ഡബ്ലിൻ: അയർലൻഡ് - ഇന്ത്യ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. പരമ്പര തൂത്തുവാരാമെന്ന ഇന്ത്യൻ ടീമിന്റെ പ്രതീക്ഷകൾ തല്ലിക്കൊഴിച്ചാണ് മത്സരം മഴയിൽ മുങ്ങിയത്. നേരത്തെ ആദ്യ രണ്ട് ട്വന്റി 20കളും ടീം ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യൻ സമയം 7.30നാണ് മൂന്നാം ട്വന്റി 20 ഇന്ന് ആരംഭിക്കേണ്ടിയിരുന്നത്.

എന്നാൽ ടോസ് പോലും ഇടാൻ അനുവദിക്കാതെ മത്സര സമയത്തിന് മുമ്പ് തന്നെ ഡബ്ലിനിൽ മഴ ശക്തമായി പെയ്യുകയായിരുന്നു. ഇന്ത്യ- അയർലൻഡ് മൂന്നാം ടി20 ഉപേക്ഷിച്ചതോടെ ഏഷ്യാ കപ്പിന് മുമ്പുള്ള ടീം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു.

ആദ്യ രണ്ട് ടി20കളിലും തോറ്റ അയർലൻഡ് ഒരു മത്സരമെങ്കിലും ജയിച്ച് മാനം കാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ആ മോഹങ്ങളും മഴ കവർന്നു. ആദ്യ ട്വന്റി 20 മഴനിയമം പ്രകാരം 2 റൺസിനും രണ്ടാമത്തേത് 33 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കി.

അയർലൻഡിന് എതിരായ മൂന്നാം ട്വന്റി 20 ഉപേക്ഷിച്ചത് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് കനത്ത തിരിച്ചടിയായി. ഏഷ്യാ കപ്പിനുള്ള 17 അംഗ സ്‌ക്വാഡിൽ പേരില്ലാത്തതിനാൽ അയർലൻഡിനെതിരായ മൂന്നാം ടി20 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് മികവ് കാണിക്കാൻ സഞ്ജുവിനുള്ള അവസാന അവസരമായിരുന്നു.

ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് മുമ്പ് സഞ്ജുവിന് ഇന്ത്യൻ കുപ്പായത്തിൽ ഇനി മത്സരമില്ല. റിസർവ് താരമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതിനാൽ ഏഷ്യാ കപ്പിൽ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണ് എന്നതാണ് കാരണം. ഇന്ന് മികച്ചൊരു ഇന്നിങ്‌സ് പുറത്തെടുത്തെടുക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ലോകകപ്പ് ടീമിലെങ്കിലും സഞ്ജുവിന് പ്രതീക്ഷ വെക്കാമായിരുന്നു.