- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക് പേസ് ആക്രമണത്തിന് മുന്നിൽ മൂക്കുകുത്തി മുൻനിര; സെഞ്ചുറി കൂട്ടുകെട്ടുയർത്തി ഇന്ത്യയെ കരകയറ്റി ഇഷാനും പാണ്ഡ്യയും; അഞ്ചാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ട്; വാലറ്റത്ത് വീറോടെ പൊരുതി ബുമ്രയും; ഏഷ്യാകപ്പിൽ പാക്കിസ്ഥാന് 267 റൺസ് വിജയലക്ഷ്യം
പല്ലെക്കെല്ലെ: ഏഷ്യാ കപ്പിലെ ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ 267 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. 48.5 ഓവറിൽ ഇന്ത്യ 266 റൺസിന് ഓൾഔട്ടായി. തുടക്കത്തിലെ ബാറ്റിങ് തകർച്ചയിൽ നിന്നും സെഞ്ചുറി കൂട്ടുകെട്ട് ഒരുക്കി ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. വാലറ്റത്ത് ജസ്പ്രീത് ബുമ്ര നടത്തിയ പോരാട്ടവും ഇന്ത്യൻ ഇന്നിങ്‌സിന് കരുത്തായി.
അഞ്ചാമനായി ഇറങ്ങി 81 പന്തിൽ ഒൻപത് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമടക്കം 82 റൺസെടുത്ത ഇഷാൻ കിഷനും 90 പന്തിൽ ഏഴ് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 87 റൺസ് എടുത്ത ഹാർദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യയുടെ രക്ഷകരായത്. ഇന്ത്യൻ സ്‌കോർ 200 കടന്നതിന് പിന്നാലെ കിഷനെ മടക്കി ഹാരിസ് റൗഫ് ആണ് കൂട്ടുകെട്ട് പൊളിച്ചത്. 66 റൺസിൽ നാലാം വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ടുയർത്തിയ ഇഷാൻ കിഷനും ഹാർദ്ദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 10 ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ഷഹീൻ അഫ്രീദിയാണ് ഒരിക്കൽ കൂടി ഇന്ത്യൻ ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കിയത്.
മൂക്കുകുത്തി മുൻനിര
ടോസിലെ ഭാഗ്യം ഇന്ത്യയെ ബാറ്റിംഗിൽ തുണച്ചില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പാക് പേസാക്രമണത്തിന് മുന്നിൽ തുടക്കത്തിൽ പകച്ചു. മെല്ലെത്തുടങ്ങിയ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും മഴ മൂലം ആദ്യം അഞ്ചാം ഓവറിൽ കളി നിർത്തുമ്പോൾ ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 15 റൺസിലെത്തിച്ചു. എന്നാൽ കളി പുനരാരംഭിച്ചപ്പോൾ ആദ്യ ഓവറിൽ തന്നെ ഷഹീൻ അഫ്രീദി രോഹിത്തിന്റെ(11) സ്റ്റംപിളക്കി.
വൺ ഡൗണായി ക്രീസിലെത്തിയ വിരാട് കോലി മനഹോരമായൊരു കവർ ഡ്രൈവിലൂടെ അക്കൗണ്ട് തുറന്നെങ്കിലും പിന്നാല ഷഹീന്റെ പന്തിൽ ബൗൾഡായി മടങ്ങി. നാലു റൺസായിരുന്നു കോലിയുടെ സമ്പാദ്യം. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോൾ ശുഭ്മാൻ ഗിൽ മറുവശത്ത് താളം കണ്ടെത്താൻ പാടുപെടുകയായിരുന്നു.
മഴമൂലം വീണ്ടും കളി നിർത്തിവെച്ചശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യർ പ്രത്യാക്രമണത്തിലൂടെ 9 പന്തിൽ 14 റൺസെടുത്ത് പ്രതീക്ഷ നൽകിയെങ്കിലും ഹാരിസ് റൗഫിന്റെ ഷോർട്ട് ബോളിൽ ഫഖർ സമന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ ഹാരിസ് റൗഫ് ശുഭ്മാൻ ഗില്ലിനെ ബൗൾഡാക്കി. ഇതോടെ പതിനഞ്ചാം ഓവറിൽ 66-4 എന്ന സ്‌കോറിൽ ഇന്ത്യ പ്രതിരോധത്തിലായി.
ആക്രമണമാണ് മികച്ച പ്രതിരോധമെന്ന തിരിച്ചറിവിൽ ഹാരിസ് റൗഫിനെ തെരഞ്ഞെുപിടിച്ച് ആക്രമിച്ച ഇഷാൻ കിഷൻ ഇന്ത്യൻ സ്‌കോർ ബോർഡ് മുന്നോട്ട് കൊണ്ടുപോയപ്പോൾ സിംഗിളുകളും ഇടക്കിടെ ബൗണ്ടറികളും നേടി ഹാർദ്ദിക് പാണ്ഡ്യയും മികച്ച പിന്തുണ നൽകി. കരിയറിൽ ആദ്യമായി മധ്യനിരയിൽ ബാറ്റിംഗിനെത്തിയ കിഷൻ 54 പന്തിൽ അർധസെഞ്ചുറി തികച്ചു.
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഓപ്പണറായി ഇറങ്ങി തുടർച്ചയായി മൂന്ന് അർധസെഞ്ചുറി നേടിയ കിഷന്റെ തുടർച്ചയായ നാലാം അർധസെഞ്ചുറിയാണിത്. 20-ാം ഓവറിൽ 100 കടന്ന ഇന്ത്യയെ കിഷനും പാണ്ഡ്യയും ചേർന്ന് 31-ാം ഓവറിൽ 150 കടത്തി.
മുഹമ്മദ് നവാസിനെ സിക്‌സിന് പറത്തിയ കിഷൻ സെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കിയപ്പോൾ 62 പന്തിൽ അർധസെഞ്ചുറിയിലെത്തിയ പാണ്ഡ്യ മികച്ച പങ്കാളിയായി. അമിതാവേശം കാട്ടാതെ മോശം പന്തുകൾ തെരഞ്ഞെടുത്ത് ശിക്ഷിച്ച ഇവരുവരും 35-ാം ഓവറിൽ ഇന്ത്യയെ 183 റൺസിലെത്തിച്ചു. 37ാം ഓവറിൽ ഇന്ത്യ 200 കടന്നു.ഇതിന് പിന്നാലെ കിഷൻ മടങ്ങി. ഒമ്പത് ഫോറും രണ്ട് സിക്‌സും പറത്തിയ കിഷൻ 81 പന്തിൽ 82 റൺസെടുത്തു. പാക്കിസ്ഥാന് വേണ്ടി സ്റ്റാർ പേസർ ഷഹീൻ അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവും വീഴ്‌ത്തി.
ഇന്ത്യൻ ഇന്നിങ്‌സിനിടെ രണ്ട് തവണ മഴ കളി തടസപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കാൻഡിയിലെ പല്ലെകെലെ സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയായിരുന്നു.
നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടുന്നത്. ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യർ മടങ്ങിയെത്തിയപ്പോൾ കെ.എൽ രാഹുലിന്റെ അഭാവത്തിൽ ഇഷാൻ കിഷന് അവസരം ലഭിച്ചു. സൂര്യകുമാർ യാദവും മുഹമ്മദ് ഷമിയും ടീമിലില്ല.
സ്പോർട്സ് ഡെസ്ക്