പല്ലെക്കെല്ലെ: ഏഷ്യാ കപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിനിടെ കനത്ത മഴ മത്സരം മുടക്കിയപ്പോൾ ഇരു ടീമിലെയും താരങ്ങൾ തമ്മിൽ സൗഹൃദം പങ്കിട്ടതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. താരങ്ങൾ തമ്മിലുള്ള സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്നും 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് ഇന്ത്യൻ ടീം കളിക്കുന്നതെന്ന് മറക്കരുതെന്നും ഗംഭീർ സ്റ്റാർ സ്‌പോർട്‌സിലെ ചർച്ചയിൽ പറഞ്ഞു.

രാജ്യത്തിനായി കളിക്കുമ്പോൾ എതിരാളികളുമായി സൗഹൃദത്തിന്റെയൊന്നും ആവശ്യമില്ല. മുഖത്തോട് മുഖം നോക്കി പോരാടുകയാണ് വേണ്ടത്. സൗഹൃദമൊക്കെ പുറത്തു നിർത്തണം. ആറോ ഏഴോ മണിക്കൂർ ക്രിക്കറ്റ് കളിച്ചശേഷം വേണമെങ്കിൽ സൗഹൃദമാവാം. പക്ഷെ കളിക്കിടെ അതുവേണ്ട. കാരണം, രാജ്യത്തെ കോടിക്കണക്കിനാളുകളെയാണ് നിങ്ങൾ ഗ്രൗണ്ടിൽ പ്രതിനിധീകരിക്കുന്നത്. ഇക്കാലത്ത് കളിക്കാർ പരസ്പരം പുറത്തുതട്ടി അഭിനന്ദിക്കുകയും തമാശ പറയുന്നതുമൊക്കെ ഗ്രൗണ്ടിൽ കാണുന്നുണ്ട്. കുറച്ചു വർഷം മുമ്പ് ഇതൊന്നും കാണാൻ കഴിയില്ലായിരുന്നുവെന്നും ഗംഭീർ പറഞ്ഞു.

ഇന്ത്യൻ ഇന്നിങ്‌സിനു പിന്നാലെ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇരു ടീമുകളും പോയിന്റു പങ്കുവയ്ക്കാനും തീരുമാനിച്ചു. മത്സരത്തിനു മുൻപും ശേഷവും ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും ഇന്ത്യ പാക്കിസ്ഥാൻ താരങ്ങൾ പരസ്പരം സംസാരിക്കുകയും തമാശകൾ പറയുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയിലെ 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ടീം പാക്കിസ്ഥാനോട് ഗ്രൗണ്ടിൽ ഇത്ര സൗഹൃദത്തോടെ പെരുമാറേണ്ടതില്ലെന്നായിരുന്നു ഗംഭീറിന്റെ പക്ഷം.

''ദേശീയ ടീമിനായി ഗ്രൗണ്ടിൽ കളിക്കുമ്പോൾ, നിങ്ങളുടെ സൗഹൃദത്തെ ബൗണ്ടറി ലൈനിനു പുറത്തു നിർത്തണം. ഇന്ത്യ പാക്കിസ്ഥാൻ താരങ്ങളുടെ കണ്ണുകളിൽ മത്സരത്തിന്റെ വാശിയാണു കാണേണ്ടത്. ക്രിക്കറ്റ് കഴിഞ്ഞുള്ള സമയത്ത് നിങ്ങൾക്കു സൗഹൃദം ആകാം. ക്രിക്കറ്റിനായുള്ള് ആറ്ഏഴു മണിക്കൂറുകൾ വളരെ പ്രധാനപ്പെട്ടതാണ്. കാരണം നിങ്ങൾ രാജ്യത്തെയാണു പ്രതിനിധീകരിക്കുന്നത്.'' ഗൗതം ഗംഭീർ ചർച്ചയിൽ പ്രതികരിച്ചു.

''എതിരാളികൾ തമ്മിൽ ഗ്രൗണ്ടിൽ സൗഹൃദം കാണിക്കുന്നതു കൂടുതലായി ഇപ്പോഴാണു കണ്ടുവരുന്നത്. മുൻപ് അതില്ലായിരുന്നു. ഇതു സൗഹൃദ മത്സരങ്ങളല്ല. പാക്കിസ്ഥാന്റെ കമ്രാൻ അക്മലുമായി എനിക്കു നല്ല ബന്ധമാണുള്ളത്. ഞാൻ അദ്ദേഹത്തിന് ഒരു ബാറ്റ് സമ്മാനിച്ചിരുന്നു. അദ്ദേഹം തന്ന ബാറ്റുകൊണ്ടാണ് ഒരു സീസൺ മുഴുവൻ ഞാൻ കളിച്ചത്. ഞങ്ങൾ അടുത്തിടെ ഒരു മണിക്കൂറോളം സമയം സംസാരിച്ചിരുന്നു. ക്രിക്കറ്റിൽ സ്ലെഡ്ജിങ് ഒക്കെ ആകാം, എന്നാൽ അതൊന്നും വ്യക്തിപരമാകരുത്. താരങ്ങളുടെ കുടുംബാംഗങ്ങളെ അതിലേക്കു കൊണ്ടുവരരുത്.'' ഗംഭീർ വ്യക്തമാക്കി.

ഇന്നലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം മഴ മുടക്കിയതോടെ ഇരുടീമിലെയും കളിക്കാർ തമ്മിൽ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യൻ താരം വിരാട് കോലിയുമായി പാക് താരങ്ങൾ സൗഹൃദം പങ്കിടുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലയാണ് വിമർശനവുമായി ഗംഭീർ രംഗത്തെത്തിയത്.