മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ അടക്കം ചില യുവതാരങ്ങളെ തഴഞ്ഞതിൽ കടുത്ത വിമർശനമാണ് ആരാധകർ ഉയർത്തുന്നത്. പ്രത്യേകിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ പരുക്കിന്റെ നിഴലിലുള്ള കെ എൽ രാഹുലിനെ ടീമിലേക്ക് പരിഗണിച്ചപ്പോൾ സഞ്ജു സാംസണെ പുറത്താക്കിയതാണ് വിമർശനത്തിന് കാരണം. പരിക്ക് മാറിയിട്ടില്ലാത്ത കെ.എൽ.രാഹുലിനെയും ഏകദിനത്തിൽ അമ്പേ പരാജയമായ സൂര്യകുമാർ യാദവിനെയും ബാറ്റിങ് ശരാശരിയിൽ സഞ്ജുവിന് പുറകിലുള്ള ഇഷാൻ കിഷനെയുമെല്ലാം ടീമിൽ ഉൾപ്പെടുത്തിയതിൽ കൃത്യമായ അജണ്ടയുണ്ടെന്നാണ് ആരാധകരുടെ പക്ഷം.

എന്നാൽ സഞ്ജുവിനേക്കാൾ മിടുക്കനാണ് ഇഷാൻ കിഷനെന്ന് ഇന്ത്യൻ താരം രവിചന്ദ്ര അശ്വിൻ പറയുന്നു. വൈറ്റ് ബോൾ ഫോർമാറ്റിൽ ഇന്ത്യക്കായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ഇഷാൻ കിഷനെ സഞ്ജുവുമായി താരതമ്യപ്പെടുത്തരുതെന്ന് അശ്വിൻ പറഞ്ഞു.

ഇഷാൻ ഒരു അസാധാരണമായ ടീം മാനാണെന്നും ഇന്ത്യയുടെ ടീം തെരഞ്ഞെടുപ്പ് തെറ്റിയില്ലെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. സഞ്ജുവിനൊപ്പം ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ടയാളാണ് രവിചന്ദ്ര അശ്വിൻ എന്നതാണ് ശ്രദ്ധേയം.

'നിങ്ങൾ ഇഷാൻ കിഷനെയും സഞ്ജു സാംസണെയും നോക്കുകയാണെങ്കിൽ, ഇരുവരും തമ്മിൽ ഒരു മത്സരവുമില്ല. ഇഷാന് നിരവധി റോളുകളിൽ കളിക്കാൻ കഴിയും. 15 അംഗ ടീമിനെ എടുക്കുമ്പോൾ, ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പർ ആവശ്യമാണ്. അതിനാൽ, ഇന്ത്യക്ക് രണ്ട് വിക്കറ്റ് കീപ്പർമാർ വേണ്ടിവരും. ഇഷാൻ കിഷൻ ഒരു ബാക്ക്-അപ്പ് ഓപ്പണറാണ്. അവൻ 2-ഇൻ-1 കളിക്കാരനാണ്. അവൻ ബാക്കപ്പ് നമ്പർ 5 കൂടി നന്നായി കളിക്കുന്നു.' അശ്വിൻ പറഞ്ഞു.