പല്ലെക്കെല്ലെ: ഏഷ്യാ കപ്പ് ആവേശപ്പോരിൽ പാക്കിസ്ഥാന്റെ പേസ് ആക്രമണത്തിന് മുന്നിൽ മുൻനിര തകർന്നിട്ടും ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത് അഞ്ചാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ ഇഷാൻ കിഷനും ഹാർദ്ദിക് പാണ്ഡ്യയുമായിരുന്നു. ഇന്ത്യയുടെ തിരിച്ചടിക്ക് നേതൃത്വം നൽകിയതാകട്ടെ അഞ്ചാമനായി ബാറ്റിംഗിന് ഇറങ്ങിയ ഇഷാൻ കിഷനും.

66 റൺസിൽ നാലു വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ കിഷനും ഹാർദ്ദിക് പാണ്ഡ്യയും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഏകദിന കരിയറിൽ ആദ്യമായി അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ കിഷൻ തുടക്കം മുതൽ തകർത്തടിച്ചാണ് പ്രത്യാക്രമണത്തിന് നേതൃത്വം നൽകിയത്. പാക്കിസ്ഥാനെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ സ്വന്തമാക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നേട്ടം സ്വന്തമാക്കിയാണ് ഇഷാൻ മടങ്ങിയത്.

പാക് പേസർമാർ തുടക്കത്തിലെ ആധിപത്യം സ്ഥാപിച്ചപ്പോൾ പതറിയ ഇന്ത്യക്ക് കിഷന്റെ പ്രത്യാക്രമണമാണ് ആത്മവിശ്വാസം നൽകിയത്. ശുഭ്മാൻ ഗില്ലിനെയും ശ്രേയസ് അയ്യരെയും വീഴ്‌ത്തി ഇന്ത്യക്ക് ഭീഷണിയായ പാക് പേസർ ഹാരിസ് റൗഫിനെതിരെ ആയിരുന്നു കിഷൻ തുടക്കത്തിൽ സാഹസിക ഷോട്ടുകൾ കളിച്ച് തിരിച്ചടിച്ചത്. കിഷനും പാണ്ഡ്യയും ചേർന്ന് അഞ്ചാം വിക്കറ്റിൽ 138 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടുയർത്തിയ ഇന്ത്യയെ 200 കടത്തിയതിന് പിന്നാലെ പാക് നായകൻ ബാബർ അസം വീണ്ടും ഹാരിസ് റൗഫിനെ പന്തെറിയാൻ വിളിച്ചു.

81 പന്തിൽ 82 റൺസുമായി സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന കിഷനെ വീഴ്‌ത്തിയ റൗഫ് ബാബറിന്റെ വിശ്വാസം കാത്തു. എന്നാൽ കിഷനെ പുറത്താക്കിയശേഷം ഹാരിസ് റൗഫ് നൽകിയ യാത്രയയപ്പ് ഇന്ത്യൻ ആരാധകർക്ക് അത്ര രസിച്ചില്ല. വിക്കറ്റ് വീഴ്‌ത്തിയശേഷം കിഷനുനുനേരെ കയറിപ്പോ എന്ന് ആക്രോശിച്ചാണ് റൗഫ് വിക്കറ്റ് വീഴ്ച ആഘോഷിച്ചത്.

റൗഫിന്റെ വിജയാഘോഷത്തിനുള്ള മറുപടി അധികം വൈകില്ലെന്നാണ് ഇന്ത്യൻ ആരാധകർ മറുപടി നൽകുന്നത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് ഓൾ ഔട്ടായി. 87 റൺസെടുത്ത ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇഷാൻ കിഷൻ 82 റൺസെടുത്തപ്പോൾ വാലറ്റത്ത് 14 പന്തിൽ16 റൺസെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്‌കോറർ. മറ്റാർക്കും ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങാനായില്ല. പാക്കിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവുമെടുത്തു.