മുംബൈ: ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടംപിടിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ. സഞ്ജു താരങ്ങൾ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളിൽ പ്രതീക്ഷവെക്കുന്നു. പരിക്കിൽ നിന്ന് മോചിതരായ കെ എൽ രാഹുലും ശ്രേയസ് അയ്യരും കായികക്ഷമത വീണ്ടെടുക്കുന്നതിനായാണ് ബിസിസിഐ ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം വൈകിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ഐപിഎല്ലിനിട പരിക്കേറ്റ കെ എൽ രാഹുൽ തിരിച്ചെത്തിയാൽ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളിൽ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമയിൽ രാഹുലും ശ്രേയസും ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അതേ സമയം വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 ഏകദിന പരമ്പരകളിൽ നിറം മങ്ങിയതിന് പിന്നാലെ സഞ്ജു സാംസണെതിരെ വിമർശനങ്ങളാണെങ്ങും. കിട്ടിയ അവസരം മുതലാക്കാൻ സഞ്ജുവിനായില്ലെന്നാണ് പ്രധാന വിമർശനം.

ഇതിനിടെ സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തോട് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ പ്രതികരണം താരത്തിന് അത്ര ആശാവഹമല്ല. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സഞ്ജുവിനെക്കുറിച്ച് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടപ്പോഴാണ് കപിൽ നിലപാട് വ്യക്തമാക്കിയത്. സഞ്ജുവിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ശരിയല്ലെന്ന് കപിൽ പറഞ്ഞു. സഞ്ജു മഹാനായ കളിക്കാരനാണ്. മികച്ച പ്രതിഭയുമുണ്ട്. പക്ഷെ സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കാൻ പഠിക്കണമെന്നും കപിൽ ഉപദേശിച്ചു.

വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിയിലെത്തുകയാണ് ആദ്യം വേണ്ടതെന്നും കപിൽ പറഞ്ഞു. സെമിയിലെത്തിയാൽ പിന്നീട് എന്തും സംഭവിക്കാം, രോഹിത് ശർമക്ക് കീഴിൽ ഇന്ത്യൻ ടീം കുറച്ചു കൂടി ആക്രമണോത്സുകത പുറത്തെടുക്കണമെന്നും കപിൽ ആവശ്യപ്പെട്ടു. ഇംഗ്ലണ്ട് അവതരിപ്പിച്ച ബാസ് ബോൾ ക്രിക്കറ്റിന്റെ ആരാധകനാണ് താനെന്നും ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യക്കും മറ്റ് ടീമുകൾക്കും പഠിക്കാനേറെയുണ്ടെന്നും കപിൽ പറഞ്ഞു.

ഹാർദ്ദിക് പാണ്ഡ്യ പന്തെറിയുന്ന പരസ്യ ബോർഡ് താൻ കണ്ടിരുന്നുവെന്നും പരസ്യത്തിൽ മികച്ച ശാരീരികക്ഷമത ഉള്ളപോലെ തോന്നുന്നുണ്ടെന്നും പറഞ്ഞ കപിൽ കായികക്ഷമത ഉണ്ടെങ്കിൽ ഹാർദ്ദിക്കിന് ടെസ്റ്റ് ക്രിക്കറ്റിലും കളിക്കാവുന്നതാണെന്നും വ്യക്തമാക്കി.

ഇന്ത്യക്കായി കളിക്കുന്ന താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിലും കളിക്കണമെന്ന് ബിസിസിഐ പ്രസിഡന്റായ റോജർ ബിന്നി മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം ബിസിസിഐ പ്രസിഡന്റായ ശേഷം മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് കപിൽ പറഞ്ഞു. വിരാട് കോലിയും രോഹിത് ശർമയുമൊക്കെ അടുത്തെപ്പോഴെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച കപിൽ രാജ്യാന്തര താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിലും കളിക്കണമെന്നും ആവശ്യപ്പെട്ടു.