- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർപ്പൻ സെഞ്ചുറിയുമായി മെഹിദി ഹസനും നജ്മുൽ ഹുസൈൻ ഷാന്റോയും; അഫ്ഗാനിസ്ഥാന് കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ബംഗ്ലാദേശ്; സൂപ്പർ ഫോർ ഉറപ്പിക്കാൻ ജയം അനിവാര്യം
ലാഹോർ: ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് കൂറ്റൻ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ 334 റൺസാണ് നേടിയത്. മെഹിദി ഹസൻ മിറാസ് (112), നജ്മുൽ ഹുസൈൻ ഷാന്റോ (104) എന്നിവരുടെ സെഞ്ചുറികളാണ് ബംഗ്ലാദേശിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്.
അത്ര മികച്ചതായിരുന്നില്ല ബംഗ്ലാദേശിന്റെ തുടക്കം. മ മുഹമ്മദ് നെയിം (28), തൗഹിദ് ഹൃദോയ് (0) എന്നിവർ തുടക്കത്തിലെ മടങ്ങി. എന്നാൽ നാലാം വിക്കറ്റിൽ ബംഗ്ലാദേശിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ച ഗംഭീര കൂട്ടുകെട്ട് പിറന്നു. മെഹിദി - ഷാന്റോ സഖ്യം 215 റൺസാണ് കൂട്ടിചേർത്തത്. 45-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്.
ഷാന്റോ റണ്ണൗട്ടായി. 105 പന്തുകൾ നേരിട്ട ഷാന്റോ ഒമ്പത് ഫോറും രണ്ട് സിക്സും നേടിയിരുന്നു. പിന്നാലെ മെഹിദി റിട്ടയേർഡ് ഹർട്ടാവുകയും ചെയ്തു. 119 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും ഏഴ് ഫോറും നേടിയിരുന്നു. മുഷ്ഫികുർ റഹീം (15 പന്തിൽ 25) മോശമല്ലാത്ത സംഭാവന നൽകി. ഷമീ ഹുസൈനാണ് (11) പുറത്തായ മറ്റൊരു താരം. ഷാക്കിബ് അൽ ഹസൻ (32), അഫീഫ് ഹുസൈൻ (4) പുറത്താവാതെ നിന്നു. മുജീബ് റഹ്മാൻ, ഗുൽബാദിൻ നെയ്ബ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.
ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ശ്രീലങ്കയോട് തോറ്റിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് അവർക്ക് ജയം അനിവാര്യമാണ്. അഫ്ഗാനിസ്ഥാൻ ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്. ഇന്ന് പരാജയപ്പെട്ടാലും അവർക്ക് ശ്രീലങ്കയ്ക്കെതിരായ മത്സരം ബാക്കിയുണ്ട്. ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകളാണ് സൂപ്പർ ഫോറിലെത്തുക.
സ്പോർട്സ് ഡെസ്ക്