പല്ലെകെലെ: ഏഷ്യാകപ്പിലെ ഗ്രൂപ്പ് എയിലെ നിർണായക പോരാട്ടത്തിൽ നേപ്പാളിനെതിരെ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം. പല്ലെക്കെലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാളിനെ ആസിഫ് ഷെയ്ഖ് (58), സോംപാൽ കാമി (48) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർക്ക് മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ഷാർദുൽ താക്കൂർ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.

ഇന്ന് ജയിച്ചാൽ നേപ്പാളിന് സൂപ്പർ ഫോറിൽ കടക്കാം. അവസാന ഫോറിലെത്താൻ ഇന്ത്യക്കും ജയിക്കണം. മഴ കാരണം മത്സരം മുടങ്ങിയാൽ ഇന്ത്യ സൂപ്പർ ഫോറിലെത്തും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് തുടങ്ങിയത്. ഓപ്പണർമാരായ കുശാൽ ഭുർടെലും ആസിഫ് ഷെയ്ഖും ചേർന്ന് മികച്ച തുടക്കം നേപ്പാളിന് നൽകി. ഇരുവരെയും പുറത്താക്കാനുള്ള അവസരങ്ങൾ ഇന്ത്യൻ ഫീൽഡർമാർ തുലച്ചു. അനായാസമായ മൂന്ന് ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, വിരാട് കോലി, വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ എന്നിവർ പാഴാക്കിയത്. ആദ്യ വിക്കറ്റിൽ ഭുർടെലും ആസിഫും ചേർന്ന് 65 റൺസാണ് കൂട്ടിച്ചേർത്തത്.

എന്നാൽ ശാർദൂൽ ഠാക്കൂറിലൂടെ ഇന്ത്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 25 പന്തിൽ 38 റൺസെടുത്ത ഭുർടെലിനെ ശാർദൂൽ ഇഷാൻ കിഷന്റെ കൈയിലെത്തിച്ചു. ഇതോടെ നേപ്പാൾ ബാറ്റിങ് നിരയുടെ താളംതെറ്റി. പിന്നാലെ വന്ന ഭിം ഷാർക്കി (7), നായകൻ രോഹിത് പൗഡെൽ (5), കുശാൽ മല്ല (2) എന്നിവരെ അതിവേഗത്തിൽ രവീന്ദ്ര ജഡേജ പുറത്താക്കി.

ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് ഓപ്പണർ ആസിഫ് സ്‌കോർ ഉയർത്തി. താരം അർധസെഞ്ചുറി നേടുകയും ചെയ്തു. എന്നാൽ ആസിഫിനെയും പുറത്താക്കി ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി. 97 പന്തിൽ 58 റൺസെടുത്ത താരത്തെ മുഹമ്മദ് സിറാജ് വിരാട് കോലിയുടെ കൈയിലെത്തി. ഇതോടെ നേപ്പാൾ അഞ്ചുവിക്കറ്റിന് 132 റൺസ് എന്ന സ്‌കോറിലേക്ക് വീണു. 23 റൺസെടുത്ത് കുശാൽ ഝാ പിടിച്ചുനിന്നെങ്കിലും താരത്തെയും സിറാജ് പുറത്താക്കി.

ഏഴാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ദീപേന്ദ്ര സിങ് ഐറിയും സോംപാൽ കാമിയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചതോടെ നേപ്പാൾ ക്യാമ്പിൽ പ്രതീക്ഷ പരന്നു. ഇരുവരും ചേർന്ന് ടീം സ്‌കോർ 150 കടത്തി. 37.5 ഓവറിൽ ടീം സ്‌കോർ 178-ൽ നിൽക്കേ മഴ വില്ലനായി വന്നു. ഇതോടെ മത്സരം അരമണിക്കൂറിലധികം സമയം നിർത്തിവെച്ചു. മഴയ്ക്ക് ശേഷം ബാറ്റിങ് പുനരാരംഭിച്ച നേപ്പാളിന് ക്രീസിലുറച്ചുനിന്ന ഐറിയുടെ വിക്കറ്റ് നഷ്ടമായി. 27 റൺസെടുത്ത താരത്തെ ഹാർദിക് വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീട് വന്ന താരങ്ങൾക്കൊന്നും പിടിച്ചുനിൽക്കാനായില്ല. കാമി 56 പന്തുകളിൽ നിന്ന് 48 റൺസെടുത്തു. മറ്റ് താരങ്ങൾ പെട്ടെന്ന് പുറത്തായതോടെ നേപ്പാൾ ഇന്നിങ്സ് 230-ൽ ഒതുങ്ങി.

നേരത്തെ, ടീമിൽ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഭാര്യയുടെ പ്രസവത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി ടീമിലെത്തി.