ഗുരുഗ്രാം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി ഇന്റർനാഷ്ണൽ ക്രിക്കറ്റ് കൗൺസിൽ. ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യയുടെ പുരുഷ, വനിത ക്യാപ്റ്റന്മാരായ യാഷ് ദള്ളും ഷെഫാലി വർമ്മയും ചേർന്നാണ് ഭാഗ്യചിഹ്നം പുറത്തിറക്കിയത്.

ലിംഗ സമത്വത്തേയും വൈവിധ്യത്തേയും പ്രതിനിധീകരിക്കുന്നതാണ് ഭാഗ്യചിഹ്നം. ഇവയ്ക്ക് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ ആരാധകർക്ക് ഐസിസി അവസരം നൽകിയിട്ടുണ്ട്. ഭാഗ്യചിഹ്നത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ ഐസിസി പങ്കുവെച്ചു. ലോകകപ്പ് ഭാഗ്യചിഹ്നം പതിച്ച സൺഗ്ലാസുകളടക്കമുള്ളവ വാങ്ങാൻ ആരാധകർക്ക് അവസരമുണ്ടാകു എന്ന് ഐസിസി അറിയിച്ചു.

ഒക്ടോബർ അഞ്ചിന് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലൻഡും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതോടെയാണ് 2023 ഏകദിന ലോകകപ്പിന് ഇന്ത്യയിൽ തുടക്കമാകുന്നത്. നവംബർ 19ന് ഇതേ സ്റ്റേഡിയത്തിലാണ് കലാശപ്പോര്. 10 വേദികളിലായാണ് പത്ത് ടീമുകൾ ഏറ്റുമുട്ടുന്ന ലോകകപ്പ് മത്സരങ്ങൾ.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ്, ലഖ്നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ ലോകകപ്പിന് മുമ്പുള്ള വാംഅപ് മത്സരങ്ങൾക്ക് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയാവും.

ഇന്ത്യ വേദിയാവുന്ന ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളതാണ്. ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒക്ടോബർ 14നാണ് ഈ അങ്കം. ഇന്ത്യ- പാക് പോരാട്ടം ഒക്ടോബർ 15ന് നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാൽ കളി ഒരു ദിവസം മുന്നേ സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.