കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാനെ നേരിടാൻ ഇന്ത്യൻ ടീം ഒരുങ്ങുന്നതിനിടെ ഇന്ത്യൻ ടീം ക്യാമ്പ് വിട്ട് മലയാളി താരം സഞ്ജു സാംസൺ നാട്ടിലേക്ക് മടങ്ങി. വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേർന്നതോടെയാണ് സഞ്ജു സാംസൺ നാട്ടിലേക്കു മടങ്ങിയത്. 17 അംഗ ഏഷ്യാ കപ്പ് സ്‌ക്വാഡിനൊപ്പം റിസർവ് താരമായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. രാഹുലിന്റെ പരുക്കിൽ ആശങ്കകൾ നിലനിൽക്കുന്നതുകൊണ്ടായിരുന്നു ബിസിസിഐയുടെ നീക്കം.

പരിശീലനത്തിനിടയിൽ വീണ്ടും പരുക്കേറ്റതിനാൽ രാഹുൽ ടീമിനൊപ്പം ശ്രീലങ്കയിലേക്കു പോയിരുന്നില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു രാഹുലിന്റെ പരിശീലനം. ഫിറ്റ്‌നസ് വീണ്ടെടുത്ത് താരം ശ്രീലങ്കയിലെത്തിയതോടെ സഞ്ജു മടങ്ങുകയായിരുന്നു. വിക്കറ്റ് കീപ്പറായി പരിശീലനം ആരംഭിച്ച രാഹുൽ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ കളിക്കുമെന്നാണ് റിപ്പോർട്ട്.

ഗ്രൂപ്പ് ഘട്ടത്തിലെ പാക്കിസ്ഥാൻ, നേപ്പാൾ ടീമുകൾക്കെതിരായ മത്സരത്തിൽ രാഹുൽ കളിച്ചിരുന്നില്ല. ഇഷാൻ കിഷനായിരുന്നു ഈ കളികളിൽ ഇന്ത്യയുടെ കീപ്പർ. പാക്കിസ്ഥാനെതിരായി തിളങ്ങിയ ഇഷാനെ രാഹുലിന്റെ വരവോടെ ബിസിസിഐ പുറത്തിരുത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പറല്ലാതെ, ബാറ്ററായി മാത്രം ഇഷാൻ കിഷനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ഏകദിന ലോകകപ്പിനുള്ള ടീമിലും രാഹുലും ഇഷാൻ കിഷനുമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ.

കഴിഞ്ഞ ദിവസം രാഹുൽ ദീർഘനേരം പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. മാച്ച് ഫിറ്റ്നെസ് വീണ്ടെടുത്തുവെന്ന് ടീം മാനേജ്മെന്റും വിലയിരുത്തി. താരം പൂർണ കായികക്ഷമത കൈവരിച്ചുവെന്ന് തെളിഞ്ഞതോടെ സഞ്ജുവിനെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. സൂര്യകുമാർ യാദവും പരിക്കൽ നിന്ന് മോചിതനായെത്തിയ ശ്രേയസ് അയ്യരും ലോകകപ്പിനുള്ള ടീമിലിടം നേടിയിരുന്നു.

കഴിഞ്ഞ ദിവസം സൂര്യകുമാറിനെ ടീമിലെടുത്തതിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഏകദിന ജേഴ്സിയിൽ ഇതുവരെ 26 ഏകദിനങ്ങൾ കളിച്ചങ്കിലും രണ്ട് അർധസെഞ്ചുറി മാത്രമാണ് സൂര്യകുമാറിന് നേടാനായത്. ബാറ്റിങ് ശരാശരി 24 മാത്രമാണ്. എന്നാൽ ബാറ്റിങ് നിരയിൽ അഞ്ചാമതോ ആറാമതോ ഇറങ്ങി സൂര്യകുമാർ ചെയ്യുന്ന കാര്യം വിരാട് കോലിക്കോ രോഹിത് ശർമക്കോ സഞ്ജു സാംസണോ ചെയ്യാനാവില്ലെന്നും ഹർഭജൻ പറഞ്ഞിരുന്നു.

മുമ്പ് ഇന്ത്യക്കായി യുവരാജ് സിംഗും എം എസ് ധോണിയും ചെയ്തിരുന്നത് എന്താണോ അതാണ് സൂര്യകുമാർ ചെയ്യാൻ പോകുന്നതെന്നും ഹർഭജൻ വ്യക്തമാക്കി. ഞാനായിരുന്നു തീരുമാനമെടുക്കുന്നതെങ്കിൽ തീർച്ചയായും സൂര്യകുമാറിനെ പ്ലേയിങ് ഇലവനിൽ കളിപ്പിക്കുമെന്നും ഹർഭജൻ പറഞ്ഞു.