- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരട്ട സെഞ്ചുറിക്ക് പിന്നാലെ അതിവേഗ സെഞ്ചുറി; നാല് ഇന്നിങ്‌സുകളിൽ നിന്നും 429 റൺസ്; കൗണ്ടി ക്രിക്കറ്റിൽ മിന്നിത്തെളിഞ്ഞതിന് പിന്നാലെ വില്ലനായി പരിക്ക്; പൃഥ്വി ഷായ്ക്ക് കാൽമുട്ടിനേറ്റ പരുക്ക് ഗൗരവമേറിയത്; ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും; ഇന്ത്യൻ താരത്തിന് കനത്ത തിരിച്ചടി
ലണ്ടൻ: മോശം ഫോമിന്റെ പേരിൽ ഏറെ പഴികേട്ട ശേഷം ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിൽ മിന്നും പ്രകടനങ്ങൾ പുറത്തെടുത്ത യുവ ഇന്ത്യൻ താരം പൃഥ്വി ഷായ്ക്കു കനത്ത തിരിച്ചടി. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് നോർതാംപ്ടൺഷെറിന്റെ ഇന്ത്യൻ താരം പൃഥ്വി ഷായ്ക്ക് വൺ ഡേ കപ്പ് സീസൺ നഷ്ടമാവും. സീസണിൽ ഇതുവരെ ഒരു ഇരട്ട സെഞ്ചുറിയും ഒരു സെഞ്ചുറിയും പൃഥ്വി നേടിയിരുന്നു.
ദുർഹാമിനെതിരായ മത്സരത്തിൽ ഫീൽഡിങ്ങിനിടെ താരത്തിനു പരുക്കേറ്റതായി നോർത്താംപ്ടൻഷെയർ സമൂഹമാധ്യമത്തിൽ അറിയിച്ചു. ഇന്ത്യൻ യുവ താരത്തിന്റെ കാൽമുട്ടിനാണു പരുക്കേറ്റത്. പൃഥ്വി ഷായ്ക്ക് കൗണ്ടി ക്രിക്കറ്റിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാകും. ഓഗസ്റ്റ് 13ന് നടന്ന മത്സരത്തിൽ നോർത്താംപ്ടൻ ആറു വിക്കറ്റുകൾക്കു വിജയിച്ചിരുന്നു. 76 പന്തുകൾ നേരിട്ട പൃഥ്വി ഷാ ഈ മത്സരത്തിൽ 125 റൺസെടുത്തു പുറത്താകാതെ നിന്നിരുന്നു.
പൃഥ്വി ഷായ്ക്കു ചെറിയ പരുക്കു മാത്രമാണുള്ളതെന്നായിരുന്നു ക്ലബ് ആദ്യം കരുതിയിരുന്നത്. എന്നാൽ കൂടുതൽ പരിശോധനകൾക്കു ശേഷമാണു പരുക്കിന്റെ തീവ്രതയെക്കുറിച്ചു വ്യക്തമായതെന്നും നോർത്താംപ്ടൻഷെയർ പ്രസ്താവനയിൽ അറിയിച്ചു. ഇംഗ്ലണ്ടിലെ വൺഡേ കപ്പ് 2023 ൽ നാല് ഇന്നിങ്‌സുകളിൽ മാത്രം ബാറ്റു ചെയ്ത പൃഥ്വി ഷാ 429 റൺസെടുത്തിരുന്നു. ഓഗസ്റ്റ് ഒൻപതിനു സോമർസെറ്റിനെതിരായ പോരാട്ടത്തിൽ 153 പന്തുകളിൽനിന്ന് 244 റൺസ് താരം നേടിയിരുന്നു.
റൺവേട്ടക്കാരിൽ പൃഥ്വി ഒന്നാമതായിരുന്നു. ഡർഹാമിനെതിരായ മത്സരത്തിന് ശേഷം പൃഥ്വിയുടെ അക്കൗണ്ടിൽ 429 റൺസുണ്ടായിരുന്നു. ഇന്നിങ്സിന് ശേഷം പൃഥ്വിയെ കോച്ച് ജോൺ സാഡ്ലർ പ്രശംസകൊണ്ട് മൂടിയിരുന്നു. നിശ്ചിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് പൃഥ്വിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പൃഥ്വി ഷായെപ്പോലൊരു താരത്തെ നഷ്ടമാകുന്നത് നോർത്താംപ്ടൻഷെയർ ടീമിന് വൻ തിരിച്ചടിയാണെന്ന് പരിശീലകൻ ജോൺ സാഡ്‌ലർ പ്രതികരിച്ചു. ''ചെറിയ കാലയളവിൽ ക്ലബ്ബിൽ വലിയ സ്വാധീനമാണ് പൃഥ്വി ഷാ ഉണ്ടാക്കിയിരിക്കുന്നത്. പരുക്കുമാറി അദ്ദേഹത്തിന് എത്രയും പെട്ടെന്നു ക്രിക്കറ്റിലേക്കു മടങ്ങിവരാൻ സാധിക്കട്ടെ.'' ജോൺ സാഡ്‌ലർ പ്രതികരിച്ചു.
ക്രിക്കറ്റിൽ ഫോം നഷ്ടമായിത്തുടങ്ങിയതോടെയാണ് പൃഥ്വി ഷാ കൗണ്ടി ക്രിക്കറ്റ് കളിക്കാൻ തീരുമാനിച്ചത്. ഐപിഎൽ 2023 സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന പൃഥ്വി ഷായ്ക്കു മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഏതാനും മത്സരങ്ങൾക്കു ശേഷം താരത്തെ പ്ലേയിങ് ഇലവനിൽനിന്നു മാറ്റിനിർത്തി. പിന്നീട് ഇന്ത്യൻ ടീമിലും പൃഥ്വി ഷായ്ക്ക് അവസരങ്ങൾ ലഭിച്ചില്ല.
സ്പോർട്സ് ഡെസ്ക്