പല്ലെകെലെ: ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. നായകൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പണർമാർ. പല്ലെകെലെ, രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.

കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. ഷാർദുൽ താക്കുർ, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് പേസർമാർ. ഹാർദിക് പാണ്ഡ്യയും പന്തെടുക്കും. കെ എൽ രാഹുലിന് ഇഷാൻ കിഷൻ ടീമിലിടം കണ്ടെത്തി.

രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഇന്നിങ്സ് ഓപ്പൺ ചെയ്യും. വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവർ പിന്നാലെയെത്തും. മുഹമ്മദ് ഷമി പുറത്തിരിക്കും. ഷാർദുലിന്റെ ഓൾറൗണ്ട് മികവ് ടീമിന് ഗുണം ചെയ്യും. 

ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിനു മുൻപ് ഇന്ത്യയ്ക്കും പാക്കിസ്ഥാനും പരസ്പരം അറിയാനുള്ള റിഹേഴ്‌സൽ കൂടിയാണ് ഇന്നത്തെ മത്സരം. ഒക്ടോബർ 14ന് അഹമ്മദാബാദിലാണ് ഇന്ത്യ - പാക്കിസ്ഥാൻ മത്സരം. ക്യാപ്റ്റൻ ബാബർ അസമിന്റെയും മധ്യനിര ബാറ്റർ ഇഫ്തിഖർ അഹമ്മദിന്റെയും സെഞ്ചറികളുടെ മികവിൽ നേപ്പാളിനെ 238 റൺസിനു തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാൻ. പേസ് ബോളർമാരായ ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരുടെ മികച്ച ഫോമും അവർക്കു പ്രതീക്ഷ നൽകുന്നു.

സ്പിന്നർമാരായ ഷദബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവരും നേപ്പാളിനെതിരെ തിളങ്ങി. വെസ്റ്റിൻഡീസ് പര്യടനത്തിലെ പരീക്ഷണങ്ങൾ കഴിഞ്ഞാണ് ഇന്ത്യ വരുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോലി എന്നിവരടങ്ങിയ മുൻനിരയിലാണ് ബാറ്റിങ് പ്രതീക്ഷകൾ. ദീർഘകാലത്തിനുശേഷം അയർലൻഡ് പര്യടനത്തിൽ മികച്ച പ്രകടനത്തിലൂടെ ടീമിലേക്കു തിരിച്ചെത്തിയ ജസ്പ്രീത് ബുമ്രയുടെ സാന്നിധ്യമാണ് ഇന്ത്യൻ ബോളിങ്ങിന് കരുത്തേകുന്നത്.

50 ഓവർ മത്സരം സാധ്യമല്ലെങ്കിൽ 20 ഓവർ മത്സരമെങ്കിലും നടത്താനാകും ശ്രമം. അതും സാധ്യമല്ലെങ്കിലും ഇരുടീമും പോയിന്റ് പങ്കുവയ്ക്കും. ഇതോടെ ആദ്യ മത്സരത്തിൽ നേപ്പാളിനെ തോൽപിച്ച പാക്കിസ്ഥാൻ സൂപ്പർ 4 ഘട്ടത്തിലേക്കു യോഗ്യത നേടും. അടുത്ത മത്സരത്തിൽ നേപ്പാളിനെ തോൽപിച്ചാൽ ഇന്ത്യയ്ക്കും മുന്നേറാം.

ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ,ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

പാക്കിസ്ഥാൻ: ഇമാം ഉൽ ഹഖ്, ഫഖർ സൽമാൻ, ബാബർ അസം, മുഹമ്മദ് റിസ്വാൻ, അഗ സൽമാൻ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.

ഇന്ത്യ - പാക്കിസ്ഥാൻ പോരാട്ടങ്ങളുടെ കണക്കിലേക്ക് വന്നാൽ. ആകെ 132 ഏകദിന മത്സരങ്ങളിൽ ഏറ്റുമുട്ടി. പാക്കിസ്ഥാൻ 73 എണ്ണത്തിൽ ജയിച്ചു. ഇന്ത്യ 55 എണ്ണത്തിലും. നാല് മത്സരങ്ങളിൽ ഫലം കണ്ടില്ല. ഏഷ്യാകപ്പിലേക്ക് വന്നാൽ ഇന്ത്യക്കാണ് മേൽക്കൈ. ആകെ 17 മത്സരങ്ങളിൽ ഇന്ത്യ 9 എണ്ണത്തിൽ ജയിച്ചു. പാക്കിസ്ഥാൻ ജയിച്ചത് ആറ് കളിയിൽ. രണ്ട് മത്സരങ്ങളിൽ ഫലമുണ്ടായില്ല. കഴിഞ്ഞ ഏഷ്യാകപ്പിൽ രണ്ട് മത്സരങ്ങളിൽ നേർക്ക് നേർ വന്നു. ഒരോ കളി വീതം ജയിച്ചു.