- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഴയിൽ കുതിർന്ന് ആവേശപ്പോരാട്ടം; ഇന്ത്യൻ ഇന്നിങ്സിന് പിന്നാലെ മത്സരം മുടക്കി കനത്ത മഴ; രണ്ടാം ഇന്നിങ്‌സ് പൂർത്തിയാക്കാനാകാതെ മത്സരം ഉപേക്ഷിച്ചു; ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചു; പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ; ഇന്ത്യയുടെ രണ്ടാം മത്സരം നേപ്പാളിനെതിരെ തിങ്കളാഴ്ച
പല്ലെക്കെല്ലെ: ഏഷ്യാ കപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാൻ ആവേശപ്പോരാട്ടം കനത്ത മഴയെ തുടർന്ന് പൂർത്തിയാക്കാനാകാതെ ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 267 റൺസ് വിജയലക്ഷ്യം ഉയർത്തിയെങ്കിലും പാക്കിസ്ഥാന്റെ ഇന്നിങ്‌സ് തുടങ്ങുന്നതിന് മുന്നോടിയായി കനത്ത മഴ മത്സരം മുടക്കുകയായിരുന്നു. ഇടക്ക് മഴ നിന്നെങ്കിലും വീണ്ടും ശക്തമായി മഴ പെയ്തതോടെ പാക് ഇന്നിങ്‌സ് തുടങ്ങാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്റ് പങ്കുവെച്ചു. ആദ്യ മത്സരത്തിൽ നേപ്പാളിനെ തകർത്ത പാക്കിസ്ഥാൻ സൂപ്പർ ഫോറിലേക്ക് മുന്നേറി.
നേരത്തെ ഇന്ത്യൻ ഇന്നിങ്‌സിനിടെയും പലവട്ടം മഴ കളി മുടക്കിയെങ്കിലും ഇന്ത്യൻ ഇന്നിങ്‌സ് പൂർത്തിയായിരുന്നു. ഇന്നിങ്‌സിന്റെ ഇടവേളയിൽ പെയ്ത മഴമൂലം പാക് ഇന്നിങ്‌സ് തുടങ്ങാൻ വൈകിയിരുന്നു. പിന്നീട് മഴ നിലച്ചപ്പോൾ 20 ഓവർ മത്സരമെങ്കിലും സാധ്യമാകുമോ എന്ന് അമ്പയർമാർ പരിശോധിച്ചെങ്കിലും ഇതിനിടെ വീണ്ടും മഴ എത്തിയതോടെ മത്സരം പൂർണണമായും ഉപേക്ഷിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് ഓൾഔട്ടായിരുന്നു. പിന്നാലെ കനത്ത മഴയെത്തിയതോടെ പാക്കിസ്ഥാന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല. മഴ തുടർന്നതോടെ ഇന്ത്യൻ സമയം 9.50-ന് മത്സരം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് അമ്പയർമാർ അറിയിക്കുകയായിരുന്നു. ഇതോടെ ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചു. ഇന്ത്യൻ ഇന്നിങ്‌സിനിടെ രണ്ട് തവണ മഴ കളി തടസപ്പെടുത്തിയിരുന്നു. 4.2 ഓവർ പിന്നിട്ടപ്പോഴായിരുന്നു ആദ്യം മഴയെത്തിയത്. പിന്നാലെ 11.2 ഓവർ പിന്നിട്ടപ്പോഴും മഴ കളി തടസപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ കാൻഡിയിലെ പല്ലെകെലെ സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയായിരുന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് ഓൾ ഔട്ടായി. 87 റൺസെടുത്ത ഹാർദ്ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇഷാൻ കിഷൻ 82 റൺസെടുത്തു. മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല. 16 റൺസെടുത്ത ജസ്പ്രീത് ബുമ്രയായിരുന്നു ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്‌കോറർ. പാക്കിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവുമെടുത്തിരുന്നു.
ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷൻ - ഹാർദിക് പാണ്ഡ്യ സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 138 റൺസ് കൂട്ടിച്ചേർത്ത ഈ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്.
38-ാം ഓവറിൽ ഇരുവരും ചേർന്ന് ഇന്ത്യയെ 200 കടത്തിയതിന് പിന്നാലെ കിഷനും(81 പന്തിൽ 82) 239 റൺസിൽ ഹാർദ്ദിക്കും(90 പന്തിൽ 87) മടങ്ങിയതോടെ ഇന്ത്യ 50 ഓവർ പൂർത്തിയാക്കാതെ പുറത്തായി. രോഹിത് ശർമ(11), ശുഭ്മാൻ ഗിൽ(10), വിരാട് കോലി(4), ശ്രേയസ് അയ്യർ(14), രവീന്ദ്ര ജഡേജ(14) എന്നിവർ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി 22 പന്തിൽ നിന്ന് 11 റൺസെടുത്ത ക്യാപ്റ്റനെ ഷഹീൻ അഫ്രീദിയാണ് മടക്കിയത്. പിന്നാലെ ഏഴ് പന്തിൽ നിന്ന് നാലു റൺസുമായി വിരാട് കോലിയും അഫ്രീദിക്ക് മുന്നിൽ കീഴടങ്ങി. ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ശ്രേയസ് അയ്യർക്കും തിളങ്ങാനായില്ല. ഫോമിന്റെ മിന്നലാട്ടങ്ങൾ കാണിച്ചെങ്കിലും ഒമ്പത് പന്തിൽ നിന്ന് 14 റൺസെടുത്ത അയ്യർ ഹാരിസ് റൗഫിന്റെ ഷോർട്ട് ബോളിൽ വീണു. നിലുറപ്പിക്കാൻ ശ്രമിച്ച ശുഭ്മാൻ ഗില്ലിന്റെ ഊഴമായിരുന്നു അടുത്തത്. 32 പന്തിൽ നിന്ന് 10 റൺസ് മാത്രമെടുത്ത ഗില്ലിനെയും ഹാരിസ് റൗഫാണ് പുറത്താക്കിയത്.
സ്പോർട്സ് ഡെസ്ക്