ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയിൽ പേരുമാറ്റം ആവശ്യപ്പെട്ട് ഇതിഹാസ ഓപ്പണർ വീരേന്ദർ സെവാഗ്. ടീം ഇന്ത്യ വേണ്ടാ, ടീം ഭാരത് എന്ന് ജേഴ്സിയിൽ എഴുതിയാൽ മതിയെന്നാണ് വീരുവിന്റെ ആവശ്യം. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ തുടങ്ങി നിരവധി താരങ്ങൾക്കായി ആർപ്പുവിളിക്കുമ്പോൾ ഭാരത് എന്ന വാക്കായിരിക്കണം മനസിൽ വേണ്ടത് എന്നും വീരേന്ദർ സെവാഗ് ട്വിറ്റിൽ കുറിച്ചു. ജേഴ്സിയിലെ ഇന്ത്യ എന്ന എഴുത്ത് മാറ്റി ഭാരത് എന്നാക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്ത് സെവാഗ് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ബിസിസിഐ സെക്രട്ടറി ജയ് ഷായോടാണ് സെവാഗ് ആവശ്യം എക്സിലൂടെ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പേര് മാറ്റം പാർലമെന്റിലൂടെ സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'നമ്മൾ ഭാരതീയരാണ്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്, നമ്മുടെ യഥാർഥ പേരായ ഭാരത് ഔദ്യോഗികമായി തിരികെ ലഭിക്കുന്നതിൽ കാലതാമസമുണ്ടായിരിക്കുകയാണ്. ഈ ലോകകപ്പിൽ നമ്മുടെ ക്രിക്കറ്റ് താരങ്ങളുടെ നെഞ്ചിൽ ഭാരത് എന്ന എഴുത്തുണ്ടെന്ന് ഉറപ്പാക്കാൻ ബിസിസിഐയോട് അഭ്യർത്ഥിക്കുന്നുവെന്നും' വീരേന്ദ്ര സെവാഗ് മറ്റൊരു ട്വീറ്റിൽ കുറിച്ചു.

ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീം ഇന്ത്യ സ്‌ക്വാഡിന്റെ പട്ടിക ബിസിസിഐ ട്വീറ്റ് ചെയ്തത് പങ്കുവെച്ചുകൊണ്ടായിരുന്നു വീരേന്ദർ സെവാഗിന്റെ ഈ ആവശ്യം. രാജ്യത്തിന്റെ പേര് റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വന്നേക്കുമെന്ന സൂചനകൾ പുറത്തുവന്ന സാഹചര്യത്തിലാണ് സെവാഗിന്റെ ഈ ആവശ്യം.

രണ്ട് തിരഞ്ഞെടുപ്പുകളിലായി രണ്ട് പ്രധാന പാർട്ടികൾ തന്നെ സമീപിച്ചിരുന്നതായും എന്നാൽ രാഷ്ട്രീയത്തിൽ തനിക്ക് ഒട്ടും താത്പര്യമില്ലെന്നും സെവാഗ് വെളിപ്പെടുത്തി. ബിജെപി എംപിയും മുൻ സഹതാരവുമായ ഗൗതം ഗംഭീറിനെ പരോക്ഷമായി എക്സിലൂടെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട് സെവാഗ്. പലരും രാഷ്ട്രീയത്തിൽ പി.ആർ.വർക്ക് മാത്രമാണ് ചെയ്യുന്നതെന്നും ഒരു പാർട്ട് ടൈം എംപിയാകാൻ ആഗ്രഹമില്ലെന്നുമാണ് സെവാഗിന്റെ പരിഹാസം.

ജി20 ഉച്ചകോടിയുടെ ഭാഗമായ അത്താഴ വിരുന്നിനുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് രാജ്യത്തിന്റെ പേരുമാറ്റം സജീവ ചർച്ചയായത്. പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന തലക്കെട്ടിലാണ് രാഷ്ട്രപതിയുടെ ക്ഷണക്കത്ത്.

ഇതിനിടെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് കൊണ്ടുള്ള ബിസിസിഐയുടെ പോസ്റ്റിലാണ് സെവാഗ് രാജ്യത്തിന്റെ പേര് ഭാരത് ആക്കണമെന്ന ആവശ്യമുയർത്തിയത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീം എന്നായിരുന്നു ബിസിസിഐ എക്സിൽ കുറിച്ചിരുന്നത്. 'ടീം ഇന്ത്യയല്ല, ടീം ഭാരത് എന്നാണ് വേണ്ടത്. നമ്മുടെ ഹൃദയത്തിൽ ഭാരതം ഉണ്ടാകുന്നതിനൊപ്പം കളിക്കാരുടെ ജഴ്സിയിലും അതുണ്ടാകട്ടെയെന്ന് ജയ്ഷായെ ടാഗ് ചെയ്തുകൊണ്ട് സെവാഗ് വ്യക്തമാക്കി.

ഇതിന് പിന്നാലെ ഗംതം ഗംഭീറിന് മുന്നെ നിങ്ങളായിരുന്നു എംപിയാകേണ്ടത് എന്ന് ഒരാളുടെ എക്സിലെ പ്രതികരണത്തിനാണ് തനിക്ക് രാഷ്ട്രയത്തിൽ താത്പര്യമില്ലെന്ന് സെവാഗ് അറിയിച്ചത്.

'എനിക്ക് രാഷ്ട്രീയത്തിൽ ഒട്ടും താത്പര്യമില്ല. കഴിഞ്ഞ രണ്ട് രണ്ട് തിരഞ്ഞെടുപ്പുകളിലും പ്രധാനപ്പെട്ട രണ്ട് പാർട്ടികളും തന്നെ സമീപിച്ചിട്ടുണ്ട്. കലാ-കായികതാരങ്ങളൊന്നും രാഷ്ട്രീയത്തിൽ പ്രവേശിക്കരുതെന്നാണ് എന്റെ കാഴ്‌ച്ചപ്പാട്. കാരണം ഇവരിൽ മിക്കവരും സ്വാർത്ഥ താത്പര്യമുള്ളവരും അധികാര ദാഹികളുമാണ്. ജനങ്ങൾക്കായി സമയം മാറ്റിവെക്കുന്നവരല്ല. ചുരുക്കം ചിവർ അങ്ങനെ അല്ലാത്തവരും ഉണ്ടെങ്കിലും മിക്കവരും പി.ആർ.മാത്രമാണ് ചെയ്യുന്നത്. ക്രിക്കറ്റുമായി ഇടപഴകുന്നതിലും നിരൂപണങ്ങൾ നടത്തുന്നതിലുമാണ് എനിക്കിഷ്ടം. ഇതിനിടയിൽ പാർട്ട്ടൈം എംപിയാകാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല' സെവാഗ് മറുപടി നൽകി.

ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങൾക്കിടയിൽ അംഗീകരിച്ച പേര്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് പാസ്‌പോർട്ടിലുൾപ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കും. എന്നാൽ ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു.