ചെന്നൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചതോടെ ഒരു വിഭാഗം ആരാധകർ സിലക്ടർമാർക്കും ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും എതിരെ ഉയർത്തുന്ന കടുത്ത വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താതിരുന്നതാണ് ഏറ്റവും വലിയ വിമർശനത്തിന് ഇടയാക്കിയത്.

എന്നാൽ ഇന്ത്യക്കായി ഒറ്റ ഏകദിനത്തിൽ പോലും കളിച്ചിട്ടില്ലാത്ത തിലക് വർമയെ ഏഷ്യാ കപ്പ് ടീമിലെടുക്കുകയും ഏകദിനത്തിൽ വലിയ ഇന്നിങ്‌സുകൾ ഒന്നും കണ്ടെത്താൻ കഴിയാത്ത സൂര്യകുമാർ യാദവിനെ ടീമിൽ നിലനിർത്തുകയും ചെയ്തപ്പോൾ സഞ്ജു സാംസണെ റിസർവ് താരമായാണ് ഉൾപ്പെടുത്തിയത്. അതുപോലെ സ്പിന്നർ യുസ്വേന്ദ്ര ചാഹലിന് പകരം സെലക്ടർമാർ ഓൾറൗണ്ടർ അക്‌സർ പട്ടേലിനാണ് ഏഷ്യാ കപ്പ് ടീമിൽ അവസരം നൽകിയത്.

ഇതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കാണ് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ മറുപടി നൽകിയത്. ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിന്റെ പേരിൽ ടീമിലെടുത്ത താരങ്ങളെ ആരാധകർ മോശക്കാരായി ചിത്രീകരിക്കരുതെന്ന് അശ്വിൻ പറഞ്ഞു. ഇന്ത്യയെ പോലെ വലിയൊരു രാജ്യത്തു നിന്ന് ഒരു ടീം സെലക്ട് ചെയ്യുമ്പോൾ ചിലപ്പോൾ ചില നിർണായക താരങ്ങൾ ഒഴിവാക്കപ്പെട്ടേക്കാം. പക്ഷെ അപ്പോഴും നിങ്ങളുടെ ഇഷ്ടതാരത്തെ ടീമിലെടുക്കാത്തതിന്റെ പേരിൽ ടീമിലെടുത്ത മറ്റ് താരങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്.

തിലക് വർമ ഏഷ്യാ കപ്പ് ടീമിലെത്തിയത് ആദ്യ പന്ത് നേരിടുന്നത് മുതൽ അയാൾ പുറത്തെടുക്കുന്ന ബാറ്റിങ് മനോഭാവവും വ്യക്തതയും കൊണ്ടാണ്. അയർലൻഡിൽ ഇതുവരെ തിളങ്ങിയില്ലെങ്കിലും അയാളിൽ ടീം മാനേജ്‌മെന്റിന് വിശ്വാസമുണ്ട്. മധ്യനിരയിൽ ബാക്ക് അപ്പായാണ് തിലകിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുപോലെയാണ് സൂര്യകുമാർ യാദവിന്റെ കാര്യവും. ടി20 ക്രിക്കറ്റിൽ ഇത്രയും മികച്ച റെക്കോർഡുള്ള സൂര്യയെ ഏകദിനത്തിലും ടീം പിന്തുണക്കുന്നതിൽ എന്താണ് തെറ്റ്.

ലോകകപ്പ് നേടിയ ക്യാപ്റ്റന്മാരെയെല്ലാം നിങ്ങൾ നോക്കു, കളിക്കാരുടെ മികവിൽ വിശ്വാസമർപ്പിച്ചവരാണ് അവരെല്ലാം. അത് ധോണിയായാലും മറ്റ് ആരായാലും. ട്വന്റി 20 ക്രിക്കറ്റിൽ സൂര്യ ഓരോ മത്സരത്തിലും ചെലുത്തുന്ന പ്രഭാവം തന്നെ നോക്കു. അതുകൊണ്ടാണ് സൂര്യയെ ഏകദിന ടീമിലും മാനേജ്‌മെന്റ് പിന്തുണക്കുന്നത്.

ഇഷ്ട താരത്തെ ടീമിലെടുക്കാത്തതിന് ആരാധകർ തമ്മിൽ നടത്തുന്ന വിമർശനവും പരിഹാസവും അധിക്ഷേപവുമെല്ലാം ഐപിഎല്ലിന്റെ ഭാഗമാണ്. ഐപിഎൽ കഴിഞ്ഞാൽ ഒരു തുണികൊണ്ട് ആ ഭാഗം മൂടിവെക്കു. ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നവരെല്ലാം കളിക്കുന്നത് ഇന്ത്യക്കു വേണ്ടിയാണ്. വിരാട് കോലിക്കൊപ്പം സൂര്യകുമാർ ബാറ്റ് ചെയ്യുമ്പോൾ മുംബൈ താരമായതുകൊണ്ട് നിങ്ങൾ സൂര്യ പിന്തുണക്കാതിരിക്കുകയോ സൂര്യകുമാർ കളി ജയിപ്പിക്കണമെന്ന് ആഗ്രഹിക്കാതിരിക്കുകയോ ചെയ്യില്ലല്ലോ എന്നും അശ്വിൻ ചോദിച്ചു.

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിലെ ഏറ്റവും നിർണായക ബാറ്റിങ് പൊസിഷനായ നാലാം നമ്പറിലെക്ക് ശ്രേയസ് അയ്യർക്ക് പ്രഥമ പരിഗണന നൽകണമെന്നും അശ്വിൻ പറയുന്നു. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണങ്ങളിലൊന്ന് നാലാം നമ്പറിന് ഉചിതനായ താരത്തെ കണ്ടെത്താൻ കഴിയാതെ പോയതാണ് എന്ന വിമർശനം ശക്തമാണ്. അതിനാൽ ഈ ലോകകപ്പിന് മുമ്പും നാലാം നമ്പറിനെ ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്. ഇതിനെ കുറിച്ചാണ് തന്റെ നിലപാട് അശ്വിൻ വ്യക്തമാക്കിയിരിക്കുന്നത്.

'ടീം ഇന്ത്യയുടെ ഏറ്റവും ചർച്ചയായ ബാറ്റിങ് നമ്പറാണ നാലാമന്റേത്. ശ്രേയസ് അയ്യർ ടീമിന് ഏറെ പ്രധാനപ്പെട്ട താരമാണ്. നാലാം നമ്പറിൽ സ്ഥിരതയോടെയും സ്പിന്നർമാർക്കെതിരെ മികച്ച രീതിയിലും കളിക്കുന്ന താരമാണ് അയാൾ. നാലാം നമ്പറിൽ കളിച്ചപ്പോഴൊക്കെ ഇന്ത്യൻ വിജയത്തിൽ നിർണായകമാകാൻ ശ്രേയസിനായിരുന്നു. ഏഷ്യാ കപ്പ് കളിക്കാൻ അദേഹം ആരോഗ്യവാനാണ്. അതിനാൽ തന്നെ നാലാം നമ്പറിൽ ആര് കളിക്കണം എന്ന കാര്യത്തിൽ തർക്കമില്ല' എന്നും ആർ അശ്വിൻ പറഞ്ഞു. പരിക്ക് കാരണം ബോർഡർ- ഗവാസ്‌കർ ട്രോഫിക്ക് ശേഷം ശ്രേയസ് അയ്യർ ടീം ഇന്ത്യക്കായി കളിച്ചിട്ടില്ല. അയ്യരുടെ അഭാവത്തിൽ നാലാം നമ്പറിൽ പരീക്ഷിച്ച സൂര്യകുമാർ യാദവ് ദയനീയ പരാജയമായിരുന്നു. ട്വന്റി 20 ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്ററായിട്ടും ഏകദിനത്തിൽ ഇതുവരെ ശോഭിക്കാനാവാത്ത താരം 50 ഓവർ ഫോർമാറ്റിൽ ഹാട്രിക് ഡക്കുകളുമായി നാണംകെട്ടിരുന്നു.

ഇന്ത്യന് ടീമിലെ മറ്റ് ബാറ്റിങ് സ്ഥാനങ്ങളെ കുറിച്ചും അശ്വിന് ചിലത് പറയാനുണ്ട്. 'രോഹിത് ശർമ്മയ്‌ക്കൊപ്പം ശുഭ്മാൻ ഗില്ലായിരിക്കും ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക. വിരാട് കോലി മൂന്നാമതും കെ എൽ രാഹുൽ അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യണം' എന്നും അശ്വിൻ ആവശ്യപ്പെട്ടു. കോലി നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ തയ്യാറെടുക്കണമെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോലി മൂന്നാമനായും ശ്രേയസ് നാലാം നമ്പറിലും കളിക്കട്ടേയെന്നാണ് അശ്വിന്റെ നിലപാട്. പരിക്കിന് ശേഷം അയർലൻഡിന് എതിരായ ട്വന്റി 20 പരമ്പരയിലൂടെ പേസർമാരായ ജസ്പ്രീത് ബുമ്രയും പ്രസിദ്ധ് കൃഷ്ണയും മികച്ച രീതിയിൽ തിരിച്ചെത്തിയത് ടീമിനെ കരുത്തരാക്കുന്ന ഘടകമാണ് എന്നും രവിചന്ദ്രൻ അശ്വിൻ കൂട്ടിച്ചേർത്തു.