ഡബ്ലിൻ: ആദ്യ ഓവറിലെ രണ്ടാം പന്തിലും അവസാന പന്തിലും വിക്കറ്റ് വീഴ്‌ത്തി ഗംഭീര തിരിച്ചുവരവ് അറിയിച്ച് ജസ്പ്രീത് ബുമ്ര. അയർലൻഡിനെതിരായ മൂന്ന് മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നാല് റൺ്‌സ് വഴങ്ങി രണ്ടു മുൻനിര വിക്കറ്റുകളാണ് ബുമ്ര വീഴ്‌ത്തിയത്. ആൻഡ്ര്യൂ ബാൽബിൽനി, ലോർകൻ ടക്കർ എന്നിവരുടെ വിക്കറ്റുകളാണ് അയർലൻഡിന് നഷ്ടമായത്.

ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കു ഭേദമായി ടീമിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുമ്രയുടെ സാന്നിദ്ധ്യം തന്നെയാണ് ഏറ്റവും ശ്രദ്ധേയം. ട്വന്റി20 ക്യാപ്റ്റന്റെ റോളിൽ കന്നി മത്സരത്തിനിറങ്ങിയ ബുമ്ര നായകനായി അരങ്ങേറ്റം ഗംഭീരമാക്കി.

ഇന്ത്യയ്ക്കായി റിങ്കു സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ട്വന്റി20 ടീമിൽ അരങ്ങേറ്റം കുറിച്ചു. വെസ്റ്റിൻഡീസ് പരമ്പരയിൽ നിറംമങ്ങിയ മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. സഞ്ജുവാണ് വിക്കറ്റ് കീപ്പർ.

സീനിയർ താരങ്ങൾക്കും വെസ്റ്റിൻഡീസ് പര്യടനത്തിലെ നായകനായിരുന്ന ഹാർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ളവർക്കും വിശ്രമം അനുവദിച്ചതിനാൽ തീർത്തും യുവനിരയുമായാണ് ഇന്ത്യ ഇന്നിറങ്ങുക. ഋതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ്, ജിതേഷ് ശർമ, ശിവം ദുബെ തുടങ്ങിയ യുവതാരങ്ങൾക്ക് ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമുകളിലേക്കുള്ള സിലക്ഷൻ ട്രയൽസ് കൂടിയാണ് ഈ പരമ്പര. പേസർ പ്രസിദ്ധ് കൃഷ്ണയ്ക്കും പരമ്പരയിലെ പ്രകടനം നിർണായകമാകും.

പരുക്കുമൂലം ഒന്നര വർഷത്തോളം ടീമിൽ നിന്നു വിട്ടുനിന്ന ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്ന ബുമ്രയ്ക്ക് തന്റെ നായകമികവു തെളിയിക്കാനുള്ള അവസരം കൂടിയാണ് ഈ പരമ്പര. മുൻപ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും ട്വന്റി20യിൽ ഇതാദ്യമായാണ് ബുമ്ര ക്യാപ്റ്റൻ കുപ്പായം അണിയുന്നത്. രാജ്യാന്തര ട്വന്റി20യിൽ രണ്ടു വർഷത്തിനിടെ 6 ക്യാപ്റ്റന്മാരെയാണ് ടീം ഇന്ത്യ പരീക്ഷിച്ചത്. 2021ൽ വിരാട് കോലി ക്യാപ്റ്റൻസി ഒഴിഞ്ഞ ശേഷം രോഹിത് ശർമ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, കെ.എൽ.രാഹുൽ എന്നിവർ ടീം ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റന്മാരായി. ഇന്നത്തെ മത്സരത്തോടെ ആറാമനായി ബുമ്രയും ലിസ്റ്റിൽ ഇടംപിടിക്കും.

ഏകദിന ലോകകപ്പിന് യോഗ്യത നേടാൻ സാധിക്കാത്തതിന്റെ നിരാശയിലുള്ള അയർലൻഡിന് ആത്മവിശ്വാസം നിലനിർത്താൻ ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ പ്രകടനം നിർണായകമാണ്. ക്യാപ്റ്റൻ ആൻഡ്രൂ ബാൽബെർണി, ഹാരി ടക്കർ, ലോർകൻ ടക്കർ, ജോർജ് ഡോക്‌റെൽ, ജോഷ് ലിറ്റിൽ തുടങ്ങിയ മികച്ച താരനിരയുമായാണ് ഐറിഷ് പട എത്തുന്നത്.

ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചാണ് ദ് വില്ലേജ് ക്രിക്കറ്റ് സ്റ്റേഡിയത്തിലേത്. മധ്യ ഓവറുകളിൽ സ്പിന്നർമാരുടെ പ്രകടനം നിർണായകമാകും. ഇതുവരെ ഇവിടെ കളിച്ച 5 ട്വന്റി20യും ഇന്ത്യ ജയിച്ചിരുന്നു.

ഇന്ത്യ: ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, തിലക് വർമ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, രവി ബിഷ്ണോയ്