- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ എൽ രാഹുലിന്റെ ഫിറ്റ്നെസിൽ ആശങ്ക; താരത്തെ ടീമിൽ ഉൾപ്പെടുത്താൻ അവസാനവട്ട നീക്കം; സെലക്ടർമാർ അന്തിമ ധാരണയിലെത്തിയിട്ടും ലോകകപ്പ് ടീം പ്രഖ്യാപിക്കാതെ ബിസിസിഐ; ഐസിസി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും
മുംബൈ: ഐസിസി അനുവദിച്ച സമയപരിധി അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കാതെ സസ്പെൻസ് നിലനിർത്തി ബിസിസിഐ. നാളെയാണ് ടീം പ്രഖ്യാപിക്കാൻ ഐസിസി അനുവദിച്ച സമയപരിധി അവസാനിക്കുന്നത്. ഇന്നലെ ടീം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബിസിസിഐയുടെ ഭാഗത്തുനിന്നോ സെലക്ടർമാരുടെ ഭാഗത്തു നിന്നോ അത്തരം നീക്കങ്ങളൊന്നും ഉണ്ടായില്ല.
ലോകകപ്പിന് ഇറങ്ങേണ്ട പതിനഞ്ചംഗ ടീമിനെ സംബന്ധിച്ച് സെലക്ടർമാർ അന്തിമ ധാരണയിലെത്തിയെന്നും ഇനി പ്രഖ്യാപനം മാത്രമെ ബാക്കിയുള്ളൂവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഏഷ്യാകപ്പിൽ പങ്കെടുക്കുന്ന ടീമിൽ നിന്നും മൂന്ന് താരങ്ങളെ ഒഴിവാക്കി ടീം പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. എന്നാൽ ഇന്നലെ ടീമിന്റെ പ്രഖ്യാപനം ഉണ്ടാകാത്തതാണ് കെ എൽ രാഹുലിന്റെ ഫിറ്റ്നസ് സംബന്ധിച്ച സംശയം ഉയർത്തുന്നത്.
ഏഷ്യാ കപ്പിൽ കളിക്കുന്ന പേസർ പ്രസിദ്ധ് കൃഷ്ണ, യുവതാരം തിലക് വർമ, ട്രാവലിങ് സ്റ്റാൻഡ് ബൈ ആയ മലയാളി താരം സഞ്ജു സാംസൺ എന്നിവരെ ഒഴിവാക്കിക്കൊണ്ടുള്ള 15 അംഗ ടീമിനെയാണ് സെലക്ടർമാർ ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം, ടീം പ്രഖ്യാപനം വൈകിക്കുന്നത് കെ എൽ രാഹുലിന്റെ ഫിറ്റ്നെസ് സംബന്ധിച്ച് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കൽ സംഘം ഉറപ്പു നൽകാത്തതിനാലാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
രാഹുലിനെ ഏത് വിധേനെയും ലോകകപ്പ് ടീമിലുൾപ്പെടുത്താനാണ് സെലക്ടർമാർ ടീം പ്രഖ്യാപനം വൈകിക്കുന്നത് എന്നാണ് ആരോപണം. ബാറ്റിംഗിൽ കായികക്ഷമത തെളിയിച്ചെങ്കിലും 50 ഓവർ കീപ്പറായി നിൽക്കാൻ രാഹുലിനാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കയുണ്ട്.
രാഹുലിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയാൽ മലയാളി താരം സഞ്ജു സാംസൺ സ്വാഭാവികമായും ഒഴിവാക്കപ്പെടുമെന്നും മലയാളി ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഏഷ്യാ കപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീം നായകൻ രോഹിത് ശർമയുമായി ചീഫ് സെലക്ടർ അജിത് അഗാർക്കർ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ടീം സംബന്ധിച്ച് അന്തിമ ധാരണയായെന്നും സൂചനകളുണ്ടായിരുന്നു. എന്നിട്ടും ടീം പ്രഖ്യാപനം അവസാന ദിവസത്തേക്ക് നീട്ടിവെക്കുന്നതിനെയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെല്ലാം ഒരു മാസം മുമ്പെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരുന്നു
ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഏഷ്യാ കപ്പിൽ ഇന്ന് നേപ്പാളിനെതിരെ ഇന്ത്യ മത്സരത്തിനിറങ്ങുന്നുണ്ട്. ഇതിൽ യുവതാരം തിലക് വർമ, സൂര്യകുമാർ യാദവ് എന്നിവർക്ക് ബാറ്റിങ് നിരയിൽ അവസരം നൽകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇന്നത്തെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിൽ ഇവരിലൊരാൾ ലോകകപ്പ് ടീമിലെത്തുമെന്നാണ് മറ്റൊരു വാദം. എന്തായാലും ടീം പ്രഖ്യാപനം അവസാന മണിക്കൂറുകളിലേക്ക് മാറ്റുന്ന പതിവ് സെലക്ടർമാർ ഇത്തവണയും തെറ്റിക്കാനിടയില്ലെന്നാണ് ആരാധകർ കരുതുന്നത്.
സ്പോർട്സ് ഡെസ്ക്