- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിൻഡീസിനെതിരെ 2006ൽ ഏകദിന പരമ്പര കൈവിട്ടത് രാഹുൽ ദ്രാവിഡ് ക്യാപ്റ്റനായ ടീം ഇന്ത്യ; 17 വർഷത്തിനിടെ ആദ്യമായി വിൻഡീസിനോട് പരമ്പര തോൽക്കുന്ന നായകനായി ഹാർദ്ദിക് പാണ്ഡ്യയും; നാണക്കേടിന്റെ റെക്കോഡിന് സാക്ഷിയായി ദ്രാവിഡ്
ഫ്ളോറിഡ: വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് ഏകദിന പരമ്പരകൾ സ്വന്തമാക്കിയെങ്കിലും ട്വന്റി 20 പരമ്പര 3- 2ന് കൈവിട്ടതോടെ ഇന്ത്യൻ ടീമിന് നാണക്കേടിന്റെ ഏതാനും റെക്കോഡുകൾ. അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി 20-യിൽ എട്ട് വിക്കറ്റിന് തോറ്റതോടെ 3-2ന് ഇന്ത്യ പരമ്പര കൈവിടുകയായിരുന്നു. വിൻഡീസ് പര്യടനത്തിലെ ടെസ്റ്റ് - ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ട്വന്റി 20 പരമ്പര കൈവിട്ടത്.
കഴിഞ്ഞ 25 മാസത്തിനിടെ ഒരു ട്വന്റി 20 പരമ്പരയിൽ ഇന്ത്യ തോൽക്കുന്നത് ഇതാദ്യമായാണ്. ആ നാണക്കേട് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തലയിലായി. കഴിഞ്ഞ 17 വർഷത്തിനിടെ വിൻഡീസിനോട് ഇന്ത്യ ഒരു ഉഭയകക്ഷി പരമ്പര തോൽക്കുന്നതും ഇതാദ്യം. 2006-ൽ രാഹുൽ ദ്രാവിഡിന്റെ കീഴിൽ ഏകദിന പരമ്പര 1-4ന് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ പരമ്പര തോൽവി. ദ്രാവിഡിന് ശേഷം 17 വർഷം കഴിഞ്ഞ് ആ നാണക്കേട് ഹാർദിക്കിന്റെ തലയിലായി. അന്ന് ക്യാപ്റ്റനായുണ്ടായിരുന്ന ദ്രാവിഡ് ഇന്ന് കോച്ചായി ടീമിനൊപ്പമുണ്ടെന്നത് മറ്റൊരു നിർഭാഗ്യകരമായ കാര്യം. ഈ പരമ്പരയ്ക്ക് മുമ്പ് ഒരു ട്വന്റി 20 പരമ്പരയിലും ഇന്ത്യ മൂന്ന് മത്സരങ്ങൾ തോറ്റിട്ടില്ല. വിൻഡീസിനെതിരായ പരമ്പര തോൽവിയോടെ ആ നാണക്കേടുമായി.
ടെസ്റ്റിലായാലും ടി20യിലായാലും ഏകദിനത്തിലായാലും മൂന്നോ അതിൽ കൂടുതലോ മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനോട് തോറ്റിട്ടില്ല. എന്നാൽ ഇന്നലെ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരം തോറ്റതോടെ 17 വർഷത്തിനിടെ ആദ്യമായി വിൻഡീസിനോട് പരമ്പര തോൽക്കുന്ന നാണക്കേടും പേറിയാണ് ഇന്ത്യൻ ടീമിന്റെ മടക്കം.
വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് സമയത്ത് അവതാരകനായ സമുവൽ ബദ്രി രോഹിത്തിന് പകരം ഇന്ത്യയെ നയിച്ച ഹാർദ്ദിക്കിനോട് ചോദിച്ചത് ഈ മത്സരം തോറ്റ് പരമ്പര കൈവിട്ടാൽ എന്തു ചെയ്യുമെന്നായിരുന്നു. 2006ൽ രാഹുൽ ദ്രാവിഡിനുശേഷം മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും വിൻഡീസിനെതിരെ പരമ്പര കൈവിട്ടിട്ടില്ലെന്ന കാര്യം മനസിൽ വച്ചായായിരുന്നു ബദ്രിയുടെ ചോദ്യം. എന്നാൽ അന്ന് ഹാർദ്ദിക് നൽകിയ മറുപടി, എന്തായാലും ആദ്യമായിട്ടായല്ലെ, അങ്ങനെ ആദ്യമാകുന്നതിൽ കുഴപ്പമില്ലെന്നായിരുന്നു. ഏകദിന പരമ്പരയിലെ അവസാന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കിയങ്കിലും ടി20 പരമ്പര കൈവിട്ടതോടെ ദ്രാവിഡിനുശേഷം നാണക്കേടിന്റെ ആ റെക്കോർഡ് സ്വന്തമാക്കുന്ന നായകനായി ഹാർദ്ദിക്.
വിൻഡീസിനെതിരായ ട്വന്റി 20 പരമ്പര തോറ്റതോടെ ദ്വിരാഷ്ട്ര ടി20 പരമ്പരകളിലെ ഇന്ത്യയുടെ തുടർ പരമ്പര വിജയങ്ങളുടെ റെക്കോർഡു കൂടിയാണ് മുറിയുന്നത്. വിൻഡീസിനെതിരായ പരമ്പരക്ക് മുമ്പ് ഇന്ത്യ തുടർച്ചയായി 11 ട്വന്റി 20 പരമ്പരകൾ ജയിക്കുകയോ സമനിലയാക്കുകയോ ചെയ്തിരുന്നു. ഇതിന് മുമ്പ് 2021ൽ ശ്രീലങ്കക്കെതിരെ ആയിരുന്നു ദ്വിരാഷ്ട്ര ടി20 പരമ്പരകളിൽ അവസാനമായി ഇന്ത്യ പരമ്പര കൈവിട്ടത്.
വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കക്കും എതിരെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ ദക്ഷിണഫ്രിക്കയ്ക്ക് എതിരെ 2 - 2 നും ഇംഗ്ലണ്ടിനെതിരെ 2- 1നും പരമ്പര സ്വന്തമാക്കിയിരുന്നു. അയർലൻഡിനെതിരെ രണ്ടു മത്സരങ്ങളഉം ജയിച്ച ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 4- 1നും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ശ്രീലങ്ക, ന്യൂസിലൻഡ് എന്നീ ടീമുകളെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ടും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. മുമ്പുള്ള കഴിഞ്ഞ 11 ടി20 പരമ്പരകളും കൈവിടാതെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും കിരീടം നേടാനായില്ല എന്നതൊഴിച്ചാൽ ദ്വിരാഷ്ട്ര ടി20 പരമ്പരകളിലെല്ലാം ഇന്ത്യ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. എന്നാൽ ഇന്നലെ അഞ്ചാം ടി20യിൽ വിൻഡീസിനെതിരെ തോറ്റതോടെ ഇന്ത്യയുടെ തുടർ പരമ്പര വിജയങ്ങളും അവസാനിച്ചു.
സ്പോർട്സ് ഡെസ്ക്