ഡബ്ലിൻ: ജസ്പ്രിത് ബുമ്രയുടെ ഗംഭീര തിരിച്ചുവരവിന് സാക്ഷിയായ അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 140 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു.

ഒരു ഘട്ടത്തിൽ ആറിന് 59 റൺസെന്ന നിലയിൽ തകർന്ന ഐറിഷ് ടീമിനെ ഏഴാം വിക്കറ്റിൽ ഒന്നിച്ച കർട്ടിസ് കാംപെർ - ബാരി മക്കാർത്തി സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. എട്ടാമനായി ഇറങ്ങി തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത മക്കാത്തി വെറും 33 പന്തിൽ നിന്ന് നാല് വീതം സിക്സും ഫോറുമടക്കം 51 റൺസോടെ പുറത്താകാതെ നിന്നു. ഇന്നിങ്സിന്റെ അവസാന പന്തിൽ അർഷ്ദീപ് സിങ്ങിനെ സിക്സറിന് പറത്തിയാണ് താരം 50 തികച്ചത്.

കാംപെറിനൊപ്പം 57 റൺസും താരം കൂട്ടിച്ചേർത്തു. കാംപെർ 33 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 39 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ആദ്യ ഓവറിൽ തന്നെ ബുമ്ര ഐറിഷ് പടയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. ആൻഡ്രൂ ബാൽബിർനിയെ (4) ബൗൾഡാക്കിയ ബുമ്ര, അതേ ഓവറിൽ ലോർകാൻ ടക്കറിനേും (0) മടക്കി. ഹാരി ടെക്റ്റർ (9), പോൾ സ്റ്റിർലിങ് (11), ജോർജ് ഡോക്റെൽ (1) എന്നിവർക്കും അധികനേരം പിടിച്ചുനിൽക്കാനായില്ല. ഇതോടെ അഞ്ചിന് 31 എന്ന നിലയിലായി അയർലൻഡ്. പിന്നാലെ മാർക്ക് അഡെയ്‌ര് - കാംഫെർ സഖ്യം 28 റൺസ് കൂട്ടിചേർത്തു. എന്നാൽ അഡെയ്റെ വിക്കറ്റിന് മുന്നിൽ കുടുക്കി ബിഷ്ണോയ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി.

തുടർന്ന് ഏഴാം വിക്കറ്റിൽ കാംഫെർ - മക്കാർത്തി സഖ്യം 57 റൺസ് കൂട്ടിചേർത്തു. ഇതുതന്നെയാണ് അയർലൻഡ് ഇന്നിങ്സിലെ മികച്ച കൂട്ടുകെട്ട്. കാംഫെറെ അർഷ്ദീപ് സിങ് ബൗൾഡാക്കുകയായിരുന്നു. മക്കാർത്തി, ക്രെയ്ഗ് യംഗ് എന്നിവർ പുറത്താവാതെ നിന്നു.

നേരത്തെ, ഐപിഎൽ സെൻസേഷൻ റിങ്കു സിംഗിനും പരിക്കൽ നിന്ന് മോചിതനായ പ്രസിദ്ധ് കൃഷ്ണയ്ക്കും അരങ്ങേറാനുള്ള അവസരം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ സ്ഥാനം നിലനിർത്തി. സഞ്ജു മൂന്നാമത് കളിക്കും. റിതുരാജ് ഗെയ്കവാദും യശസ്വീ ജെയ്സ്വാളുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്.