയർ ഒറ്റയ്ക്ക് നിന്ന് പൊരുതി. 17.4 ഓവറിൽ ടീം സ്‌കോർ 150 കടന്നു. പിന്നാലെ ഹെറ്റ്‌മെയർ അർധസെഞ്ചുറി നേടി. 35 പന്തുകളിൽ നിന്നാണ് താരം അർധശതകം നേടിയത്. ഒടുവിൽ താരം അവസാന ഓവറിൽ അർഷ്ദീപിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഹെറ്റ്‌മെയർ 38 പന്തുകളിൽ നിന്ന് നാല് സിക്‌സിന്റെയും മൂന്ന് ഫോറിന്റെയും സഹായത്തോടെ 61 റൺസെടുത്തു. പിന്നാലെ വന്ന അകിയെൽ ഹൊസെയ്ൻ ഒരു ബൗണ്ടറിയും സിംഗിളും നേടി. അവസാന പന്തിൽ ഒഡിയൻ സ്മിത്ത്് സിക്‌സടിച്ച് ടീം സ്‌കോർ 178-ൽ എത്തിച്ചു. സ്മിത്ത് 15 റൺസെടുത്തും ഹൊസെയ്ൻ അഞ്ച് റൺസ് നേടിയും പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തപ്പോൾ കുൽദീപ് യാദവ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. മുകേഷ് കുമാർ, അക്ഷർ പട്ടേൽ, യൂസ്വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം