- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യോ യോ ടെസ്റ്റ് സ്‌കോർ പരസ്യമാക്കി വിരാട് കോലി; മുൻ ഇന്ത്യൻ നായകന് ശക്തമായ താക്കീതുമായി ബിസിസിഐ; ടെസ്റ്റ് സ്‌കോർ പോസ്റ്റ് ചെയ്യുന്നത് കരാർ വ്യവസ്ഥയുടെ ലംഘനമെന്ന് താരങ്ങളെ അറിയിച്ചു; രഹസ്യസ്വഭാവമുള്ള കാര്യങ്ങളൊന്നും പങ്കുവെയ്ക്കരുതെന്നും നിർദ്ദേശം
മുംബൈ: യോ യോ ടെസ്റ്റ് സ്‌കോർ താരങ്ങൾ പരസ്യമാക്കരുതെന്ന് കർശന നിർദ്ദേശം നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റ്. കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ നായകൻ വിരാട് കോലി യോ യോ ടെസ്റ്റ് സ്‌കോർ സോഷ്യൽ മീഡിയയിൽ പരസ്യമാക്കിയതിനു പിന്നാലെയാണ് ടീം മാനേജ്മെന്റ് ഇക്കാര്യം നിർദ്ദേശിച്ചത്. കഴിഞ്ഞ ദിവസം യോ യോ ടെസ്റ്റിന് ശേഷം തനിക്ക് ലഭിച്ച സ്‌കോർ കോലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.
ഇൻസ്റ്റ സ്റ്റോറിയുടെ പേരിൽ കോലിയെ ശക്തമായി താക്കീത് ചെയ്തിരിക്കുകയാണ് ബിസിസിഐ എന്നാണ് ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്‌പ്രസിന്റെ റിപ്പോർട്ട്. രഹസ്യമായി വെക്കേണ്ട യോയോ ടെസ്റ്റിന്റെ സ്‌കോർ കോലി പരസ്യമാക്കിയതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്.
ടീമിലെ പ്രധാന താരങ്ങളിലൊരാൾ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പരസ്യമാക്കിയതിൽ ബിസിസിഐ മേധാവികൾക്ക് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബെംഗളൂരുവിലെ ആളൂരിലെ ക്യാമ്പിലുള്ള എല്ലാ കളിക്കാരോടും ഇക്കാര്യം ടീം മാനേജ്മെന്റ് വാക്കാൽ അറിയിച്ചിട്ടുണ്ട്.
''സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ രഹസ്യസ്വഭാവമുള്ള കാര്യങ്ങളൊന്നും പങ്കുവെയ്ക്കരുതെന്ന് കളിക്കാരെ വാക്കാൽ അറിയിച്ചിട്ടുണ്ട്. പരിശീലന സമയത്തെ ചിത്രങ്ങൾ അവർക്ക് പോസ്റ്റ് ചെയ്യാം, പക്ഷേ ടെസ്റ്റ് സ്‌കോർ പോസ്റ്റ് ചെയ്യുന്നത് കരാർ വ്യവസ്ഥയുടെ ലംഘനമാണ്.'' - ഒരു ബിസിസിഐ ഉദ്യോഗസ്ഥനം ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കാൻ ബിസിസിഐ കർശനമാക്കിയിരിക്കുന്ന കായികക്ഷമതാ പരിശോധനാ രീതിയാണ് യോയോ ടെസ്റ്റ്. ഇതിൽ വിജയിക്കാതെ ഒരു താരവും ഇന്ത്യൻ ടീമിന്റെ പടി കാണില്ല എന്ന കർശന നിലപാടാണ് ബിസിസിഐക്കുള്ളത്. ക്യാപ്റ്റനായിരിക്കേ വിരാട് കോലിയാണ് താരങ്ങളുടെ ഫിറ്റ്‌നസ് നിലനിർത്താൻ കഠിന പരിശീലനമുറകൾ നിർബന്ധമാക്കിയത്.
എന്നാൽ ഇതേ കോലി തന്നെ ഇപ്പോൾ യോയോ ടെസ്റ്റിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ്. ഏഷ്യാ കപ്പിന് മുമ്പ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ നടന്ന യോയോ ടെസ്റ്റിന്റെ ഫലം ഇൻസ്റ്റഗ്രാം സ്റ്റോറിയായി കോലി പോസ്റ്റ് ചെയ്തതാണ് പണിയായത്. രഹസ്യ സ്വഭാവമുള്ള യോയോ ടെസ്റ്റിന്റെ സ്‌കോർ കോലി പുറത്തുവിട്ടത് അച്ചടക്കലംഘനമാണ് എന്നാണ് ബിസിസിഐ കരുതുന്നത്.
17.2 സ്‌കോറോടെ യോയോ ടെസ്റ്റ് പാസായി എന്നാണ് കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 16.5 ആണ് ഫിറ്റ്‌നസ് തെളിയിക്കാൻ താരങ്ങൾക്ക് ബിസിസിഐ നിശ്ചയിച്ചിരിക്കുന്ന ബഞ്ച് മാർക്ക്. വിരാട് കോലിക്ക് പുറമെ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും യോയോ ടെസ്റ്റ് പാസായിട്ടുണ്ട്.
അയർലൻഡ് പര്യടനത്തിൽ ഈ മൂവരെ കൂടാതെ വിശ്രമത്തിലായിരുന്ന രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയവർക്കും യോയോ ടെസ്റ്റ് വരുന്നുണ്ട്. വിൻഡീസ് പര്യടനം കഴിഞ്ഞെത്തിയ താരങ്ങൾ വിശ്രമത്തിലായിരുന്നു. അയർലൻഡ് പര്യടനം കഴിഞ്ഞ് ജസ്പ്രീത് ബുമ്രയും പ്രസിദ്ധ് കൃഷ്ണയും തിലക് വർമ്മയും സ്റ്റാൻഡ്- ബൈ താരം സഞ്ജു സാംസണും ഇന്ന് ബെംഗളൂരുവിലെ ടീം ക്യാംപിൽ ചേരും.
സ്പോർട്സ് ഡെസ്ക്