ഡബ്ലിൻ: മഴ കവർന്നെടുത്ത അയർലൻഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് രണ്ട് റൺസിന്റെ നിറംമങ്ങിയ ജയം. ഡബ്ലിനിൽ മഴ കളി മുടക്കിയതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയർലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 6.5 ഓവറിൽ രണ്ടിന് 47 എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴയെത്തിയത്. തുടരാനാവില്ലെന്ന് ഉറപ്പായതോടെ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. നിയമപ്രകാരം ഇന്ത്യ രണ്ട് റൺ മുന്നിലായിരുന്നു.

ഇതോടെ 11 മാസങ്ങൾക്ക് ശേഷം കളിക്കളത്തിലേക്ക് ക്യാപ്റ്റനായി മടങ്ങിയെത്തിയ ജസ്പ്രീത് ബുംറയ്ക്ക് ജയത്തോടെ തുടങ്ങാനായി. ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (24), റുതുരാജ് ഗെയ്കവാദ് (പുറത്താവാതെ 19) നൽകിയ തുടക്കമാണ് ഇന്ത്യക്ക് തുണയായത്. ഇരുവരും ഒന്നാം വിക്കറ്റിൽ 46 റൺസ് കൂട്ടിചേർത്തു. അടുത്തടുത്ത പന്തുകളിൽ ജെയ്സ്വാളും തിലക് വർമയും (0) പുറത്തായതിന് പിന്നാലെ മഴയെത്തി. എന്നാൽ ജയിക്കാൻ ആവശ്യമായ റൺസ് ഇന്ത്യ നേടിയിരുന്നു. റുതുരാജിനൊപ്പം സഞ്ജു സാംസൺ (1) പുറത്താവാതെ നിന്നു.

ജെയ്സ്വളിനെ ക്രെയ്ഗ് യംഗ് പോൾ സ്റ്റിർലിംഗിന്റെ കൈകളിലെത്തിച്ചു. അടുത്ത പന്തിൽ തിലകിനെ യംഗ് വിക്കറ്റ് കീപ്പർ ലോർകാൻ ടക്കറിന്റെ കൈകളിലുമെത്തിച്ചു. മത്സരം പുനരാരംഭിക്കാൻ സാധിക്കാത്ത തരത്തിൽ മഴ കനത്തതോടെ കളി ഉപേക്ഷിച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. യശസ്വി ജയ്സ്വാൾ (23 പന്തിൽ 24), തിലക് വർമ (0) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഋതുരാജ് ഗെയ്ക്വാദ് (16 പന്തിൽ 19*), സഞ്ജു സാംസൺ (1*) എന്നിവർ പുറത്താകാതെ നിന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1 - 0).

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയർലൻഡിന് ബാരി മക്കാർത്തി (33 പന്തിൽ പുറത്താവാതെ 51) ക്വേർടിസ് കാംഫെർ (39), എന്നിവരുടെ ഇന്നിങ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ആദ്യ ഓവറിൽ തന്നെ ബുമ്ര ഐറിഷ് പടയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. ആൻഡ്രൂ ബാൽബിർനിയെ (4) ബൗൾഡാക്കിയ ബുമ്ര, അതേ ഓവറിൽ ലോർകാൻ ടക്കറിനേും (0) മടക്കി. ഹാരി ടെക്റ്റർ (9), പോൾ സ്റ്റിർലിങ് (11), ജോർജ് ഡോക്റെൽ (1) എന്നിവർക്കും അധികനേരം പിടിച്ചുനിൽക്കാനായില്ല.

ഇതോടെ അഞ്ചിന് 31 എന്ന നിലയിലായി അയർലൻഡ്. പിന്നാലെ മാർക്ക് അഡെയ്‌ര് - കാംഫെർ സഖ്യം 28 റൺസ് കൂട്ടിചേർത്തു. എന്നാൽ അഡെയ്റെ വിക്കറ്റിന് മുന്നിൽ കുടുക്കി ബിഷ്ണോയ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. തുടർന്ന് ഏഴാം വിക്കറ്റിൽ കാംഫെർ - മക്കാർത്തി സഖ്യം 57 റൺസ് കൂട്ടിചേർത്തു. ഇതുതന്നെയാണ് അയർലൻഡ് ഇന്നിങ്സിലെ മികച്ച കൂട്ടുകെട്ട്. കാംഫെറെ അർഷ്ദീപ് സിങ് ബൗൾഡാക്കുകയായിരുന്നു. മക്കാർത്തി, ക്രെയ്ഗ് യംഗ് (1) പുറത്താവാതെ നിന്നു. നേരത്തെ, ഐപിഎൽ സെൻസേഷൻ റിങ്കു സിംഗിനും പരിക്കൽ നിന്ന് മോചിതനായ പ്രസിദ്ധ് കൃഷ്ണയ്ക്കും അരങ്ങേറാനുള്ള അവസരം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്.