- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ടോസ് പാക്കിസ്ഥാന്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; കെ എൽ രാഹുൽ തിരിച്ചെത്തി; ശ്രേയസ് അയ്യർ പുറത്ത്; ജസ്പ്രീത് ബുമ്രയും ടീമിൽ; പാക് പേസർമാരുടെ ന്യൂ ബോൾ സ്‌പെൽ നിർണായകം
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ നിർണായക പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ഫീൽഡിങ് തെരഞ്ഞെടുത്തു. കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയപ്പോൾ ശ്രേയസ് അയ്യർ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായി. പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തിൽ 81 പന്തിൽ 82 റൺസടിച്ച് ഇന്ത്യൻ ഇന്നിങ്‌സിനെ താങ്ങി നിർത്തിയ ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിൽ സ്ഥാനം നിലനിർത്തി. നേപ്പാളിനെതിരെ കളിക്കാതിരുന്ന പേസർ ജസ്പ്രീത് ബുമ്രയും ടീമിലേക്കു മടങ്ങിയെത്തി. സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ വമ്പൻ വിജയം നേടിയ അതേ ടീമുമായാണ് പാക്കിസ്ഥാൻ ഇറങ്ങുന്നത്.
നേപ്പാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമിൽ പേസർ മുഹമ്മദ് ഷമി പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായപ്പോൾ ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി. ഷാർദ്ദുൽ താക്കൂറും ഹാർദ്ദിക് പാണ്ഡ്യയുമാണ് ടീമിലെ മറ്റ് പേസർമാർ. സ്പിന്നർമാരായി രവീന്ദ്ര ജഡേജയും കുൽദീപ് യാദവുമാാണ് ടീമിലുള്ളത്. രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഓപ്പണറാകുമ്പോൾ വിരാ്ട് കോലി മൂന്നാം നമ്പറിലും കെ എൽ രാഹുൽ നാലാം നമ്പറിലും ഇറങ്ങും. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് പാക്കിസ്ഥാൻ ഇറങ്ങുന്നത്.
ഒരാഴ്ചയ്ക്കു ശേഷം വീണ്ടും നേർക്കുനേർ വരുമ്പോൾ ഈ 'ബലഹീനത' മറികടക്കുകയാണ് ഇന്ത്യൻ ടോപ് ഓർഡറിന്റെ ലക്ഷ്യം. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപിച്ച പാക്കിസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം ജയിച്ചാൽ പാക്കിസ്ഥാന് ഫൈനൽ ഏറക്കുറെ ഉറപ്പിക്കാം. ഇന്ത്യയുടെ ആദ്യ സൂപ്പർ ഫോർ മത്സരമാണിത്.
മഴ മൂലം പാതിവഴിയിൽ ഉപേക്ഷിച്ച ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് പുറത്തായിരുന്നു. അന്ന് മത്സരത്തിലെ 10 വിക്കറ്റും നേടിയത് പാക്ക് പേസർമാരായിരുന്നു. ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് പേസ് ത്രയത്തിനു മുൻപിൽ ഇന്ത്യൻ മുൻ നിര തകർന്നടിയുന്ന കാഴ്ചയ്ക്കാണ് അന്ന് ഇന്ത്യൻ ആരാധകർ സാക്ഷ്യം വഹിച്ചത്.
പാക്കിസ്ഥാന്റെ ഇടംകൈ പേസർ ഷഹീൻ ഷാ അഫ്രീദിയുടെ ന്യൂ ബോൾ സ്‌പെൽ വിക്കറ്റ് നഷ്ടമില്ലാതെ മറികടക്കുക എന്നതാണ് ഇന്ത്യൻ ടോപ് ഓർഡറിന്റെ പ്രധാന ഉത്തരവാദിത്തം. ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടെ 4 ബാറ്റർമാരെ പുറത്താക്കിയ ഷഹീനാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.
ഇടംകൈ പേസർമാർക്കെതിരായ ഇന്ത്യൻ ടോപ് ഓർഡറിന്റെ സമീപകാല റെക്കോർഡുകൾ അത്ര മികച്ചതല്ല. 2019നു ശേഷം 22 ഇന്നിങ്‌സുകളിലായി 7 തവണയാണ് രോഹിത് ശർമ ഇടംകൈ പേസർമാർക്കു മുന്നിൽ വീണത്. ഇടംകൈ പേസർക്കെതിരായ രോഹിത്തിന്റെ ബാറ്റിങ് ശരാശരിയാവട്ടെ 22.71ഉം. വിരാട് കോലി കരിയറിൽ 228 ഇന്നിങ്‌സുകളിൽ 60 തവണയും മുട്ടുമടക്കിയത് ഇടംകൈ പേസർമാർക്കു മുന്നിലാണ്.
ടൂർണമെന്റിലെ ഏറ്റവും സന്തുലിതമായ ടീമാണ് നിലവിൽ പാക്കിസ്ഥാൻ. ബോളിങ്ങിലെ കരുത്തിലും ക്യാപ്റ്റൻ ബാബർ അസം നയിക്കുന്ന ബാറ്റർമാരുടെ ഫോമിലുമാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ. നേപ്പാളിനെതിരെ പോലും ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട ഇന്ത്യൻ ബോളിങ് പാക്ക് ബാറ്റർമാർക്ക് എങ്ങനെ വെല്ലുവിളി ഉയർത്തും എന്നതാണ് ചോദ്യം. എന്നാൽ, നേപ്പാളിനെതിരായ മത്സരത്തിൽ വിട്ടുനിന്ന പേസർ ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവ് ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകും.
മഴമൂലം ഇന്നത്തെ മത്സരം തുടങ്ങാൻ സാധിക്കാതെ വരികയോ പാതിയിൽ നിർത്തിവയ്ക്കുകയോ ചെയ്യേണ്ടിവന്നാൽ റിസർവ് ദിവസമായ നാളെ മത്സരം പുനരാരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ പാക്ക് മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തിലാണ് സൂപ്പർ ഫോർ മത്സരത്തിന് റിസർവ് ഡേ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ഇന്ത്യ പ്ലേയിങ് ഇലവൻ രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഷാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
പാക്കിസ്ഥാൻ പ്ലേയിങ് ഇലവൻ ഇമാം ഉൾ ഹഖ്, ഫഖർ സമാൻ, ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ, ഇഫ്തിഖർ അഹമ്മദ്, ആഗാ സൽമാൻ, ശതബ് ഖാൻ, ഫഹീം അഷറഫ്, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.
സ്പോർട്സ് ഡെസ്ക്