പല്ലെക്കല്ലെ: ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിൽ തുടക്കത്തിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പ്രതിരോധത്തിൽ. മഴ മൂലം രണ്ട് തവണ തടസപ്പെട്ട മത്സരത്തിൽ ഇന്ത്യ നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്. നായകൻ രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 15 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്. കളി പുനരാരംഭിച്ചതിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ (11) ഷഹീൻ അഫ്രീദി പുറത്താക്കി. പിന്നാലെ വിരാട് കോലിയും മടങ്ങി. മത്സരത്തിൽ രോഹിത് ശർമയും ഇന്ത്യൻ ആരാധകരും ഭയന്നത് തന്നെ സംഭവിക്കുകയായിരുന്നു.

പേസർ ഷഹീൻ അഫ്രീദിയുടെ ഇൻസ്വിംഗറിന് മുന്നിൽ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ഒരിക്കൽ കൂടി മുട്ടു മടക്കി. 11 റൺസെടുത്ത രോഹിത്തിന്റെയും നാലു റൺസെടുത്ത കോലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് വിക്കറ്റും ഷഹീൻ അഫ്രീദിക്കാണ്.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ഷഹീൻ അഫ്രീദിയുടെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയെങ്കിലും രോഹിത് തലനാരിഴക്കാണ് ക്യാച്ചിൽ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് നസീം ഷായും ഷഹീനും മികച്ച സ്വിംഗും പേസും കണ്ടെത്തിയതോടെ റൺസടിക്കാൻ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും ബുദ്ധിമുട്ടി. മൂടിക്കെട്ടിയ അന്തരീക്ഷവും പാക് പേസർമാരെ തുടക്കത്തിൽ തുണച്ചു.

ഇതിനിടെ വില്ലനായി മഴയെത്തി. മഴമൂലം മത്സരം നിർത്തിവെക്കുമ്പോൾ 4.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 15 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. മഴ മാറിയതോടെ അധികം വൈകാതെ ക്രീസിലെത്തിയ ഇന്ത്യക്കായി രോഹിത് ശർമയാണ് സ്‌ട്രൈക്ക് ചെയ്തത്. ഷഹീന്റെ ആദ്യ പന്ത് പ്രതിരോധിച്ച രോഹിത്തിനെതിരെ പിന്നീട് തുടർച്ചയായി രണ്ട് ഔട്ട് സ്വിംഗറുകൾ എറിഞ്ഞ് ഷഹീൻ പ്രലോഭിപ്പിച്ചു. പിച്ച് ചെയ്ത് അകത്തേക്ക് തിരിഞ്ഞ ഓവറിലെ അവസാന പന്ത് രോഹിത്തിന്റെ സ്റ്റംപിളക്കിയതോടെ ഇന്ത്യ ഞെട്ടി. 22 പന്തിൽ 11 റൺസെടുത്താണ് രോഹിത് മടങ്ങിയത്. ഷഹീൻ അഫ്രീദിയുടെ ഇൻസ്വിംഗറുകൾക്കെതിരെ കരുതലെടുത്തിട്ടും രോഹിത്തിന് പവർ പ്ലേ അതിജീവിക്കാനായില്ല.

രോഹിത് മടങ്ങിയതോടെ വൺ ഡൗണായി ക്രീസിലെത്തിയത് വിരാട് കോലിയായിരുന്നു. നസീം ഷാക്കെതിരെ മനോഹരമായ കവർ ഡ്രൈവിലൂടെ ബൗണ്ടറി നേടിയ കോലി പ്രതീക്ഷ നൽകിയെങ്കിലും ഷഹീൻ അഫ്രീദിയുടെ അടുത്ത ഓവറിൽ ബൗൾഡായി. അഫ്രീദിയുടെ പന്ത് കട്ട് ചെയ്യാൻ ശ്രമിച്ച കോലിയുടെ ബാറ്റിൽ തട്ടി പന്ത് സ്റ്റംപിളക്കി. ഏഴ് പന്തിൽ നാലു റൺസുമായി കോലിയും വീണതോടെ ഇന്ത്യ പരുങ്ങലിലായി.

രണ്ട് ബൗണ്ടറികളുമായി തുടങ്ങിയ ശ്രേയസ് അയ്യർക്കും ഏറെ ആയുസുണ്ടായിരുന്നില്ല. ഹാരിസ് റൗഫിന്റെ പന്തിൽ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ ഫക്കിർ സമാന് മിഡ് വിക്കറ്റിൽ ക്യാച്ച് നൽകി ശ്രേയസ് മടങ്ങി,. ഒൻപത് പന്തിൽ രണ്ട് ബൗണ്ടറിയടക്കം 14 റൺസായിരുന്നു സമ്പാദ്യം. നിലവിൽ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനുമാണ് ക്രീസിൽ.