- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇഷാനും രാഹുലും ഒന്നിച്ച് കളിക്കാൻ സാധ്യതയുണ്ട്; പ്ലേയിങ് ഇലവനെ തീരുമാനിക്കുക എല്ലാ സാധ്യതകളും പരിഗണിച്ച്; ലഭ്യമായ ഏറ്റവും മികച്ച ടീം'; വിമർശനങ്ങൾക്ക് മറുപടി നൽകാനാകില്ലെന്ന് രോഹിത് ശർമ്മ
കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനിടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീലങ്കയിൽ വച്ച് ഇന്ത്യൻ ചീഫ് സെലക്ടർ അജിത് അഗാർക്കറും നായകൻ രോഹിത് ശർമ്മയും ചേർന്നാണ് ടീം ലിസ്റ്റ് പുറത്തുവിട്ടത്. പരുക്കിനെ തുടർന്ന് ഏറെക്കാലം വിശ്രമത്തിലായിരുന്ന കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുമ്ര എന്നിവർ ലോകകപ്പ് ടീമിലേക്കു തിരികെയെത്തി. അതേസമയം യുവതാരങ്ങളായ സഞ്ജു സാംസൺ, തിലക് വർമ എന്നിവർക്കു ടീമിൽ ഇടം ലഭിച്ചില്ല.
രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനാകും. ലഭ്യമായ ഏറ്റവും മികച്ച ടീമിനെയാണ് ലോകകപ്പിനായി തിരഞ്ഞെടുത്തതെന്ന് നായകൻ രോഹിത് ശർമ വ്യക്തമാക്കി. ''നല്ല ഡെപ്തുള്ള ബാറ്റിങ് നിരയാണിത്. ഹാർദിക് പാണ്ഡ്യയുടെ പ്രകടനം ലോകകപ്പിൽ നിർണായകമാകും.'' രോഹിത് ശർമ പറഞ്ഞു.
സഞ്ജു തഴയപ്പെട്ടപ്പോൾ വിക്കറ്റ് കീപ്പർമാരായി കെ എൽ രാഹുലും ഇഷാൻ കിഷനും സ്‌ക്വാഡിലെത്തി. ഇരുവരേയും ഒന്നിച്ച് പ്ലേയിങ് ഇലവനിൽ കളിപ്പിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ടീം പ്രഖ്യാപനവേളയിൽ രോഹിത് ശർമ്മ മറുപടി നൽകി.
'ഇഷാൻ കിഷനും കെ എൽ രാഹുലും ഒന്നിച്ച് കളിക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഇഷാൻ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. എല്ലാ സാധ്യതകളും പരിഗണിച്ചായിരിക്കും പ്ലേയിങ് ഇലവനെ തീരുമാനിക്കുക. ടീം സെലക്ഷനായി എല്ലാവരും കായികക്ഷമത കൈവരിക്കുകയാണ് ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ ആവശ്യം. അതിന് അനുസരിച്ച് ഇലവനെ തെരഞ്ഞെടുക്കും' എന്നും രോഹിത് ശർമ്മ വ്യക്തമാക്കി.
ടീം സിലക്ഷനെതിരെ പുറത്തുനിന്നുള്ള പ്രതിഷേധങ്ങളെ ശ്രദ്ധിക്കാനില്ലെന്നും, ഇക്കാര്യത്തിൽ മറുപടി പറയില്ലെന്നും രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ''വാർത്താ സമ്മേളനങ്ങളിൽ ഇതുപോലുള്ള ചോദ്യങ്ങൾ ഒഴിവാക്കൂ. പുറത്തുള്ള ബഹളങ്ങൾക്കു ശ്രദ്ധ കൊടുക്കാൻ ഞങ്ങൾക്കു താൽപര്യമില്ല. അങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കില്ലെന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. അത്തരം ചോദ്യങ്ങൾക്കു ഞാൻ മറുപടി നൽകില്ല.'' രോഹിത് ശർമ പ്രതികരിച്ചു.
ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തിൽ കെ എൽ രാഹുലിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ ബാറ്റിംഗിൽ അഞ്ചാമനായിറങ്ങി 81 പന്തിൽ 9 ഫോറും 2 സിക്സറും സഹിതം 82 റൺസെടുത്തിരുന്നു. പാക്കിസ്ഥാന്റെ ശക്തമായ ബൗളിങ് ആക്രമണം ചെറുത്തായിരുന്നു ഇഷാൻ ബാറ്റിങ്.
റിഷഭ് പന്തിന് പരിക്കേറ്റ ശേഷം കെ എൽ രാഹുലായിരുന്നു ഇന്ത്യൻ ഏകദിന ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ. എന്നാൽ ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുലിന് ഇതുവരെ ഇന്ത്യക്കായി മടങ്ങിയെത്താനായിട്ടില്ല. ഇതോടെ ഇഷാൻ കിഷനാണ് നിലവിൽ വിക്കറ്റ് കീപ്പർ. ഏഷ്യാ കപ്പിലെ വരും മത്സരങ്ങളിൽ രാഹുൽ ടീമിലേക്ക് തിരിച്ചെത്തും എന്നിരിക്കേ ഇഷാൻ കിഷനെയും രാഹുലിനേയും ഒരേസമയം കളിപ്പിക്കാൻ കഴിയുമോ എന്നതാണ് ആകാംക്ഷ.
ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നത്. ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലാണ് ആദ്യ പോരാട്ടം. ഒക്ടോബർ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ആദ്യ മത്സരം കളിക്കും
.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷാർദ്ദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.
സ്പോർട്സ് ഡെസ്ക്